| Wednesday, 28th December 2022, 10:51 pm

സര്‍ബത്ത് ഷമീര്‍ ചെയ്യാനായിരുന്നു ജയേട്ടന് ഇഷ്ടം, മിഥുന്റെ ബുദ്ധിയാണ് ഷാജി പാപ്പനിലേക്ക് എത്തിച്ചത്: സാന്‍ഡ്ര തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ജനപ്രിയ സിനിമകളില്‍ ഒന്നാണ് ജയസൂര്യ നായകനായ ആട്. സിനിമയുടെ കഥയും കഥാപാത്രങ്ങളുമെല്ലാം വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. സിനിമയിലെ ഷാജി പാപ്പന്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചത്. എങ്ങനെയാണ് ആ കഥാപാത്രത്തിലേക്ക് ജയസൂര്യ എത്തിയതെന്ന് പറയുകയാണ് നടിയും ആടിന്റെ നിര്‍മാണ പങ്കാളിയുമായ സാന്‍ഡ്ര തോമസ്.

സിനിമയിലെ മറ്റൊരു കഥാപാത്രമായ സര്‍ബത്ത് ഷമീര്‍ ചെയ്യാനായിരുന്നു ജയസൂര്യ ആഗ്രഹിച്ചിരുന്നതെന്നും പിന്നീട് സംവിധായകന്‍ മിഥുന്റെ ബുദ്ധിയാണ് അദ്ദേഹത്തെ ഷാജി പാപ്പനിലേക്ക് എത്തിച്ചതെന്നും സാന്‍ഡ്ര പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് സാന്‍ഡ്ര തോമസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘കഥ മുഴുവനും കേട്ടപ്പോള്‍ ജയേട്ടന്‍ ചെയ്യാന്‍ ആഗ്രഹിച്ച കഥാപാത്രം സര്‍ബത്ത് ഷമീറായിരുന്നു. ശരിക്കും പറഞ്ഞാല്‍ നമ്മള്‍ ഷോര്‍ട്ട് ഫിലിമാണ് ആദ്യം ചെയ്യാനിരുന്നത്. അപ്പോള്‍ വിജയ്‌യായിരുന്നു ഷാജി പാപ്പന്‍ ചെയ്യാനിരുന്നത്. പിന്നീട് ഞങ്ങള്‍ ജയേട്ടന്റെ അടുത്ത് ചെന്ന് സിനിമയുടെ കഥ പറഞ്ഞു.

മിഥുന്‍ കഥ പറഞ്ഞ് കഴിഞ്ഞപ്പോള്‍ ജയേട്ടന്‍ ചോദിച്ചു സര്‍ബത്ത് ഷമീര്‍ ആരാണ് ചെയ്യുന്നതെന്ന്. അപ്പോള്‍ മിഥുന്‍ പറഞ്ഞു വിജയ് യാണ് ചെയ്യുന്നതെന്ന്. അപ്പോള്‍ ജയേട്ടന് തോന്നി ഇനി അതെങ്ങാനും വലിയ കഥാപാത്രമാണോ എന്ന്. അങ്ങനെ ഒരു സംശയം ഏട്ടന് തോന്നിയിരുന്നു. അതാണോ സര്‍ബത്ത് ഷമീര്‍ ചെയ്യാമെന്ന് പറഞ്ഞതിന്റെ കാരണമെന്ന് എനിക്കറിയില്ല.

അങ്ങനെ ആണെങ്കില്‍ ഞാന്‍ സര്‍ബത്ത് ഷമീര്‍ ചെയ്യാമെന്ന് ജയേട്ടന്‍ പറഞ്ഞു. അപ്പോള്‍ ബുദ്ധിപരമായി മിഥുന്‍ പറഞ്ഞു ഞാന്‍ ഒന്നുംകൂടി ഈ സിനിമ റീ വര്‍ക്ക് ചെയ്തിട്ട് കൊണ്ടുവരാമെന്ന്. കുറച്ച് കൂടി ഷാജി പാപ്പന്‍ എന്ന കഥാപാത്രത്തെ റീ വര്‍ക്ക് ചെയ്യാനുണ്ട്. എന്തായാലും ചേട്ടന്‍ തന്നെയാണ് ആ കഥാപാത്രത്തിന് ചേരുന്നതെന്നും മിഥുന്‍ പറഞ്ഞു.

ഒരാഴ്ച കഴിഞ്ഞ് മിഥുന്‍ വീണ്ടും ജയേട്ടന്റെ അടുത്ത് ചെന്നു. അതേ കഥ തന്നെ വീണ്ടും പറഞ്ഞു. ഒടുവില്‍ ജയേട്ടന്‍ ഷാജി പാപ്പനാകാന്‍ സമ്മതിച്ചു. സെയിം കഥ വീണ്ടും കേട്ടപ്പോള്‍ ജയേട്ടന്‍ ഡബിള്‍ ഓക്കെ പറഞ്ഞു. ഈ ഇന്റര്‍വ്യു കണ്ടു കഴിയുമ്പോള്‍ ജയേട്ടന്‍ മിക്കവാറും എന്നെ കൊല്ലും,’ സാന്‍ഡ്ര തോമസ് ചിരിച്ചുകൊണ്ട് പറഞ്ഞു.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ സിനിമയാണ് ആട്. ജയസൂര്യക്ക് പുറമെ വിജയ് ബാബു, ഇന്ദ്രന്‍സ്, സണ്ണി വെയ്ന്‍, ഷൈജു കുറുപ്പ് തുടങ്ങിയവരും സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തിയേറ്ററില്‍ സിനിമ പരാജയമായിരുന്നുവെങ്കിലും പിന്നീട് പ്രേക്ഷകര്‍ സിനിമ ഏറ്റെടുത്തു.

content highlight: sandra thomas talks about jayasurya and his character shaji pappan

We use cookies to give you the best possible experience. Learn more