ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംഘടനകൾ നിലപാട് വ്യക്തമാക്കണം, മൗനം ആർക്കു വേണ്ടി; വിമർശനവുമായി സാന്ദ്ര തോമസ്
Kerala News
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംഘടനകൾ നിലപാട് വ്യക്തമാക്കണം, മൗനം ആർക്കു വേണ്ടി; വിമർശനവുമായി സാന്ദ്ര തോമസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd August 2024, 12:00 pm

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ താരസംഘടനകൾ നിലപാട് വ്യക്തമാക്കണമെന്ന് നടിയും നിർമാതവുമായ സാന്ദ്ര തോമസ്. കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആർക്ക് വേണ്ടിയാണെന്നും അവർ ചോദിച്ചു. കമ്മിറ്റി റിപ്പോർട്ട് പറയുന്ന 15 അംഗ പവർ ഗ്രൂപ്പിന്റെ പ്രാതിനിധ്യം സൂചിപ്പിക്കുന്നതാണ് ഈ മൗനം അർത്ഥമാക്കുന്നതെന്നും സാന്ദ്ര പറഞ്ഞു.

ഒരു റിപ്പോർട്ട് പഠിക്കാൻ ഒരാഴ്ച എടുക്കേണ്ട ആവശ്യമില്ലെന്നും ലോക സിനിമയ്‌ക്ക് പ്രതിഭകളെ സമ്മാനിച്ച മലയാള സിനിമ സമൂഹത്തിന് മുന്നിൽ അപഹാസ്യമായികൊണ്ടിരിക്കുകയാണെന്നും സാന്ദ്ര തന്റെ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ വിമർശിച്ചു.

‘സിനിമ സംഘടനകൾ നിലപാട് വ്യക്തമാക്കണം.
കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആർക്ക് വേണ്ടി? അതിനർത്ഥം എല്ലാ സംഘടനകളിലും കമ്മിറ്റി റിപ്പോർട്ട് പറയുന്ന 15 അംഗ പവർഗ്രൂപ്പിന്റെ പ്രാധിനിധ്യം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഇത്തരം ഒരു പവർ ഗ്രൂപ്പിനെ കുറിച്ച് വർഷങ്ങൾക്കു മുൻപ്‌ കോംപ്റ്റിറ്റിവ് കമ്മീഷൻ പ്രതിപാദിച്ചിട്ടുള്ളത് ഇവിടെ പ്രസക്തമാണ് . ഒരു റിപ്പോർട്ട് പഠിക്കാൻ ഒരാഴ്ച എടുക്കേണ്ട കാര്യമില്ലെന്ന് ഞാനും നിങ്ങളും അടക്കം എല്ലാവർക്കും അറിയാം. ലോകസിനിമക്കു ഒരുപാട് പ്രതിഭകളെ സമ്മാനിച്ച മലയാള സിനിമ പൊതു സമൂഹത്തിനു മുന്നിൽ അപഹാസ്യമായിക്കൊണ്ടിരിക്കുകയാണ്.

ഈ അവസ്ഥ വന്നു ചേർന്നതിൽ എല്ലാ സിനിമ സംഘടനകൾക്കും പങ്കുണ്ട് , ഇനിയും നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ പൊതുസമൂഹം നമ്മെ കല്ലെറിയും. കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്തെല്ലാം പരിഹാര നടപടികൾ ഈ സംഘടനകൾ എടുക്കുന്നുവെന്ന് പൊതുവേദിയിൽ വന്ന്‌ വ്യക്തമാക്കണം,’സാന്ദ്ര ഫേസ്ബുക്ക്‌ പോസ്റ്റിൽ പറഞ്ഞു.

അതേസമയം ജസ്റ്റിസ് ഹേമകമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി സ്വീകരിക്കുന്ന തീരുമാനങ്ങൾ വിഷയത്തിൽ നിർണായകമായിരിക്കും.

തിങ്കളാഴ്ചയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കമ്മിറ്റിയുടെ കണ്ടെത്തലുകളും ശുപാര്‍ശകളുമാണ് റിപ്പോര്‍ട്ടിന്റെ പ്രധാന ഉള്ളടക്കം. 296 പേജുള്ള റിപ്പോര്‍ട്ടിന്റെ 233 പേജുകളിലെ ഉള്ളടക്കമാണ് പുറത്തുവിട്ടത്. കാണുന്നതെല്ലാം വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടിന്റെ ആദ്യ പേജില്‍ തന്നെ കമ്മിറ്റി പറഞ്ഞിരുന്നത്. മൊഴികള്‍ ഞെട്ടിക്കുന്നതാണെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നും സിനിമാ രംഗത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു. തെളിവുകള്‍ സഹിതമാണ് മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ നിരവധി കണ്ടെത്തലുകളാണ് ഹേമ കമ്മിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

 

Content Highlight: Sandra Thomas Talk About Hema committee  Report