നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. തന്റെ ബന്ധുവിന്റെ കുട്ടിയുടെ മാമോദീസ കൂടാന്‍ പോയപ്പോള്‍ പള്ളിയിലെ പുരോഹിതന്‍ പള്ളിയില്‍ കൂടിയിരിക്കുന്നവരോട് വിളിച്ചു പറഞ്ഞ വിചിത്രമായ നിര്‍ദേശങ്ങളാണ് സാന്ദ്ര തന്റെ പേജിലൂടെ പങ്കുവെച്ചത്.
മാമോദീസ കഴിഞ്ഞ് മൂന്ന് ദിവസത്തേക്ക് കുട്ടിയെ അന്യമതസ്ഥര്‍ക്ക് കൊടുക്കാന്‍ പാടില്ലെന്നും, മാമോദീസ ചെയ്ത വെള്ളം എവിടെയും ഒഴുക്കിക്കളയാതെ സൂക്ഷിച്ചുവെക്കണമെന്നും, കുട്ടിയെ മൂന്ന് ദിവസത്തേക്ക് കുളിപ്പിക്കാന്‍ പാടില്ല എന്ന് തുടങ്ങിയ വിചിത്രമായ നിര്‍ദേശങ്ങള്‍ പുരോഹിതന്‍ മൈക്കിലൂടെ വിളിച്ചുപറഞ്ഞുവെന്നാണ് തന്റെപേജില്‍ കുറിച്ചത്. ഇത്തരം വിചിത്രമായ ആചാരങ്ങള്‍ നോക്കുന്ന സഭ നീണാള്‍ വാഴട്ടെ എന്ന് പറഞ്ഞുകൊണ്ട് പോസ്റ്റ് അവസാനിപ്പിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം,
‘ഈ നാടിനിത് എന്തു പറ്റി ??
ഇന്ന് അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാന്‍ ഒരു പള്ളിയില്‍ പോയി അവിടെ അഞ്ചോ ആറോ കുട്ടികളുടെ മാമ്മോദീസ ഒരുമിച്ചായിരുന്നു അവരോടും അവിടെ കൂടിയ ജനങ്ങളോടും ആയി ചില വിചിത്രമായ നിര്‍ദ്ദേശങ്ങളുമായി പള്ളിയില്‍ അച്ഛന്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു….
1. കുഞ്ഞിനെ ഇനി മൂന്ന് ദിവസത്തേക്ക് അന്യ മതസ്ഥര്‍ക്ക് കൊടുക്കാന്‍ പാടില്ല.
2. ഇനി മൂന്ന് ദിവസത്തേക്ക് കുളിപ്പിക്കാന്‍ പാടില്ല.
3. അഥവാ കുളിപ്പിക്കണമെങ്കില്‍ ഒരു പാത്രത്തില്‍ ഇരുത്തി തുടച്ചെടുക്കാം. ആ വെള്ളം ജീവിതകാലം സൂക്ഷിച്ചു വെക്കണം.
4. ഇനി മൂന്ന് ദിവസം കഴിഞ്ഞു കുളിപ്പിക്കുന്ന വെള്ളം പുഴയില്‍ ഒഴുക്കി വിടണം. വേറെ എവിടെയും വെള്ളം അശ്രദ്ധമായി ഒഴുക്കന്‍ പാടില്ല .
5. ജീവിതകാലം മുഴുവന്‍ സഭയില്‍ വിശ്വസിച്ചു സഭ പറയുന്നത് അനുസരിച്ചു ജീവിക്കുന്ന ഒരു വ്യക്തിയായി കൊള്ളണം.
സ്‌തോത്രം ഹല്ലേലുയ്യ !
സഭയും മതവും നീണാള്‍ വാഴട്ടെ’
ഇതിന് പിന്നാലെ പല ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പോസ്റ്റ് ചര്‍ച്ചാവിഷയമായി. ഇത്തരത്തിലുള്ള ആചാരങ്ങള്‍ എവിടെയും പിനതുടരുന്നില്ലെന്നും ആരെങ്കിലും പറയുന്ന വിവരക്കേടിന് സഭയെ പഴിക്കരുതെന്നും പലരും അഭിപ്രായപ്പെട്ടു. കാലം ഇത്ര പുരോഗമിച്ചിട്ടും ഇങ്ങനെയുള്ള വൈദികര്‍ക്ക് കുറവ് വന്നിട്ടില്ല, സുറിയാനി സഭയുടെ ആചാരമാണ് ഇതെന്നും വെറുതെ കുറ്റം പറയരുതെന്നും പലരും പോസ്റ്റിന്റെ താഴെ കമന്റ് ചെയ്തിട്ടുണ്ട്.
Content Highlight: Sandra Thomas’s Facebook post against Christian community gone viral