മലയാള സിനിമയിലെ വിരലിലെണ്ണാവുന്ന വനിതാ നിര്‍മാതാക്കളില്‍ ഒരാളാണ് സാന്ദ്ര തോമസ്. സക്കറിയയുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍ തുടങ്ങിയ സിനിമകള്‍ നിര്‍മിച്ചത് സാന്ദ്ര തോമസാണ്. ബാലതാരമായാണ് സാന്ദ്ര സിനിമാരംഗത്തേക്കെത്തുന്നത്.
ഇപ്പോള്‍ താന്‍ ഒരിക്കലും ഒരു സിനിമാനടിയായി തിരിച്ചുവരാന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് പറയുകയാണ് സാന്ദ്ര തോമസ്. ചെറുപ്പത്തില്‍ ഉണ്ടായ ട്രോമായാണ് തന്റെ ഈ തീരുമാനത്തിന് പിന്നിലെന്നും സാന്ദ്ര പറയുന്നു. 24 ന്യൂസ് ജനകീയ കോടതിയില്‍ സംസാരിക്കുകയായിരുന്നു സാന്ദ്ര തോമസ്.
‘ഞാന്‍ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു. പക്ഷെ ഒരു സിനിമാനടിയായി തിരിച്ചുവരാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. അതിന് കാരണം എനിക്ക് ചെറുപ്പത്തില്‍ ഉണ്ടായ ട്രോമയാണ്. എനിക്ക് തോന്നുള്ളത് സിനിമയില്‍ വന്നിട്ടുള്ള 90 ശതമാനം കുട്ടികളും ഇത്തരം ട്രോമകളിലൂടെ കടന്നുപോയിട്ടുള്ളവരായിരിക്കാം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും ഇത്തരം സംഭവങ്ങള്‍ പറയുന്നുണ്ട്,’ എന്നാണ് സാന്ദ്ര തോമസ് പറഞ്ഞത്.
പവര്‍ പൊസിഷനില്‍ ആയതുകൊണ്ട് മാത്രമാണ് താന്‍ സിനിമയില്‍ നില്‍ക്കുന്നതെന്നും സാന്ദ്ര തോമസ് പറഞ്ഞു. പ്രൊഡ്യൂസര്‍ ആയതിനാലാണ് സിനിമയില്‍ തുടരുന്നതെന്നാണ് സാന്ദ്ര പറഞ്ഞത്.
പരിമിതികള്‍ ഉള്ളവരെ പ്രത്യേകം ടാര്‍ഗറ്റ് ചെയ്താണ് സിനിമയില്‍ ഉള്ളവര്‍ പ്രവര്‍ത്തിക്കുന്നതെന്നും സാന്ദ്ര പറഞ്ഞു. രക്ഷകരായിട്ടായിരിക്കും ഇവര്‍ ആദ്യം സമീപിക്കുകയെന്നും ഒരുപക്ഷെ അപ്പോള്‍ കുട്ടികളായിരുന്നവര്‍ പിന്നീടായിരിക്കും ആ ചൂഷണം മനസിലാക്കുകയെന്നും സാന്ദ്ര പറയുന്നു.
എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നവരെ പണം നല്‍കി ഒതുക്കുക എന്നത് ഇന്‍ഡസ്ട്രിയില്‍ നടക്കുന്നതാണെന്നും സാന്ദ്ര പറഞ്ഞു. തന്റെ സിനിമ തകര്‍ക്കാനായിട്ട് മുന്നില്‍ നിന്ന വ്യക്തി പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റാണ്. അദ്ദേഹം നേരിട്ട് പല തിയേറ്ററുകളിലേക്കും വിളിച്ച് തന്റെ ഫ്‌ളക്‌സ് ബോര്‍ഡുകളും മറ്റും വെക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും അതിന്റെ തെളിവുകളുണ്ടെന്നും സാന്ദ്ര തോമസ് പറയുന്നു.
Content Highlight: Sandra Thomas says she never wanted to come back as a actress