| Wednesday, 13th November 2024, 4:52 pm

ലാലേട്ടന്റെ ആ സിനിമയില്‍ ബാലതാരമായി അഭിനയിച്ചത് മറക്കാനാകാത്ത അനുഭവമാണ്: സാന്ദ്ര തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാനിര്‍മാണത്തിലും അഭിനയത്തിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചയാളാണ് സാന്ദ്രാ തോമസ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ ആറോളം സിനിമകളും പിന്നീട് തന്റെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസില്‍ മൂന്ന് സിനിമകളും സാന്ദ്ര നിര്‍മിച്ചു. ബാലതാരമായിട്ടാണ് സാന്ദ്രാ തോമസ് സിനിമാലോകത്തേക്ക് കടന്നുവന്നത്. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് സാന്ദ്ര തോമസ്.

ആ സിനിമയുടെ സെറ്റ് തനിക്ക് മറക്കാനാകാത്ത അനുഭവമാണ് സമ്മാനിച്ചതെന്ന് സാന്ദ്ര പറഞ്ഞു. ഒരു സമ്മര്‍ വെക്കേഷന്‍ മുഴുവന്‍ ആ സിനിമയുടെ സെറ്റിലായിരുന്നെന്നും യേര്‍ക്കാടിലായിരുന്നു ആ സിനിമയുടെ ഷൂട്ടെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ കുട്ടികളില്‍ ഒരാളായി താന്‍ അഭിനയിച്ചത് പിന്നീട് അധികമാരും ഓര്‍ക്കാറില്ലെന്നും സാന്ദ്ര പറഞ്ഞു. പെരുച്ചാഴി എന്ന സിനിമയുടെ സെറ്റില്‍ വെച്ച് താന്‍ ഈ കാര്യം മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത്ഭുതമായെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു.

ആ സിനിമയില്‍ അഭിനയിച്ച നീല്‍ എന്നയാളും പെരുച്ചാഴിയുടെ ഷൂട്ടിന്റെ സമയത്ത് സെറ്റില്‍ വന്നിരുന്നുവെന്നും തങ്ങള്‍ രണ്ടുപേരെയും അടുത്ത് നിര്‍ത്തി മോഹന്‍ലാല്‍ ഒരു ഫോട്ടോ എടുപ്പിച്ചെന്നും സാന്ദ്ര പറഞ്ഞു. അച്ഛന്റെ ആഗ്രഹമായിരുന്നു താന്‍ സിനിമയിലേക്ക് എത്തണമെന്നതും അദ്ദേഹത്തിന് അഭിനയിക്കാന്‍ വലിയ ഇഷ്ടമായിരുന്നെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു. കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു സാന്ദ്രാ തോമസ്.

‘ഒളിമ്പ്യന്‍ അന്തോണി ആദത്തിന്റെ സെറ്റ് ഒരുപാട് ഓര്‍മകള്‍ സമ്മാനിച്ച ഒന്നാണ്. കാരണം, എന്റെ ഒരു സമ്മര്‍ വെക്കേഷന്‍ മുഴുവന്‍ ആ സിനിമയുടെ സെറ്റിലായിരുന്നു. യേര്‍ക്കാട് ആ സിനിമ ഷൂട്ട് ചെയ്ത സ്‌കൂളില്‍ യൂണിഫോമൊക്കെ ഇട്ട് അത്രയും കുട്ടികളുടെ ഇടയില്‍ ഒരാളായി നിന്നത് മറക്കാനാകാത്ത അനുഭവമായിരുന്നു. പക്ഷേ ആ സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ടെന്നുള്ള കാര്യം അധികം ആളുകള്‍ക്ക് അറിയില്ല. പെരുച്ചാഴിയുടെ സെറ്റില്‍ വെച്ച് ലാലേട്ടന്റെ കൂടെ വര്‍ക്ക് ചെയ്തപ്പോള്‍ ഇക്കാര്യം എങ്ങനെയോ പുള്ളി അറിഞ്ഞു.

അന്ന് ആ സിനിമയില്‍ അഭിനയിച്ച നീല്‍ എന്ന പയ്യനും അമേരിക്കയില്‍ ഉണ്ടായിരുന്നു. ലാലേട്ടന്‍ വന്നിട്ടുണ്ടെന്ന് അറിഞ്ഞിട്ട് അയാളും സെറ്റിലെത്തി. ഞങ്ങളെ രണ്ടുപേരെയും രണ്ട് സെഡില്‍ നിര്‍ത്തി ലാലേട്ടന്‍ അന്നൊരു ഫോട്ടോ എടുത്തിരുന്നു. നല്ലൊരു ഓര്‍മയാണത്. സത്യത്തില്‍ ഞാന്‍ സിനിമയിലേക്കെത്തണമെന്ന് പപ്പയുടെ ആഗ്രഹമായിരുന്നു. പുള്ളിക്ക് അഭിനയിക്കാന്‍ വലിയ ആഗ്രഹമായിരുന്നു. അത് നടക്കാതെ പോയതുകൊണ്ടാണ് എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത്,’ സാന്ദ്ര തോമസ് പറഞ്ഞു.

Content Highlight: Sandra Thomas shares her experience from the Sets of Olympian Anthony Adam

We use cookies to give you the best possible experience. Learn more