Cinema
പുതിയ ബദല്‍ സിനിമാ സംഘടനയിലേക്ക് തത്കാലം ഞാനില്ല; ആശയങ്ങളുമായി യോജിക്കുന്നു: സാന്ദ്ര തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 17, 05:23 am
Tuesday, 17th September 2024, 10:53 am

മലയാളത്തിലെ സിനിമാ സംഘടനകള്‍ക്ക് ബദലായി രൂപീകരിക്കുന്ന പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനിലേക്ക് തത്കാലം താനില്ലെന്ന് പറഞ്ഞ് നിര്‍മാതാവ് സാന്ദ്ര തോമസ്.

തന്റെ സംഘടനയില്‍ നിന്ന് ഫൈറ്റ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും താന്‍ എല്ലാ നിര്‍മാതാക്കള്‍ക്കും വേണ്ടിയാണ് സംസാരിക്കുന്നതെന്നും സാന്ദ്ര പറയുന്നു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു സാന്ദ്ര തോമസ്.

‘ഞാന്‍ ആ സംഘടനയിലേക്ക് ഇല്ലായെന്നല്ല പറയുന്നത്. നീതി കിട്ടാതെ വരുമ്പോഴാണ് ഇതുപോലെയുള്ള ബദല്‍ സംഘടനകള്‍ രൂപീകരിക്കപ്പെടുന്നത്. അവര്‍ക്ക് പലതിനും നീതി കിട്ടാത്തത് കൊണ്ടോ കുറച്ച് പേരില്‍ മാത്രം അധികാരം ചുരുങ്ങി പോയത് കൊണ്ടോ ആകാം ഇവിടെ ഇങ്ങനെയൊരു ബദല്‍ സംവിധാനം വരുന്നത്.

തത്കാലം ഞാന്‍ അതിലേക്കില്ല എന്നുമാത്രമാണ് ഞാന്‍ പറയുന്നത്. എന്റെ സംഘടനയില്‍ നിന്നിട്ട് തന്നെ ഫൈറ്റ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. കാരണം ഞാന്‍ എല്ലാ നിര്‍മാതാക്കള്‍ക്കും വേണ്ടിയാണ് സംസാരിക്കുന്നത്. പെട്ടെന്ന് അത് ഇട്ടേച്ചു പോകാനോ പുതിയ സംഘടനയില്‍ ചേരാനോ ഞാന്‍ തയ്യാറല്ല.

എന്നാല്‍ അവരുടെ ആശയങ്ങളുമായി ഞാന്‍ യോജിക്കുന്നു. അവര്‍ പറയുന്ന കാര്യങ്ങളൊക്കെ ഇവിടെയുള്ള എല്ലാ സംഘടനകള്‍ക്കും ചെയ്യാനാകുന്ന കാര്യമാണ്. പക്ഷെ എന്തുകൊണ്ടോ അല്ലെങ്കില്‍ അവരുടെ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് അത് നടക്കാതെ പോകുകയാണ്,’ സാന്ദ്ര തോമസ് പറഞ്ഞു.

ചലച്ചിത്രമേഖലയിലെ പുരോഗമന കാഴ്ച്ചപാടുള്ള പ്രവര്‍ത്തകരുടെ കൂട്ടായമയാണ് പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്‍. മലയാളത്തിലെ സിനിമാ സംഘടനകള്‍ക്ക് ബദലായി ഒരുങ്ങുന്ന പുതിയ സംഘടനയാണ് ഇത്.

അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരുടെ പേരില്‍സംവിധായകന്‍ അനുരാഗ് കശ്യപ് ആയിരുന്നു ഇതിന്റെ സര്‍ക്കുലര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. രാജീവ് രവി, ആഷിഖ് അബു, റീമ കല്ലിങ്കല്‍, ബിനീഷ് ചന്ദ്ര എന്നിവരും സംഘടനയില്‍ അംഗങ്ങളാകും.

Content Highlight: Sandra Thomas Talks About Progressive Filmmakers Association