| Saturday, 9th November 2024, 9:19 am

ബോധപൂര്‍വമായ നീക്കം, അത് എനിക്കിട്ടുള്ള പണി ആയിരുന്നില്ല; ഷെയിന്‍ നിഗത്തിനുള്ള പണി: സാന്ദ്ര തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈയിടെ ആയിരുന്നു നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിനെ പുറത്താക്കിയത്. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇപ്പോള്‍ ഫിയോക്കിന് എതിരെ താന്‍ പരാതി കൊടുക്കാന്‍ ഉണ്ടായ സാഹചര്യത്തെ കുറിച്ച് പറയുകയാണ് സാന്ദ്ര.

ഷെയിന്‍ നിഗം നായകനായ ലിറ്റില്‍ ഹാര്‍ട്ട്‌സ് എന്ന തന്റെ സിനിമ ഫിയോക്കിന് കൊടുക്കാന്‍ പറയുന്നത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നായിരുന്നെന്നും എന്നാല്‍ ഫിയോക്കിന് കൊടുത്ത ശേഷം കൃത്യമായ ഡിസ്ട്രിബ്യൂഷന്‍ ഉണ്ടായിട്ടില്ലെന്നും സാന്ദ്ര പറയുന്നു.

അവരുടെ ഭാഗത്ത് നിന്ന് ബോധപൂര്‍വമുണ്ടായ ഒരു നീക്കമായിരുന്നു അതെന്നും അതിന്റെ കാരണം പൊലീസ് അന്വേഷിക്കുകയാണെന്നും സാന്ദ്ര തോമസ് പറഞ്ഞു. ഇതൊന്നും തനിക്കുള്ള പണി ആയിരുന്നില്ലെന്നും നടന്‍ ഷെയിന്‍ നിഗത്തിനുള്ള പണി ആയിരുന്നെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാന്ദ്ര തോമസ്.

‘സിനിമ നല്ല രീതിയില്‍ ജനങ്ങളിലേക്ക് എത്തട്ടെ എന്നുകരുതിയായിരുന്നു ഞാന്‍ ലിറ്റില്‍ ഹാര്‍ട്ട്‌സ് എന്ന പടം ഫിയോക്കിന് കൊടുക്കുന്നത്. പക്ഷെ സിനിമ റിലീസായ അന്ന് തന്നെ പണി പാളിയെന്ന് മനസിലായിരുന്നു. അവരുടെ ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം വളരെ മോശമായിരുന്നു. പ്രോപ്പര്‍ ഷോ ടൈം ഉണ്ടായിരുന്നില്ല. മേജര്‍ സിറ്റികളിലൊന്നും സിനിമ ഉണ്ടായിരുന്നില്ല.

എല്ലാവരും വിളിച്ചിട്ട് പടമില്ലേയെന്ന് ചോദിക്കാന്‍ തുടങ്ങി. ഇനി സിനിമയുള്ള സ്ഥലത്ത് തന്നെ ഒരു ഷോ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാവിലെ ഒമ്പത് മണിക്കായിരുന്നു അത്. ആദ്യ ആഴ്ചയില്‍ തന്നെ ഇതാണ് അവസ്ഥ. രണ്ടാമത്തെ ആഴ്ച കൂടുതല്‍ ഷോ കിട്ടുമെന്നാണ് എന്നോട് അവര് പറയുന്നത്. എന്നാല്‍ രണ്ടാമത്തെ ആഴ്ച ആയപ്പോഴേക്കും ആദ്യ ഉണ്ടായിരുന്നതിന്റെ പകുതിയുടെ പകുതി പോലും ഷോ ഇല്ലായിരുന്നു.

അതുകണ്ട് ഞാന്‍ ആകെ ഷോക്കായി. തിയേറ്റര്‍ ലിസ്റ്റ് ചോദിച്ച് വിളിച്ചിട്ട് അത് തന്നിരുന്നില്ല. അവസാനം പൈസ അടക്കേണ്ട ദിവസം ബാങ്ക് അടക്കുന്നതിന്റെ തൊട്ടുമുമ്പാണ് അവര് എത്ര രൂപ അടക്കണമെന്നൊക്കെ പറയുന്നത്. അവസാനം ഞാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ ആളുകളെയും ഫിയോക്കിന്റെ ചെയര്‍മാനെയും വിളിച്ചു.

തൊട്ടടുത്ത ദിവസം കരഞ്ഞു കൊണ്ടാണ് ഞാന്‍ സുരേഷ് ഗോപി ചേട്ടനെ വിളിക്കുന്നത്. വിഷമിക്കാതിരിക്കു, നോക്കട്ടേ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സുരേഷേട്ടന്‍ പി.വി.ആറിലൊക്കെ വിളിച്ചു. പിന്നീടാണ് ഞാന്‍ പരാതി കൊടുക്കുന്നത്. ജൂണ്‍ ഏഴാം തീയതി ആയിരുന്നു ലിറ്റില്‍ ഹാര്‍ട്ട്‌സ് സിനിമ ഇറങ്ങിയത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ ഈ കാര്യങ്ങളൊക്കെ പറഞ്ഞിട്ട് ഞാന്‍ പരാതി കൊടുക്കുന്നത് 13ാം തീയതിയാണ്.

എന്റെ ആ പടത്തിന് ഒരു സ്ഥലത്തും പോസ്റ്റര്‍ ഒട്ടിച്ചിരുന്നില്ല. അവസാനം ഞാന്‍ ലിറ്റില്‍ ഹാര്‍ട്ട്‌സ് സിനിമയുടെ പോസ്റ്റര്‍ കണ്ടവരുണ്ടോയെന്ന് ചോദിച്ചിട്ട് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പോലുമിട്ടു. ഒരു സിനിമ ഇറങ്ങുമ്പോള്‍ എല്ലാ തിയേറ്ററിലും ഫ്‌ളക്‌സ് അടിച്ചു കൊടുക്കാറുണ്ട്. നമ്മുടെ സിനിമക്ക് ഈ ഫ്‌ളക്‌സ് എവിടെയും വെച്ചിരുന്നില്ല.

ആളുകള്‍ തിയേറ്ററില്‍ വരുമ്പോള്‍ അങ്ങനെയൊരു പടം അവിടെ ഓടുന്നുണ്ടെന്ന് അറിയാന്‍ ഫ്‌ളക്‌സ് കാണണമല്ലോ. ഡിസ്ട്രിബ്യൂഷന്‍ മര്യാദക്ക് ചെയ്താല്‍ അല്ലേ ഒരു സിനിമ ആളുകള്‍ കാണുകയുള്ളൂ. ആളുകള്‍ പടം കണ്ടിട്ട് ഇഷ്ടമായില്ലെങ്കില്‍ ഇഷ്ടമായില്ലെന്ന് പറഞ്ഞോട്ടെ. പത്രത്തില്‍ ആ ആഴ്ച ഇറങ്ങുന്ന പടങ്ങളുടെ ലിസ്റ്റില്‍ പോലും നമ്മുടെ സിനിമ വന്നില്ല.

എല്ലായിടത്തും നമ്മളെ ചവിട്ടി തേക്കാനുള്ള ശ്രമമായിരുന്നു നടന്നത്. അത് ഞങ്ങള്‍ക്ക് കൃത്യമായി മനസിലാകുകയും ചെയ്തു. അവര്‍ മനപൂര്‍വം ചെയ്യുന്നതാണെന്ന് ഞങ്ങള്‍ പിന്നീട് അറിഞ്ഞു. ഫിയോക്കിന് ലിറ്റില്‍ ഹാര്‍ട്ട്‌സ് കൊടുക്കാന്‍ പറയുന്നത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് തന്നെയായിരുന്നു. എന്നാല്‍ ഫിയോക്കിന് കൊടുത്ത ശേഷം കൃത്യമായ ഡിസ്ട്രിബ്യൂഷന്‍ ഉണ്ടായിട്ടില്ല.

അവരുടെ ഭാഗത്ത് നിന്ന് ബോധപൂര്‍വമുണ്ടായ ഒരു നീക്കമായിരുന്നു അത്. എന്തിനാണ് അവരത് ചെയ്തതെന്ന് പൊലീസ് അന്വേഷിക്കുകയാണ്. അവരുടെ അന്വേഷണത്തില്‍ പല കാര്യങ്ങള്‍ പുറത്ത് വരുന്നുണ്ട്. ഞാന്‍ അറിഞ്ഞത് ഇതൊന്നും എനിക്കിട്ടുള്ള പണി ആയിരുന്നില്ല എന്നാണ്. ഞാന്‍ മനസിലാക്കിയിടത്തോളം അത് ഷെയിന്‍ നിഗത്തിനിട്ടുള്ള പണി ആയിരുന്നു,’ സാന്ദ്ര തോമസ് പറയുന്നു.


Content Highlight: Sandra Thomas Talks About Issue With FEOUK And Shane Nigam

We use cookies to give you the best possible experience. Learn more