വിജയ്‌യുമായിട്ടുണ്ടായത് സ്വത്ത് തര്‍ക്കമല്ല, മറ്റു ചില പ്രശ്‌നങ്ങളായിരുന്നു; ഫ്രൈഡേ ഫിലിം ഹൗസില്‍ നിന്ന് പിന്മാറാനുള്ള യഥാര്‍ത്ഥ കാരണം തുറന്നുപറഞ്ഞ് സാന്ദ്ര തോമസ്
കൊച്ചി: മലയാളത്തിലെ ഏറ്റവും മികച്ച സിനിമാ നിര്‍മ്മാണ കമ്പനികളില്‍ ഒന്നാണ് ഫ്രൈഡേ ഫിലിം ഹൗസ്. നടനും നിര്‍മാതാവുമായ വിജയ് ബാബുവും സാന്ദ്ര തോമസുമായിരുന്നു ഫ്രൈഡേ ഫിലിം ഹൗസിന്റെ അമരക്കാര്‍.
എന്നാല്‍ ഇടക്കാലത്ത് സാന്ദ്ര തോമസ് ഫ്രൈഡേ ഫിലിം ഹൗസില്‍ നിന്ന് പിന്മാറിയിരുന്നു. നിരവധി അഭ്യൂഹങ്ങള്‍ സാന്ദ്രയുടെ പിന്മാറ്റത്തെ കുറിച്ച് പുറത്തുവന്നിരുന്നു.
എന്നാല്‍ താനും വിജയ് ബാബുവും തമ്മില്‍ ഉണ്ടായത് സ്വത്ത് തര്‍ക്കമല്ലെന്ന് പറയുകയാണ് സാന്ദ്ര തോമസ്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സാന്ദ്രയുടെ വെളിപ്പെടുത്തല്‍.
ഫ്രൈഡേ ഫിലിം ഹൗസില്‍ നടന്ന തിരിമറിയെ തുടര്‍ന്ന് അതില്‍ പ്രധാനിയായ ആളെ ഓഫീസില്‍ നിന്നും പറഞ്ഞയച്ചതോടെയാണ് എല്ലാ പ്രശ്നങ്ങളും ആരംഭിച്ചതെന്നാണ് സാന്ദ്ര തോമസ് പറയുന്നത്. താന്‍ പുറത്താക്കിയത് വിജയ്ക്ക് വേണ്ടപ്പെട്ട ആളായിരുന്നുവെന്നും സാന്ദ്ര തോമസ് പറഞ്ഞു.
ആ സമയത്ത് വിജയ് ഒന്നും പറഞ്ഞില്ലെങ്കിലും കുറച്ച് നാളുകള്‍ക്ക് ശേഷം ആ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായി വരികയായിരുന്നുവെന്നും സാന്ദ്ര തോമസ് പറഞ്ഞു. അല്ലാതെ തങ്ങള്‍ തമ്മില്‍ വേറെ പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും സാന്ദ്ര തോമസ് പറയുന്നു.
സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനെ കുറിച്ചല്ലാതെ മറ്റൊരു വിഷയത്തില്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടില്ലെന്നും സാന്ദ്ര പറഞ്ഞു. ഫ്രൈഡേ ഫിലിം ഹൗസില്‍ സ്വത്ത് തര്‍ക്കങ്ങള്‍ ഉണ്ടായിട്ടില്ലെന്നും, അതാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ വിജയമെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘പെട്ടെന്നുണ്ടായ ഒരു വികാരത്തിന്റെ പുറത്ത് അങ്ങോട്ടും ഇങ്ങോട്ടും അടിയായതാണ്. പക്ഷെ, ആശുപത്രിയിലെത്തുമ്പോഴാണ് മാന്‍ ഹാന്‍ഡിലിങ്ങാണെന്നും കേസ് കൊടുക്കണമെന്നും അറിയുന്നത്. അവര്‍ കേസ് കൊടുത്തതും ഞാന്‍ അറിഞ്ഞില്ല. പൊലീസ് സ്റ്റേഷനില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് പോയതും ഞാന്‍ അറിഞ്ഞില്ല. പെട്ടെന്ന് ഞാനാകെ പരിഭ്രമിച്ചുപോയി,’ സാന്ദ്ര തോമസ് പറഞ്ഞു.
ആളുകള്‍ പുറത്തു വിചാരിക്കുന്നതുപോലെ ഒരു പ്രശ്‌നമല്ലായിരുന്നു തങ്ങള്‍ തമ്മിലുണ്ടായിരുന്നതെന്നും തന്നെ സംബന്ധിച്ചിടത്തോളം തന്റെ ഫസ്റ്റ് ബേബിയാണ് ഫ്രൈഡേ ഫിലിം ഹൗസ് എന്നും താരം പറഞ്ഞു. സ്വന്തം കുട്ടിയോട് ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ സഹിക്കാന്‍ പറ്റുമോ എന്നും ആ തിരിമറി നടത്തിയ ആളെ മുഖം നോക്കാതെ പുറത്താക്കിയത് വിജയ്ക്ക് വേദനയുണ്ടാക്കിയെന്നും സാന്ദ്ര പറഞ്ഞു.
ശേഷം പ്രൊഡക്ഷന്‍ ഹൗസ് മുഴുവനായും വിജയ് ബാബുവിനെ ഏല്‍പ്പിച്ച് പ്രൊഡക്ഷന്‍ രംഗത്ത് നിന്നും താന്‍ പിന്‍വാങ്ങുകയായിരുന്നെന്നും സാന്ദ്ര പറയുന്നു. കുറച്ച് ഷെയര്‍ എങ്കിലും ഫ്രൈഡേ ഫിലിംസില്‍ വെയ്ക്കാന്‍ വിജയ് തന്നെ നിര്‍ബന്ധിച്ചിരുന്നെങ്കിലും സിനിമ തന്നെ മടുത്താണ് താന്‍ അന്ന് പിന്മാറിയതെന്നും സാന്ദ്ര തോമസ് പറയുന്നു.