10 കോടിയൊക്കെ എന്തിന് വേണ്ടിയാണ് മുടക്കിയതെന്ന് സിനിമ കണ്ടവര്‍ക്ക് തോന്നും; പണം മുഴുവന്‍ പോയിട്ടുണ്ടാകുക ചിലരുടെ വീടുകളിലേക്കായിരിക്കും: സാന്ദ്ര തോമസ്
Entertainment news
10 കോടിയൊക്കെ എന്തിന് വേണ്ടിയാണ് മുടക്കിയതെന്ന് സിനിമ കണ്ടവര്‍ക്ക് തോന്നും; പണം മുഴുവന്‍ പോയിട്ടുണ്ടാകുക ചിലരുടെ വീടുകളിലേക്കായിരിക്കും: സാന്ദ്ര തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th May 2023, 1:34 pm

താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച് എല്ലാ സിനിമ സംഘടനകളും ചേര്‍ന്ന് സംയുക്തമായൊരു തീരുമാനത്തിലെത്തണമെന്ന് പ്രൊഡ്യൂസര്‍ സാന്ദ്രതോമസ്. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സാന്ദ്രയുടെ പ്രതികരണം.

പ്രൊഡ്യൂസര്‍ സുരേഷ് കുമാര്‍ പറഞ്ഞത് നൂറ് ശതമാനം ശരിയായ കാര്യമാണെന്നും, ഇന്‍ഡസ്ട്രിക്ക് അനുസരിച്ച് മാത്രമേ താരങ്ങള്‍ പ്രതിഫലം ചോദിക്കാവൂ എന്നും സാന്ദ്ര പറഞ്ഞു.

‘സുരേഷ് കുമാര്‍ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. ഇന്‍ഡസ്ട്രിക്ക് അനുസരിച്ച് മാത്രമേ പ്രതിഫലം ചോദിക്കാവൂ. ഇവിടെ കാര്യങ്ങള്‍ അണ്‍ബാലന്‍സ്ഡാണ്. അതിന്റെ കാരണം, ഇവിടെ സിനിമയുടെ കോസ്റ്റിന്റെ 70 ശതമാനവും താരങ്ങളുടെ പ്രതിഫലമാണ്. ബാക്കി മാത്രമേ ടെക്നീഷ്യന്‍ കോസ്റ്റും, പ്രൊഡക്ഷന്‍ കോസ്റ്റും വരുന്നുള്ളൂ. ഇങ്ങനെയായാല്‍ എങ്ങനെ ഇവിടെ ഒരു സിനിമ ബാലന്‍സ്ഡാകും.

10 കോടിയുടെയും 12 കോടിയുടെയും പടമായിരിക്കും എടുത്തിട്ടുണ്ടാകുക. ഇതിനകത്ത് എവിടെയാണ് ഇത്രയും പണം ഉപയോഗിച്ചത് എന്ന് കാണുന്നവര്‍ക്ക് തോന്നും. പക്ഷെ പണം മുഴുവന്‍ പോയിട്ടുണ്ടാകുക ചിലരുടെ വീടുകളിലേക്കായിരിക്കും. അതുകൊണ്ട് തന്നെ സുരേഷ് കുമാര്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ല, നൂറ് ശതമാനം ശരിയാണ്.

ഇവിടെ എല്ലാവര്‍ക്കും സംഘടനകളുണ്ട്. ആര്‍ട്ടിസ്റ്റിന് അസോസിയേഷനുണ്ട്, നിര്‍മാതാക്കള്‍ക്ക് അസോസിയേഷനുണ്ട്, ഫെഫ്കയുണ്ട് ഇവരെല്ലാവരും കൂടെ ഒന്നിച്ചിരുന്ന് സംയുക്തമായി ഒരു തീരുമാനത്തിലെത്തേണ്ടതുണ്ട്. കാരണം പല സിനിമകള്‍ക്കും ഇവിടെ കളക്ഷനില്ല. ഈ അടുത്തിറങ്ങിയ ഒരു സിനിമയില്‍ നിന്നും 10 ലക്ഷം രൂപക്ക് മുകളില്‍ തിയേറ്റര്‍ കളക്ഷന്‍ വന്നിട്ടില്ല, ഇങ്ങനെയൊരു സാഹചര്യത്തില്‍ ഇത്രയും കാശ് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. ഇന്‍ഡസ്ട്രി നശിച്ചുപോകും’, സാന്ദ്ര പറഞ്ഞു

content highlights: Sandra Thomas on the remuneration of film stars