'സുഡാപ്പി ഫ്രം ഇന്ത്യ'; പറയേണ്ട കാര്യങ്ങൾ കൃത്യ സമയത്ത് പറയണം, ഷെയ്നിന് പിന്തുണയുമായി സാന്ദ്ര തോമസ്
Entertainment
'സുഡാപ്പി ഫ്രം ഇന്ത്യ'; പറയേണ്ട കാര്യങ്ങൾ കൃത്യ സമയത്ത് പറയണം, ഷെയ്നിന് പിന്തുണയുമായി സാന്ദ്ര തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 2nd June 2024, 10:43 am

കഴിഞ്ഞ ദിവസം യുവനടൻ ഷെയ്ൻ നിഗം തന്റെ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി ഇട്ട ചിത്രം വലിയ രീതിയിൽ ചർച്ചയായിരുന്നു. ‘സുഡാപ്പി ഫ്രം ഇന്ത്യ’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ്‌ ചെയ്ത ഫോട്ടോ വലിയ ശ്രദ്ധ നേടുകയായിരുന്നു.

പുതിയ ചിത്രമായ ലിറ്റിൽ ഹാർട്ട്സ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ ഷെയ്ൻ നടൻ ഉണ്ണി മുകുന്ദനെ കുറിച്ച് തമാശയായി പറഞ്ഞ ഒരു കാര്യം ചിലർ തെറ്റായി വ്യാഖ്യാനിച്ചിരുന്നു. ഇതിന് പിന്നാലെ ഷെയ്ൻ സുഡാപ്പിയെന്ന് മുദ്രകുത്തികൊണ്ട് ചില വലതുപക്ഷ പ്രൊഫൈലുകൾ രംഗത്തെത്തിയിരുന്നു. ഈ വിവാദങ്ങൾക്കിടയിലായിരുന്നു സുഡാപ്പി ഫ്രം ഇന്ത്യ എന്ന അടിക്കുറിപ്പോടെ ഷെയ്ൻ ചിത്രം പങ്കുവെച്ചത്.

ഇപ്പോൾ ഇതിനെ കുറിച്ച് പ്രതികരിക്കുകയാണ് ലിറ്റിൽ ഹാർട്ട്സ് എന്ന ചിത്രത്തിന്റെ നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. ഷെയ്ൻ തന്റെ നിലപാട് പറഞ്ഞതിൽ തനിക്ക് സന്തോഷമുണ്ടെന്നും സിനിമമേഖലയിൽ നിന്ന് ഒരുപാട് പേർ തന്നെ വിളിച്ചിരുന്നുവെന്നും സാന്ദ്ര തോമസ് പറയുന്നു. പറയേണ്ട കാര്യങ്ങൾ വേണ്ട സമയത്ത് പറയണമെന്നും താൻ നൂറ് ശതമാനം ഷെയ്നിനൊപ്പം നിൽക്കുന്നുവെന്നും വാർത്ത സമ്മേളനത്തിൽ അവർ പറഞ്ഞു.

‘കഴിഞ്ഞ ദിവസം ഷെയ്ൻ സുഡാപ്പി ഫ്രം ഇന്ത്യ എന്നൊരു പോസ്റ്റ്‌ ഇട്ടപ്പോൾ എന്നെ ഒരുപാട് പേർ വിളിച്ചിരുന്നു. ഇൻഡസ്ട്രിയിലെ തന്നെ ഒരുപാടാളുകൾ വിളിച്ചിരുന്നു. അവരുടെ ആദ്യത്തെ സ്റ്റേറ്റ്മെന്റ്, ഷെയ്ൻ പറഞ്ഞ കാര്യം സിനിമക്ക് ഗുണം ചെയ്യുമോ ദോഷം ചെയ്യുമോ എന്നായിരുന്നു.

ഞാൻ അവരോട് പറഞ്ഞത്, ഗുണമാണോ ദോഷമാണോ എന്നൊന്നും എനിക്കറിയില്ല, പക്ഷെ ഷെയ്ൻ അങ്ങനെയൊരു സ്റ്റേറ്റ്മെന്റ് കൊടുത്തതിൽ ഞാൻ വ്യക്തിപരമായി ഹാപ്പിയാണ്. കാരണം ഒരു നിലപാടുള്ള നടന്റെ കൂടെയാണ് ഞാൻ വർക്ക്‌ ചെയ്തിട്ടുള്ളത്.

ഞാനും പല കാര്യങ്ങളെ കുറിച്ച് ഹോണസ്റ്റായി സംസാരിക്കുന്ന ആളാണ്. പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറയണം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതിൽ ഞാൻ ഷെയ്നിന്റെ കൂടെ നൂറ് ശതമാനം നിൽക്കുന്നു. നമ്മൾ അത് എങ്ങനെ എടുക്കുന്നു എന്നതിലാണ് കാര്യം. ഷെയ്ൻ അങ്ങനെയൊരു ആളല്ലായെന്ന് നമുക്ക് എല്ലാവർക്കും അറിയാം. അനാവശ്യമായ ഒരു വിവാദം ആയിട്ടാണ് എനിക്ക് തോന്നിയത്.

 

Content Highlight: Sandra Thomas Talk About Shane Nigam’S  Sudappi From India Statement