| Thursday, 29th June 2023, 7:33 pm

ഒരുപാട് പേരുടെ അധ്വാനമാണ്, ഒത്തിരി പ്രതിസന്ധികളുണ്ടായിട്ടുണ്ട്; തിരിച്ചുവരവില്‍ കൂടെയുണ്ടാകണമെന്ന് സാന്ദ്ര തോമസ്‌

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചലച്ചിത്ര നിർമാണ രംഗത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട നിർമാതാക്കളിൽ ഒരാളാണ് സാന്ദ്ര തോമസ്. ആറ് വർഷത്തെ ഇടവേളക്ക് ശേഷം ആക്ഷൻ ചിത്രവുമായി തിരിച്ചുവരികയാണ് സാന്ദ്ര. തന്റെ തിരിച്ചുവരവിനെ തുടർന്നുള്ള സാന്ദ്രയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ഇപ്പോൾ വൈറലാണ്.

ആറുവർഷത്തെ ഇടവേളക്ക് ശേഷം സ്വന്തം സംരംഭമായ സാന്ദ്ര തോമസ് പ്രൊഡക്ഷനുമായിട്ട് താൻ സിനിമയിലേക്ക് തിരികെ വരികയാണെന്നും ‘നല്ല നിലാവുള്ള രാത്രി’ എന്ന ചിത്രമാണ് പ്രേക്ഷകർക്കായി സമർപ്പിക്കുന്നതെന്നും സാന്ദ്ര സോഷ്യൽ മീഡിയയിൽ കുറിച്ചു. വമ്പൻ താരനിരയില്ലാത്ത ഈ ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുമെന്നുള്ള പ്രതീക്ഷയുണ്ടെന്നും ചിത്രം പ്രേക്ഷകർക്ക് മികച്ച അനുഭവം ആയിരിക്കുമെന്നും സാന്ദ്ര കുറിച്ചു.

നീണ്ട നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ ഒരു ആക്ഷൻ ചിത്രമെന്നും എടുത്ത് പറയാൻ നായകന്മാരില്ലാത്ത ഈ ചിത്രത്തിൽ എല്ലാ കഥാപാത്രങ്ങൾക്കും ഗ്രേ ഷെയ്ഡ് ആയിരിക്കുമെന്നും സാന്ദ്ര കൂട്ടിചേർത്തു.

നാളെ റിലീസിനൊരുങ്ങുന്ന ചിത്രം ഏറെ പ്രതീക്ഷകൾ മറികടന്നാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നതെന്നും മർഫി ദേവസ്സി എന്ന പുതുമുഖ സംവിധായകന്റേതുൾപ്പെടെ ധാരാളം ആളുകളുടെ അധ്വാനമാണ് ഈ ചിത്രമെന്നും താരം കുറിച്ചു.

പോസ്റ്റിന്റെ പൂർണ രൂപം: നീണ്ട ആറുവര്‍ഷത്തെ ഇടവേളക്ക് ശേഷം ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് ഞാന്‍ മടങ്ങിവരികയാണ്. ഇത്തവണ ‘സാന്ദ്രാതോമസ് പ്രൊഡക്ഷന്‍സ്’ എന്ന സ്വന്തം ബാനറിന്റെ ആദ്യ സംരംഭമായ ‘നല്ല നിലാവുള്ള രാത്രി’ എന്ന സിനിമയാണ് പ്രിയ പ്രേക്ഷകര്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നത്.

കഴിഞ്ഞ കാലങ്ങളില്‍ നിങ്ങള്‍ എനിക്ക് നല്‍കിയ സ്‌നേഹവും കരുതലും സപ്പോര്‍ട്ടും നിങ്ങളിലുള്ള വിശ്വാസവുമാണ് ‘സാന്ദ്രാതോമസ് പ്രൊഡക്ഷന്‍സിന്റെ കരുത്ത്. വമ്പന്‍ താരനിരയില്ലാതെ ഈ സിനിമ ഒരുക്കുവാന്‍ എനിക്ക് പ്രചോദനമാകുന്നതും നല്ല സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകരിലുള്ള ആ വിശ്വാസംകൊണ്ടാണ്. പേരുപോലെ തന്നെ മനോഹരമായ ‘നല്ല നിലാവുള്ള രാത്രി’ നിങ്ങള്‍ക്കും വ്യത്യസ്ത അനുഭവം നല്‍കുന്ന സിനിമയാകുമെന്ന് എനിക്കുറപ്പുണ്ട്.

കുറെനാളുകള്‍ക്ക് ശേഷം ഒരു ആക്ഷന്‍ത്രില്ലര്‍, ഒരു പ്രത്യേക നായകനടന്‍ ഇല്ലാത്ത എല്ലാ കഥാപാത്രങ്ങള്‍ക്കും ഗ്രേ ഷേഡുള്ള സിനിമ. പ്രവചനാതീതമായ രണ്ടാംപകുതി, താളം പിടിക്കാന്‍ താനാരോ പാട്ട് അങ്ങനെ തീയേറ്ററില്‍ പോയി സിനിമ കാണുന്ന പ്രേക്ഷകന് ഒരു വ്യത്യസ്ത അനുഭവം പകര്‍ന്നുനല്‍കാന്‍ കഴിയുന്ന സിനിമയാകുമിതെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഒത്തിരി പ്രതിസന്ധികള്‍ മറികടന്നാണ് ഈ ചിത്രം നാളെ നിങ്ങള്‍ക്കു മുന്നിലെത്തിക്കുന്നത്.
മര്‍ഫി ദേവസി എന്ന പുതുമുഖ സംവിധായകനടക്കം നിരവധി അണിയറപ്രവര്‍ത്തകരുടെ അധ്വാനവും പ്രതീക്ഷയുമാണ് ഈ ചിത്രം.

പുതിയ സംവിധായകര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും നടീനടന്മാര്‍ക്കും അവസരം നല്‍കാന്‍ എനിക്ക് മടിയില്ല. അതു പൂര്‍ണ്ണമാകണമെങ്കില്‍ നിങ്ങളെല്ലാവരും എനിക്കൊപ്പം ഉണ്ടാകണം. ഒരുപാട് പ്രതീക്ഷയോടെ ‘നല്ല നിലാവുള്ള രാത്രി’ നിങ്ങളെ ഏല്‍പ്പിക്കുകയാണ് .
സ്‌നേഹപൂര്‍വ്വം, പ്രാര്‍ത്ഥനയോടെ
സാന്ദ്രാ തോമസ്.

Content Highlights: Sandra Thomas social media post on Sandra Thomas productions and Nalla Nilavulla Rathri

We use cookies to give you the best possible experience. Learn more