| Saturday, 21st April 2018, 3:11 pm

ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാനിപ്പോഴും കരുതുന്നു, നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യുമെന്ന്!

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡാര്‍ക്കാണ് സീന്‍. ജുഡീഷ്യറിയെപ്പോലെ പരമപ്രധാനമായൊരു സ്ഥാപനം പോലും സംശയനിഴലിലായിരിക്കുന്നു. ഏറ്റവും ഉന്നതനായ ജുഡീഷ്യല്‍ ഓഫീസറെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് പാര്‍ലമെന്റില്‍ പ്രമേയം വരുന്നത്രയ്ക്ക് ദുരന്തസമാന സാഹചര്യം. എന്നാല്‍ മൂടിക്കെട്ടിയ ഈ കാലത്തും ശുഭാപ്തി വിശ്വാസികളായിരിക്കാന്‍ തീരുമാനിച്ചാല്‍ സുഹൃത്തുക്കളേ, നിങ്ങള്‍ക്ക് അതിനുമുണ്ട് കാരണങ്ങള്‍.

ഒന്ന്

സ്വാതന്ത്ര്യം കൊടുത്താല്‍ ഇന്ത്യ കുട്ടിച്ചോറായിപ്പോകുമെന്ന് സായിപ്പന്മാര്‍ ആത്മാര്‍ഥമായി വിചാരിച്ചിരുന്നു. പിന്നീട് ബ്രിട്ടീഷ് പ്രധാനമന്ത്രിയായ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഇന്ത്യയെ ആ ദുരന്തത്തിന് വിട്ട് കൊടുക്കരുത് എന്ന് പ്രസംഗിച്ച് നടന്നയാളാണ്. 1930 ഡിസംബറില്‍ അദ്ദേഹം ലണ്ടനില്‍ ഇങ്ങനെ പ്രസംഗിച്ചു. “”ഈ ബ്രാഹ്മണന്മാരുടെ കയ്യിലേക്ക് ഇന്ത്യയെ ഉപേക്ഷിച്ച് നമ്മള്‍ പോകുന്നത് വലിയ തെറ്റാകും. ക്രൂരമായ ഉപേക്ഷയാകുമത്. അവിടെ പ്രാകൃതമായ തമ്മില്‍ തല്ല് നടക്കും. നമ്മളവര്‍ക്ക് ഉണ്ടാക്കിക്കൊടുത്ത സകല സംവിധാനങ്ങളും -ജുഡീഷ്യറി, മെഡിക്കല്‍, റെയില്‍വേ, പബ്ലിക് സര്‍വ്വീസ് – തകരും. അവര്‍ക്ക് അവയൊന്നും നടത്തിക്കൊണ്ട് പോകാനുള്ള ശേഷിയില്ല. നമ്മളുണ്ടാക്കിയ ഇന്ത്യ നൂറ്റാണ്ടുകള്‍ പിന്നിലുള്ള ക്രൂരകാലത്തേക്ക് വീണ്ടും വീണ് പോകും. അത് കൊണ്ട് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കൊടുക്കാനേ പാടില്ല.””

എന്നിട്ടെന്തായി. 17 കൊല്ലങ്ങള്‍ക്ക് ശേഷം ഇന്ത്യ സ്വാതന്ത്ര്യം പിടിച്ച് വാങ്ങി, ബ്രാഹ്മണന്മാരുടെ കയ്യിലേക്കായല്ല, എല്ലാവരെയും ഉള്‍ക്കൊള്ളണമെന്നാഗ്രഹിക്കുന്ന ജനാധിപത്യസംവിധാനത്തിലേക്ക്.(അതിന് അതിന്റെ പരിമിതികളും കുഴപ്പങ്ങളും ഇല്ലെന്നല്ല ). അമ്പത്താറിഞ്ച് മസില്‍മാന്മാര്‍ വന്ന് ഇടിച്ച് തകര്‍ക്കാന്‍ ശ്രമിച്ചാലും എളുപ്പത്തില്‍ തകരാത്തൊരു ഭരണഘടന ഉണ്ടാക്കി വെച്ചു. അതിന്റെ അടിസ്ഥാനത്തില്‍ സായിപ്പന്മാര്‍ ഉണ്ടാക്കിയതിനെക്കാള്‍ മെച്ചപ്പെട്ട തോതില്‍ മേല്‍പ്പറഞ്ഞ സംവിധാനങ്ങളെ ഉഷാറാക്കി. ഇങ്ങേയറ്റത്ത് കോട്ടിന്റെ മേല്‍ സ്വന്തം പേരെഴുതി വെച്ച് യാത്ര ചെയ്യുന്ന പ്രധാനമന്ത്രിക്ക് പോലും നാടിന്റെ പേരില്‍ വിദേശങ്ങളില്‍ ഊഷ്മളമായ സ്വീകരണം കിട്ടാന്‍ കാരണമാകുന്നത്രയ്ക്ക് ഉജ്ജ്വലമായൊരു രാജ്യമായി. ഇപ്പോള്‍ തകരും എന്ന് അകത്തുള്ളവരും പുറത്തുള്ളവരുംകരുതിയ, അങ്ങനെ കരുതാന്‍ നൂറായിരം ശരിയായ കാരണങ്ങളുണ്ടായിട്ടും തകരാതെ നിലനിന്ന ഒരു നാടാണിത്്. അതിനെ തകര്‍ക്കാന്‍, ഇപ്പോഴത്തെ തോന്ന്യാസങ്ങള്‍ എത്ര വലുതാണെങ്കിലും, അത് കൊണ്ട് സാധിക്കുമെന്ന് വിചാരിക്കാതിരിക്കാനും കാരണങ്ങളുണ്ട്.


ALSO READ: നന്നാക്കല്‍ പെണ്ണുങ്ങളെ മാത്രം മതിയോ ? ആങ്ങളമാരോട് ഒരു ചോദ്യം


എന്ന് വെച്ചാല്‍, വേറൊരു തരം നാടാണ് എന്ന്.

രണ്ട്.

ഹോമോ സോവിയറ്റിക്കസ് എന്നൊരു സാമൂഹ്യശാസ്ത്രപരമായ വിളിപ്പേരുണ്ട് റഷ്യന്‍ പൗരര്‍ക്ക്. Homo Sovieticus (Latin for “Soviet Man”) is a sarcastic and critical reference to an average conformist person in the Soviet Union എന്ന് വിക്കിപീഡിയയില്‍. രാഷ്ട്രീയമായ ഒരു കാര്യവും തങ്ങളുടെ ഉത്തരവാദിത്തമല്ല എന്ന് വിചാരിക്കുന്ന തരം പൗരരായിരുന്നു അവിടെ എന്നാണ് ആ അഭിപ്രായമുള്ള സാമൂഹ്യശാസ്ത്രജ്ഞര്‍ പറയുന്നത്. അലസമായൊരു ജനത. തങ്ങള്‍ക്ക് പുറത്തുള്ള ലോകവുമായോ പുതിയ ആശയങ്ങളുമായോ യാതൊരു അടുപ്പവും ഇല്ലാത്തവര്‍. ഭരണകൂടം എല്ലാം ചെയ്ത് കൊള്ളും നമ്മള്‍ അവയ്ക്ക് വഴങ്ങി ജീവിച്ചാല്‍ മതി എന്ന് കരുതുന്നവര്‍. ദശകങ്ങള്‍ നീണ്ട കമ്മ്യൂണിസ്റ്റ് ഭരണത്തിന് ശേഷം അക്കാലത്തെക്കാള്‍ മോശമായ ഭരണകര്‍ത്താക്കള്‍ക്ക് വഴങ്ങാന്‍ ആ ജനതയ്ക്ക് കാരണമാകുന്നത് ഈ ഹോമോ സോവിയറ്റിക്കസ് സ്വഭാവമാണെന്ന് വാദിക്കുന്നവരുണ്ട്. ആ ക്യാരക്ടറിസ്റ്റിക്സ് അങ്ങനെ തന്നെ പുതിയ കാലത്തും നിലനില്‍ക്കുന്നത് കൊണ്ടാണ് ജനാധിപത്യം എന്ന് വിളിക്കപ്പെടുമ്പോഴും അവിടം ഏകാധിപത്യസമാനമായ ഭരണത്തിന് കീഴില്‍ ഇപ്പോഴും ആയിരിക്കുന്നത് എന്ന്. അത് കൊണ്ടാണ് തുടര്‍ച്ചയായി ഇപ്പോഴത്തെ, മിലിറ്ററി ബാക് ഗ്രൗണ്ടുള്ള ഭരണാധികാരി തെരഞ്ഞെടുക്കപ്പെടുന്നത് എന്ന്. ഇല്ലായ്മകള്‍ പലതുണ്ടെങ്കിലും ജനരോഷമോ പ്രതിഷേധ മാര്‍ച്ചുകളുടെയോ വാര്‍ത്തകള്‍ അന്നാട്ടില്‍ നിന്ന് വന്ന് കാണാത്തത് എന്ന്.

ഇത് പൂര്‍ണമായി ശരിയാണോ എന്ന് എനിക്ക് അറിയില്ല. ആ പൗരര്‍ അങ്ങനത്തെ ആളുകളാണോ അല്ലയോ എന്നത് മാറ്റി വെക്കുക, അത് നമ്മുടെ വിഷയമല്ല. ആ ഹോമോ സോവിയറ്റിക്കസ് എന്ന പ്രയോഗം വെച്ച് ഇന്ത്യന്‍ പൗരരെ ഹോമോ ഇന്‍ഡിക്കസ് എന്ന മട്ടില്‍ ഒന്ന് സങ്കല്‍പ്പിച്ച് നോക്കുക. എന്താണ് ഇന്നാട്ടുകാരുടെ ക്യാരക്ടറിസ്റ്റിക്സ്. നിശ്ചയമായും അത് ഭരണകൂടങ്ങള്‍ക്ക് എക്കാലവും വഴങ്ങി നില്‍ക്കുന്ന ഒന്നല്ല എന്ന് കാണാനാകും. അത്യസാധാരണമാം വിധം നാനാത്വമുള്ള ജനതയാണ്. ഒട്ടും സാധാരണമല്ലാത്ത രാഷ്ട്രീയ തെരഞ്ഞെടുപ്പുകള്‍ നടത്തിയവര്‍, നടത്തിയ തെരഞ്ഞെടുപ്പുകളെ റദ്ദാക്കിയവര്‍, അനേകം രാഷ്ട്രീയപാര്‍ട്ടികളുടെ ഉദയത്തിന് കാരണക്കാരായവര്‍, അനേകപാര്‍ട്ടികള്‍ ഇല്ലാതാക്കിയവരും. വാഴ്ത്തിയവരെ തന്നെ പടുകുഴിയിലേക്ക് വീഴ്ത്തിയവര്‍. ഇനി പ്രതിരോധമില്ല എന്ന് നിരീക്ഷകര്‍ ഉറപ്പാക്കുന്ന കാലത്ത് ഒട്ടും ശക്തരല്ലാത്ത സംഘങ്ങളുടെ നേതൃത്വത്തില്‍ തലസ്ഥാനങ്ങളിലേക്ക് ലോംഗ് മാര്‍ച്ചുകള്‍ നടത്തി ഭരിക്കുന്നവരെ ഞെട്ടിക്കാന്‍ ശേഷിയുള്ളവര്‍. ഏറ്റവും താഴെയുള്ളവര്‍ എന്ന് നിസ്സാരീകരിക്കപ്പെട്ടിരുന്ന ദളിത് രാഷ്ട്രീയസംഘങ്ങള്‍ പെട്ടെന്ന് രാഷ്ട്രീയശക്തികളായി ഏറ്റവും മുന്നില്‍ പോരാടാനെത്തുന്നതും കാണുമ്പോള്‍ നമുക്ക് വീണ്ടും മനസ്സിലാകും,

വേറൊരു തരം ജനതയുമാണ് ഇവിടത്തേത് എന്ന്


MUST READ: യേശുവിനൊപ്പം സ്വര്‍ഗത്തില്‍ ചുറ്റിക്കറങ്ങിയെന്ന് യുവതി: ഇതെന്തൊരു തള്ളെന്ന് സോഷ്യല്‍ മീഡിയ


മൂന്ന്.

റഷ്യയിലിപ്പോള്‍ യുണൈറ്റഡ് റഷ്യ എന്ന വ്‌ളാഡിമിര്‍ പുതിന്റെ പാര്‍ട്ടിയേയുള്ളൂ. ഇല്ലാ എന്നല്ല, കമ്മ്യൂണിസറ്റ് പാര്‍ട്ടി അടക്കമുള്ളവയുണ്ട്. എന്നാല്‍ അവയ്ക്കൊക്കെ അടയാളപരമായ നിലനില്‍പ്പേയുള്ളൂ. സഭയിലാകെയുള്ള 450 സീറ്റുകളില്‍ 340 ഉം യുണൈറ്റഡ് റഷ്യയുടെതാണ്. പോള്‍ ചെയ്യപ്പെട്ടതില്‍ 75. 56 ശതമാനം വോട്ടും പുതിന്റെ പാര്‍ട്ടിക്കാണ്. യുണൈറ്റഡ് റഷ്യയാണ് ഹാമോ സോവിയറ്റിക്കസ് ഇപ്പോള്‍ വഴങ്ങുന്ന പാര്‍ട്ടി. അതിനെ ചോദ്യം ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്താനുള്ള അവകാശം പോലും മറ്റ് സംഘങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്നാണ് അവിടെ നിന്നുള്ള വിവരം. തുര്‍ക്കിയിലേക്ക് നോക്കുക. മറ്റൊരു ഏകാധിപത്യരാജ്യമാണത്. അവിടെ എര്‍ദോഗന്റെ പാര്‍ട്ടിയാണ് പാര്‍ട്ടി. ദേശീയ അസംബല്‍യിലെ 550 സീറ്റുകല്‍ 316 ഉം അവര്‍ക്കാണ്. വേറെ പാര്‍ട്ടികളൊക്കെയുണ്ട്. പക്ഷെ അവയ്ക്ക് ഇനിയങ്ങോട്ട് പ്രസക്തി എങ്ങനെയാണ് എന്ന് കാത്തിരുന്ന് കാണണം. തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന എര്‍ദോഗന്‍ ആ ജനാധിപത്യത്തെ കൊന്ന് പ്രസിഡന്‍ഷ്യല്‍ ഭരണത്തിലേക്ക് രാജ്യത്തെ കൊണ്ട് പൊയ്ക്കഴിഞ്ഞു.

ലോകത്തെവിടെയാണെങ്കിലും അതിശക്തരായ ഒറ്റപ്പാര്‍ട്ടി(പ്രത്യേകിച്ചും വലതുപക്ഷം) വന്നാല്‍ മറ്റുള്ളവരുടെ കാര്യം കട്ടപ്പൊകയാണ്. അത് മനസ്സിലാക്കാന്‍ മാത്രം ശേഷിയുള്ള സംഘങ്ങളാകുമല്ലോ, ആ ആളെണ്ണം താരതമ്യേന കുറഞ്ഞ പാര്‍ട്ടികള്‍ തന്നെയും. അവര്‍ ആ അപകടത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്നത് കാണുന്നില്ലേ. കടുത്ത ശത്രുക്കള്‍ പോലും ഒന്നിച്ച് നില്‍ക്കാന്‍ ശ്രമിക്കുന്നത് കാണുന്നില്ലേ. സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും തമ്മിലെ സഖ്യം നേരത്തെ ആരെങ്കിലും ചിന്തിച്ചിരുന്ന കാര്യമാണോ. സി.പി.ഐ.എമ്മിനെ നോക്കുക, അപ്രസക്തരെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ആ കൂട്ടര്‍ ലോംഗ് മാര്‍ച്ച് നടത്തി നാട്ടിനെ ഞെട്ടിച്ചു. വന്‍ വഴക്കെന്ന് വിശേഷിപ്പിക്കപ്പെട്ട ആശയസമരത്തിനൊടുവില്‍ നേതാക്കള്‍ മുന്നോട്ട് പോക്കിനായി സമവായത്തിലെത്തുന്നു. മടിയന്മാരായ കോണ്‍ഗ്രസ്സുകാര്‍ പാതിരാത്രിക്ക് എഴുന്നേറ്റും പ്രകടനം നടത്താന്‍ പോകുന്നു. എന്ത് കൊണ്ടാകും . അവരവരുടെ അതിജീവനമാണ് ഇല്ലാതാകാന്‍ പോകുന്നത് എന്ന ഗൗരവത്താലാണ്്. വലിയ തമ്മില്‍ തല്ലുകള്‍ക്കിടയിലും അസാധാരണ സഖ്യങ്ങള്‍ക്കുള്ള പിടച്ചിലുകള്‍ നമ്മള്‍ കാണുന്നത് ചുമ്മാതല്ല.

എന്ന് വെച്ചാല്‍. സംഘപരിവാരം അല്ല ഇന്നാട്ടിലെ ഏറ്റവും വലിയ രാഷ്ട്രീയസംഘം, അതിനെ എതിര്‍ക്കുന്നവരുടേതാണ് എന്ന്.


ALSO READ: ഇന്ത്യയില്‍ മുസ്‌ലിം സ്ത്രീ വെറുമൊരു ‘മാംസശരീരം’; മുത്തലാഖിനുവേണ്ടി മഞ്ജുവാര്യരുടെയും ലിസിയുടെയും സരിതയുടെയും പട്ടികയുണ്ടാക്കുന്നത് പരിഹാസ്യം: ഖദീജ മുംതാസ്


നാല്

ലോകം എന്നും ഒറ്റയിടത്ത് നില്‍ക്കുന്ന ഒന്നല്ല. ആശയങ്ങള്‍ മാറി മാറി വരും.””There”s always been a cycle for liberalism, intellectualism and populism,” he says. “I think the cycle has turned around the world. Here was somebody who was speaking the language the populists believe in, and maybe now is the time for that populist point of view.” എന്ന് ഷാരൂഖ് ഖാന്‍ ഗാര്‍ഡിയന്‍ അഭിമുഖത്തില്‍. ആകുലതകള്‍ക്കിടയിലും ഷാരൂഖ് ഖാന് ശുഭാപ്തിവിശ്വാസമുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ ഫാനാണ്. ഇക്കാര്യത്തില്‍ ഞാനദ്ദേഹത്തെ വിശ്വസിക്കുന്നു, കാലം തിരിഞ്ഞ് വരുമെന്ന് വിശ്വസിക്കുന്നു.

അഞ്ച്

എന്നാല്‍ ഒരു ഇല മറിച്ചിടണമെങ്കില്‍ പോലും ഏതെങ്കിലും നിലയ്ക്കുള്ള ബലപ്രയോഗം ആവശ്യമാണ് എന്ന കണക്കില്‍ ഈ മാറ്റങ്ങള്‍ വരാന്‍ അവനവന് ആവും വിധത്തില്‍ നമ്മള്‍ പണിയെടുക്കേണ്ടതുണ്ട് എന്നും ഞാന്‍ വിചാരിക്കുന്നു. ഓരോ ഘട്ടത്തിലും രാഷ്ട്രീയം പറയുക എന്നത് ഇക്കാലത്തിന്റെ ആവശ്യമാണ് എന്നും വിചാരിക്കുന്നു. ആവുന്നയിടത്ത്, ആവുന്ന ഭാഷയില്‍, ആവുന്നത്ര ആളുകളോട്. ആ പണിയുടെ എന്നാലാവുന്ന ഭാഗമെന്ന് കണക്കാക്കി, ഡീപ് ഇന്‍ മൈ ഹാര്‍ട്, ഐ ഡു ബിലീവ് , വീ ഷാല്‍ ഓവര്‍കം എന്ന് വിചാരിച്ച് ഞാനിതെഴുതി നിര്‍ത്തുന്നു.

ഇത്രയും വായിച്ചവര്‍ക്ക് നന്ദി. :)

We use cookies to give you the best possible experience. Learn more