| Wednesday, 10th May 2023, 1:16 pm

അവസാന നിമിഷം നമിത പിന്മാറി, പകരം എന്നെ നിര്‍ദേശിച്ചത് ലിജോ: സാന്ദ്ര തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു പ്രൊഡ്യൂസറായിരിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് ചലചിത്ര നിര്‍മാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസ്. ഒരു അഭിനേത്രി എന്ന പേരില്‍ അറിയപ്പെടാന്‍ താല്‍പര്യമില്ലെന്നും സക്കറിയായുടെ ഗര്‍ഭിണികള്‍, ആമേന്‍ തുടങ്ങിയ ചലചിത്രങ്ങളില്‍ സംവിധായകരുടെ നിര്‍ബന്ധപ്രകാരം അഭിനയിച്ചതാണെന്നും താരം പറഞ്ഞു. ആമേനില്‍ താന്‍ എത്തിയത് നമിതയ്ക്ക് പകരമാണെന്നും ചിത്രത്തിന്റെ ഡയറക്ടര്‍ ലിജോ ജോസ് പെല്ലിശ്ശേരി ആണ് തന്നെ നിര്‍ദേശിച്ചതെന്നും താരം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രെസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാന്ദ്ര.

‘എനിക്ക് എന്നെ ഒരു പ്രൊഡ്യൂസറായിട്ട് കാണാനാണ് ആഗ്രഹം. പല ആക്ടേഴ്സും പ്രൊഡക്ഷനിലേക്ക് ഒക്കെ വന്ന് കഴിഞ്ഞാലും എനിക്ക് നല്ല റോള്‍ കിട്ടണം, നല്ലൊരു ക്യാരക്ടര്‍ ചെയ്യണം എന്നൊക്കെയായിരിക്കും അവരുടെ ആഗ്രഹം. എനിക്ക് അങ്ങനെയൊരു ആഗ്രഹമേയില്ല.

സക്കറിയയുടെ ഗര്‍ഭിണികള്‍ ഫീമെയില്‍ ഓറിയന്റഡ് പടമാണ്. അതില്‍ അത്രയും ഫീമെയില്‍ ആര്‍ടിസ്റ്റുകള്‍ ഉണ്ട്. ഇനി വേറെയൊരു ആര്‍ടിസ്റ്റിനെ കൂടി കൊണ്ട് വന്നാല്‍ കോസ്റ്റ് കൂടുമല്ലോ എന്നുള്ളതുകൊണ്ടാണ് ഞാന്‍ അതില്‍ അഭിനയിച്ചത്. അത് ഡയറക്ടറും വിജയ് ബാബു ഒക്കെ നിര്‍ബന്ധിച്ചത് കൊണ്ട് ചെയ്തതാണ്.

ആമേന്‍ ആണെങ്കിലും അത് ഞാന്‍ ലിജോ നിര്‍ബന്ധിച്ചത് കൊണ്ട് ചെയ്തതാണ്. ഞാന്‍ ആദ്യം പ്രൊഡ്യൂസ് ചെയ്യാനിരുന്ന പടമാണ് ആമേന്‍. അതിന്റെ ബജറ്റ് കൂടുതലായത് കൊണ്ട് എനിക്ക് ചെയ്യാന്‍ പറ്റിയില്ല. അതില്‍ ആ റോള്‍ ചെയ്യാനിരുന്നത് നമിത എന്ന് പറയുന്ന തമിഴ് നടി ആയിരുന്നു. അവര്‍ അവസാന നിമിഷം പിന്‍മാറി. അപ്പോള്‍ ലിജോ ആണ് എന്നെ സജ്ജസ്റ്റ് ചെയ്യുന്നത്.

ലിജോ എന്നെ ജഡ്ജി ചേട്ടാ എന്നാണ് വിളിക്കുന്നത്. ഒരു ജഡ്ജിയുമായി ഞാന്‍ വഴക്ക് ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. എന്റെ അന്നത്തെ സ്വഭാവം വെച്ച് എനിക്ക് ജഡ്ജിയുടെ സ്ഥാനമോ പവറോ ഒന്നും എന്താണെന്ന് അറിയില്ലായിരുന്നു. ഒരു മൊബൈല്‍ കോര്‍ട്ട് ജഡ്ജിയുമായി അടിയുണ്ടാക്കി. അന്ന് മുതന്‍ ലിജോ എന്നെ ജഡ്ജി ചേട്ടാ എന്നാണ് വിളിച്ചിരുന്നത്. ആ ഒരു ഇന്‍സിഡന്റ് വെച്ചിട്ടാണ് എന്നെ ആമേനിലേക്ക് ലിജോ കാസ്റ്റ് ചെയ്യുന്നത്. എനിക്ക് അഭിനയിക്കാനൊന്നും അറിയില്ല എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. അപ്പോള്‍ ലിജോ പറഞ്ഞത് അഭിനയിക്കേണ്ട ബിഹേവ് ചെയ്താല്‍ മതി എന്നായിരുന്നു,’ സാന്ദ്ര തോമസ് പറഞ്ഞു.

നല്ല നിലാവുള്ള രാത്രിയാണ് സാന്ദ്ര തോമസിന്റെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഒരു ഇടവേളക്ക് ശേഷം സാന്ദ്ര നിര്‍മാണ രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം മര്‍ഫി ദേവസിയാണ് സംവിധാനം ചെയ്യുന്നത്. ബിനു പപ്പു, ചെമ്പന്‍ വിനോദ്, ബാബുരാജ്, ജിനു ജോസഫ് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

Content Highlight: sandra thomas says that he came to Amen as Namitha’s replacement

We use cookies to give you the best possible experience. Learn more