Entertainment
എനിക്ക് പെണ്‍കുഞ്ഞിനെയാണ് ഇഷ്ടം, പെണ്‍കുഞ്ഞാകാനാണ് ആഗ്രഹം,ഡോക്ടറുടെ ആ ചിരിയില്‍ മനസ്സിലായി; അനുഭവം പറഞ്ഞ് സാന്ദ്രതോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jan 16, 08:38 am
Saturday, 16th January 2021, 2:08 pm

നടിയും സിനിമാ നിര്‍മാതാവുമായ സാന്ദ്ര തോമസ് മലയാളികള്‍ക്ക് ഏറെ പരിചിതയാണ്. തന്റെ സിനിമാ അനുഭവങ്ങളും കുടുംബവിശേഷവുമെല്ലാം സാന്ദ്ര സമൂഹമാധ്യമങ്ങളില്‍ സജീവമായി പങ്കുവെയ്ക്കാറുണ്ട്.

തങ്കം, കൊലുസ് എന്ന് പേരുള്ള തന്റെ ഇരട്ടകുട്ടികളുടെ വിശേഷങ്ങളാണ് സാന്ദ്ര ഏറെയും പങ്കുവെയ്ക്കാറുള്ളത്. ഇപ്പോഴിതാ താന്‍ ഗര്‍ഭിണിയായിരിക്കുമ്പോഴുള്ള ഒരു അനുഭവമാണ് വനിതയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സാന്ദ്ര പങ്കുവെയ്ക്കുന്നത്.

തനിക്ക് പെണ്‍കുഞ്ഞുങ്ങള്‍ വേണമെന്നത് വലിയ ആഗ്രഹമായിരുന്നുവെന്നും ഒന്നല്ല രണ്ട് പെണ്‍കുട്ടികളെ തനിക്ക് കിട്ടിയെന്നും സാന്ദ്ര പറയുന്നു. കുട്ടി ആണാണോ പെണ്ണാണോ എന്ന് ഡോക്ടര്‍മാര്‍ക്ക് പറയാന്‍ കഴിയാത്തതുകൊണ്ട് തനിക്ക് പെണ്‍കുഞ്ഞിനെയാണ് ഇഷ്ടമെന്നും പെണ്‍കുഞ്ഞാകാനാണ് ആഗ്രഹമെന്നും താന്‍ ഡോക്ടറോട് അങ്ങോട്ട് കയറി പറഞ്ഞുവെന്ന് സാന്ദ്ര പറയുന്നു.

‘അഞ്ചാം മാസത്തിലെ സ്‌കാനിങ്ങിലാണ് ശരിക്കും കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാന്‍ കഴിയുക. ഞാനാണെങ്കില്‍ ഡോക്ടറെത്തന്നെ ശ്രദ്ധിച്ചിരിക്കുകയാണ്. പരിശോധനയ്ക്ക് ഇടയില്‍ ഡോക്ടര്‍ അറിയാതെ ഒന്ന് ചിരിച്ചു. ആ ചിരിയില്‍ എനിക്ക് മനസ്സിലായി എന്റെ വയറ്റിലെ ഒരാള്‍ പെണ്ണാണെന്ന്,’സാന്ദ്ര പറയുന്നു.

മക്കള്‍ക്ക് വ്യത്യസ്തമായ പേരുകള്‍ ഇട്ടതിനെക്കുറിച്ചും സാന്ദ്ര പറയുന്നുണ്ട്. മനസ്സില്‍ കൊണ്ടു നടന്ന ഉമ്മു കൊല്‍സു എന്ന പേര് ആദ്യം ഭൂമിയിലേയ്ക്ക് വന്നവള്‍ക്ക് ഇട്ടുവെന്നും അടുത്തയാള്‍ക്ക് ഉമ്മിണി തങ്കം എന്ന പേരിട്ടുവെന്നും സാന്ദ്ര അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഇരട്ടക്കുട്ടികളായ തങ്കത്തിന്റെയും കൊലുസിന്റെയും വീഡിയോകള്‍ സാന്ദ്ര സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. നിരവധി മലയാളി ആരാധകരാണ് സാന്ദ്രയുടെ മക്കള്‍ക്കുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sandra Thomas shares experience about her pregnancy time