| Sunday, 9th July 2023, 1:04 pm

ആ പാട്ടിന്റെ ലിറിക്‌സ് കണ്ട് ഇതെന്റെ സിനിമയിലെ തന്നെയാണോയെന്ന് ചോദിച്ചുപോയി: സാന്ദ്ര തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നല്ല നിലാവുള്ള രാത്രിയിലെ താനാരോ തന്നാരോ എന്ന പാട്ടിനെ കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് സാന്ദ്ര തോമസ്. ആ പാട്ടിന്റെ ലിറിക്‌സ് ആദ്യം ഇത്തരത്തില്‍ ആയിരുന്നില്ലെന്നും ചില ഡബിള്‍ മീനിങ്ങ് വന്നതിനാല്‍ മാറ്റിയതാണെന്നും സാന്ദ്ര പറഞ്ഞു. ക്ലബ് എഫിമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാന്ദ്ര തോമസ്.

‘മര്‍ഫി എന്നെ വിളിച്ചിട്ട് ഒറ്റ പാട്ട് മാത്രമേ നമ്മുടെ സിനിമയില്‍ ഉള്ളൂ, താനാരോ തന്നാരോ, കൊടുങ്ങല്ലൂര്‍ ഭരണിപാട്ടാണെന്ന് പറഞ്ഞു. എനിക്കപ്പോള്‍ വലിയ ധാരണയില്ല ഇതിനെ കുറിച്ച്. നാടന്‍ പാട്ടാണ്, കൈലാഷ് ചെയ്‌തോളുമെന്നും മര്‍ഫി പറഞ്ഞു. കൈലാഷിനോട് ഞാന്‍ മര്‍ഫി ഒരു പാട്ട് പറയും അതൊന്ന് ചെയ്ത് കൊടുക്കണമെന്ന് പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞ് കൈലാഷ് എനിക്കൊരു ലിറിക് അയച്ചുതന്നു, നോക്കുമ്പോള്‍ ഫുള്‍ വൃത്തികേട്. കൈലാഷിനെ ഉടന്‍ തിരിച്ചുവിളിച്ചിട്ട് ഇതെന്റെ സിനിമയിലെ പാട്ട് തന്നെയാണോയെന്ന് ഞാന്‍ ചോദിച്ചു. ഫുള്‍ ഡബിള്‍ മീനിങ്ങിലുള്ള പാട്ട് അത് ലിറിക്‌സ് എഴുതിയത് തന്നെയാണ്. നമ്മുടെ ഡയറക്ടര്‍ അതാ പറഞ്ഞേക്കുന്നേന്ന് കൈലാഷ് പറഞ്ഞു.

ഞാനപ്പോള്‍ തന്നെ മര്‍ഫിയെ വിളിച്ചിട്ട് ഞാന്‍ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയാണ് ഇങ്ങനെയുള്ള പാട്ടൊന്നും പറ്റില്ലെന്ന് പറഞ്ഞു(ചിരിക്കുന്നു). ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും, ഒരു റെഫെറന്‍സ് കൊടുത്തിരുന്നു അതാകാം അവര്‍ ഇങ്ങനെ എഴുതാന്‍ സാധ്യത, അതിപ്പോള്‍ ഞാന്‍ ശരിയാക്കി തരാമെന്നും മര്‍ഫി പറഞ്ഞു. എന്നിട്ട് മര്‍ഫി കൈലാഷിനെ വിളിച്ചിട്ട് ഞാന്‍ തന്നെ പാട്ട് എഴുതി തരാമെന്ന് പറഞ്ഞ് അതില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ആ പാട്ട് എഴുതിയത്. എന്നിട്ട് എനിക്ക് അയച്ചുതന്നിട്ട് ഇതിനകത്ത് എവിടെയെങ്കിലും വൃത്തികേട് ഉണ്ടോയെന്ന് ചോദിച്ചു. ഞാന്‍ നോക്കുമ്പോള്‍ കുഴപ്പമില്ല, ഇല്ലെന്ന് പറഞ്ഞു. അപ്പോള്‍ എന്നോട് ഇതാണ് നമ്മുടെ പാട്ടെന്ന് പറഞ്ഞു. അപ്പോള്‍ ചെയ്‌തോളാനും ഞാന്‍ പറഞ്ഞു,’ സാന്ദ്ര തോമസ് പറഞ്ഞു.

അത് ചെയ്തപ്പോള്‍ തന്നെ ആക്ടേഴ്‌സ് വന്ന് തന്നോട് ഹിറ്റാകുമെന്ന് പറഞ്ഞെന്നും അവര്‍ വരികളില്‍ ചില കോണ്‍ട്രിബ്യൂഷന്‍സ് നല്‍കിയെന്നും സാന്ദ്ര തോമസ് പറഞ്ഞു.

‘അങ്ങനെ പാട്ട് ചെയ്തു. ആ പാട്ട് നമ്മുടെ ആക്ടേഴ്‌സ് തന്നെയാണല്ലോ പാടുന്നത്, ഇവര്‍ വന്നിട്ട് എന്നോട് പറഞ്ഞു ഇത് ഹിറ്റാണ് വൈറല്‍ ആണെന്നൊക്ക, ലിറിക്‌സില്‍ വേറേ ചില കോണ്‍ട്രിബ്യൂഷന്‍സും. ചെങ്ങന്നൂര്‍ അക്കേടെ എന്ന് പറയുന്നത് ബാബുചേട്ടന്റെ കോണ്‍ട്രിബ്യൂഷന്‍ ആണ്. സജിന്‍ പാടിയിരിക്കുന്ന പോര്‍ഷന്‍, അവനും എന്തൊക്കെയോ കോണ്‍ട്രിബ്യൂട്ട് ചെയ്തിട്ടുണ്ട്. പാട്ട് യുട്യൂബില്‍ ഇറങ്ങി. എനിക്കറിയാം അതില്‍ വൃത്തികേട് ഉണ്ടെന്നുള്ളത്. ലിറിക്‌സ് യുട്യൂബില്‍ കമന്റായി ഒരാള്‍ ഇട്ടിരുന്നു. അപ്പോള്‍ ഞാന്‍ മര്‍ഫിയെ വിളിച്ചിട്ട് തൊഴുതിരിക്കുന്നുവെന്ന് പറഞ്ഞു (ചിരിക്കുന്നു). യുട്യൂബിനേക്കാള്‍ ഗ്രൂപ്പുകളില്‍ ഭയങ്കരമായി സ്പ്രഡായി പാട്ട്. പഴയ കോളേജ് ഗ്രൂപ്പുകള്‍, സ്‌കൂള്‍ ഗ്രൂപ്പുകളിലൊക്കെ സ്പ്രഡ് ആയി,’ സാന്ദ്ര തോമസ് പറഞ്ഞു.

Content Highlight: Sandra thomas speak about thanaro thannaro song

We use cookies to give you the best possible experience. Learn more