എന്റെ സ്വഭാവവുമായി സാമ്യമുള്ള ഒറ്റ കഥാപാത്രമേ ഞാന്‍ ചെയ്തിട്ടൂള്ളൂ, അത് ആ ചിത്രത്തിലാണ്: സാന്ദ്രതോമസ്
Entertainment news
എന്റെ സ്വഭാവവുമായി സാമ്യമുള്ള ഒറ്റ കഥാപാത്രമേ ഞാന്‍ ചെയ്തിട്ടൂള്ളൂ, അത് ആ ചിത്രത്തിലാണ്: സാന്ദ്രതോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 16th May 2024, 6:59 pm

നിര്‍മാതാവ്, നടി എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതയാണ് സാന്ദ്രതോമസ്. തന്റെ സ്വഭാവവുമായി ബന്ധമുള്ള ഒറ്റ കഥാപാത്രമേ താന്‍ ചെയ്തിട്ടുള്ളൂ എന്നും അത് ആമേനിലായിരുന്നു എന്നും പറയുകയാണിപ്പോള്‍ സാന്ദ്ര തോമസ്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ബാക്കിയെല്ലാം തനിക്ക് ഒട്ടും പരിചയമില്ലാത്ത കഥാപാത്രങ്ങളായിരുന്നു ചെയ്തതെന്നും അവര്‍ പറയുന്നു. ചില കഥാപാത്രങ്ങള്‍ ചെയ്തത് നിര്‍മാതാവെന്ന നിലയില്‍ പണം ലാഭിക്കാന്‍ വേണ്ടിയായിരുന്നു എന്നും സാന്ദ്ര അഭിമുഖത്തില്‍ പറയുന്നു.

‘ടൈം പാസിനല്ല, കാശ് ലാഭിക്കാനാണ് ഞാന്‍ ചില സിനിമകളിലൊക്കെ അഭിനയിച്ചത്. വലുതായിക്കഴിഞ്ഞ് അഭിനയിച്ചതൊക്കെ നിര്‍മാതാവെന്ന നിലയില്‍ കാശ് ലാഭിക്കാന്‍ വേണ്ടിയാണ്. അല്ലെങ്കില്‍ എനിക്ക് എന്റെ എല്ലാ സിനിമകളിലും അഭിനയിക്കാമായിരുന്നല്ലോ. അങ്ങനെ ചെയ്തിട്ടില്ല.

നമ്മുടെ പടത്തില്‍ തന്നെ, ചെറിയ കഥാപാത്രമായിരിക്കും എന്നാല്‍ അത് പ്രധാനപ്പെട്ടതുമായിരിക്കും. അതിന് ഒരു ആക്ടര്‍നെ കണ്‍വീന്‍സ് ചെയ്ത് കൊണ്ടുവരിക എന്നത് ബുദ്ധിമുട്ടായിരിക്കും. അങ്ങനെ വരുമ്പോള്‍ സംവിധായകന്‍ തന്നെ ചോദിക്കും ആ കഥാപാത്രം ചെയ്യാമോ എന്ന്. പത്ത് വട്ടം ആലോചിച്ചിട്ടാണ് അത്തരം കഥാപാത്രങ്ങളൊക്കെ ചെയ്തിട്ടുള്ളത്.

എന്റെ സ്വഭാവവുമായി സാമ്യമുള്ള ഒറ്റ കഥാപാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ, അത് ആമേനിലാണ്. ബാക്കിയെല്ലാം എനിക്ക് ഒരു പരിചയവുമില്ലാത്ത കഥാപാത്രങ്ങളെയാണ് ഞാന്‍ ചെയ്തിട്ടുള്ളത്. സക്കറിയയുടെ ഗര്‍ഭിണികളിലൊക്കെ സംവിധായകന്‍ ശരിക്കും ബുദ്ധിമുട്ടിയിട്ടുണ്ട്.

ആ കഥാപാത്രം ഭയങ്കര ഭാരവുമായി നടക്കുന്ന സത്രീയാണ്. ചിരിച്ച് കൊണ്ട് ഭര്‍ത്താവിനെ വിഷം കൊടുത്തു കൊല്ലുന്ന കഥാപാത്രമാണല്ലോ അത്. ഞാനങ്ങനയേ അല്ലല്ലോ. ഞാന്‍ വിഷം കൊടുക്കുകയാണെങ്കില്‍ ഇന്നാ… വിഷം എന്ന് പറഞ്ഞ് കൊടുക്കുന്ന ആളാണ്(ചിരിക്കുന്നു),’ സാന്ദ്ര തോമസ് പറഞ്ഞു.

content highlights: Sandra Thomas talks about role in Amen