| Saturday, 11th February 2017, 3:37 pm

'പരാജയങ്ങള്‍ ഏറ്റുവാങ്ങാന്‍ ട്രംപിന്റെ ജീവിതം പിന്നെയും ബാക്കി': ട്രംപിന്റെ വിസാ നിരോധന ഉത്തരവിനെതിരെ മറ്റൊരു കോടതിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍:ഏഴു മുസ്‌ലീം രാഷ്ട്രങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിസാ നിരോധനം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റിന്റെ ഉത്തരവിനെതിരെ വീണ്ടും കോടതി വിധി. യു.എസ് ഫെഡറല്‍ കോടതി ഉത്തരവിന് പിന്നാലെയാണ് സാന്‍ഫ്രാന്‍സിസ്‌കോയിലെ യു.എസ് സര്‍ക്യൂട്ട് കോടതിയും സംസ്ഥാനങ്ങള്‍ക്കനുകൂലമായി വിധി പുറപ്പെടുവിച്ചത്. വാഷിംഗ്ടണും മറ്റു സംസ്ഥാനങ്ങളും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. സര്‍ക്കാരിനെതിരായ കോടതി വിധികളുടെ അടിസ്ഥാനത്തില്‍ യു.എസ് സുപ്രീം കോടതിയിലേക്ക് കേസ് എത്താനുള്ള സാഹചര്യമാണ് തെളിഞ്ഞിരിക്കുന്നത്.


Also read ലൈംഗിക ചുവയുള്ള പരാമര്‍ശം: മര്‍ക്കസ് ലോ കോളജ് വിദ്യാര്‍ഥിനി നല്‍കിയ കേസ് തള്ളമെന്നാവശ്യപ്പെട്ട് നൗഷാദ് അഹ്‌സനി നല്‍കിയ ഹര്‍ജി തള്ളി: പ്രത്യേക അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് 


ഇന്നലെ കീഴ്‌ക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി യു.എസ് അപ്പീല്‍കോടതിയും തള്ളിയിരുന്നു. കീഴ്‌ക്കോടതി വിധിയില്‍ ഇടപെടാനാകില്ലെന്ന നിരീക്ഷണത്തിലായിരുന്നു ഫെഡറല്‍ അപ്പീല്‍ക്കോടതിയുടെ വിധി. സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ നിരവധി സംസ്ഥാനങ്ങളായിരുന്നു യാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നത്. പുറത്ത് വന്ന കോടതി വിധികള്‍ എല്ലാം തന്നെ സര്‍ക്കാരിന് എതിരാണ്.

കോടതി വിധിക്കെതിരെ ആദ്യം മുതല്‍ തന്നെ പ്രസിഡന്റും പരസ്യമായി രംഗത്തെത്തിയിരുന്നു. കോടതിയുടെ പരാമര്‍ശങ്ങള്‍ വിഡ്ഢിത്തമാണെന്നും രാഷ്ട്രീയ പരമായാണ് കോടതികള്‍ ഇടപെടുന്നതെന്നും ആരോപിച്ചായിരുന്നു ട്രംപ് രംഗത്തെത്തിയത്. വിധികളെ നിയമപരമായി തന്നെ മറികടക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ കേസ് പരിഗണിക്കുന്ന കോടതികളെല്ലാം സര്‍ക്കാരിനെതിരായ വിധികളാണ് പുറപ്പെടുവിക്കുന്നതെന്നത് സര്‍ക്കാരിന് തിരിച്ചടിയാണ്.

കോടതി ഉത്തരവുകള്‍ മറികടക്കാന്‍ പുതിയ രൂപത്തില്‍ നിയമം കൊണ്ട് വരുമെന്ന് ട്രംപ് ഇന്ന് പ്രഖ്യാപിച്ചിരുന്നു. സുരക്ഷയുടെ കാര്യത്തില്‍ ഒട്ടും സമയം കളയാനില്ലെന്നും പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്നുമായിരുന്നു ട്രംപ് വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് സര്‍ക്കാരിനെതിരെ വീണ്ടും കോടതി വിധിയെത്തിയിരിക്കുന്നത്. ജനുവരി 27നായിരുന്നു ഇറാന്‍, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു.എസ് വിലക്കേര്‍പ്പെടുത്തിയത്.

Latest Stories

We use cookies to give you the best possible experience. Learn more