താൻ മീഡിയ ബൈയ്യിങ് ജോലിയായി ചെയ്തിരുന്നപ്പോൾ ഏറ്റവും കൂടുതൽ പണം ഉണ്ടാക്കിയിരുന്നത് ഭക്തി സ്ലോട്ടുകളിലൂടെയാണെന്ന് നിർമാതാവ് സാന്ദ്ര തോമസ്. ഭക്തി സ്ലോട്ടുകൾ വിറ്റതിലൂടെ ധാരാളം പണം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നെന്നും സിനിമയിലേക്ക് വന്നതിന് ശേഷം ജോലി നിർത്തിയെന്നും സാന്ദ്ര പറഞ്ഞു. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാന്ദ്ര.
സിനിമയിലേക്ക് വരുന്നതിന് മുൻപ് തന്റെ ലക്ഷ്യം എന്തായിരുന്നെന്ന് സംസാരിക്കുകയായിരുന്നു സാന്ദ്ര.
‘സ്വന്തമായിട്ട് ബ്യൂട്ടി പാർലർ തുടങ്ങുക എന്നുള്ളത് എന്റെ ആഗ്രഹമായിരുന്നു. അതിലേക്കുള്ള വഴി ആങ്കറിങ് ആണെന്ന് ഞാൻ കണ്ടെത്തി. നമ്മൾ പ്രശസ്തയായാൽ നമ്മുടെ സ്പായിലേക്ക് ആളുകൾ വരുമെന്നുള്ള തോന്നൽ വന്നപ്പോൾ ആ മേഖലയിലേക്ക് പോയി. അങ്ങനെ ഞാൻ പുലിമടയിൽ ചെന്നാണ് കയറിയത്. സൂര്യയിൽ ഞാൻ ആങ്കർ ആയിട്ട് ജോലിക്ക് കയറി, കുറച്ച് കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി അതെന്റെ പണി അല്ലെന്ന്. ഞാൻ ജോലി നിർത്തുകയാണെന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞു അവിടുത്തെ വൈസ് പ്രസിഡന്റിനെ കാണാൻ. അങ്ങനെയാണ് ഞാൻ വിജയിയെ കാണുന്നത്. ജോലി നിർത്തുന്നതിന്റെ കാര്യം പുള്ളി തിരക്കി. എനിക്ക് ബിസിനസ് ആണ് താൽപര്യമെന്ന് ഞാൻ പറഞ്ഞു. ഇവിടെ (സൂര്യ ടി.വി) വിറ്റ് പോകാത്ത കുറച്ച് സ്ലോട്ടുകൾ ഉണ്ട് അതൊന്ന് വിറ്റ് നോക്കാൻ പുള്ളി പറഞ്ഞു. അവർ തന്നതിന്റെ ഇരട്ടി പൈസക്ക് ഞാൻ അത് വിറ്റ് കൊടുത്തു. അത് നടക്കുമെന്ന് ഞാൻ വിചാരിച്ചില്ല. ഞാൻ പറഞ്ഞ പൈസക്ക് അവർ വാങ്ങി, ഒരു വിലപേശൽ പ്രതീക്ഷിച്ചാണ് അത്രയും തുക ഞാൻ പറഞ്ഞത്.
ചാനലുകളുടെ രാവിലത്തെ സ്ലോട്ടാണ് ഞാൻ എടുത്തത്. അത് ഭക്തിയുമായി ബന്ധപ്പെട്ട പരിപാടിയുടെ ആയിരുന്നു. അതിന് ശേഷം എല്ലാ ചാനലുകളിൽനിന്നും സ്ലോട്ടുകൾ എടുക്കാൻ തുടങ്ങി. ഇവിടുത്തെ എല്ലാ ഭക്തി പ്രസ്ഥാനങ്ങളുമായി എനിക്ക് അടുത്ത ബന്ധവുമുണ്ടായിരുന്നു. എല്ലാ ചാനലുകളുടെയും രാവിലത്തെ ഭക്തി സ്ലോട്ടുകൾ കൈകാര്യം ചെയ്തിരുന്നത് ഞാൻ ആയിരുന്നു. നല്ല വരുമാനം കിട്ടി. ഏറ്റവും കൂടുതൽ പണം ഉണ്ടാക്കാൻ പറ്റുന്നത് ഭക്തിയിൽ നിന്നാണ്. അത് ഞാൻ പ്രയോജനപ്പെടുത്തി.
മീഡിയ ബൈയ്യിങ് എന്നാണ് അതിനെ പറയുന്നത്. ചാനലിൽ നിന്നും ഒരു സ്ലോട്ട് എടുത്ത് മറിച്ച് വിൽക്കുന്നതിനെയാണ് മീഡിയ ബൈയ്യിങ് എന്ന് പറയുന്നത്. സിനിമയിലേക്ക് വന്നപ്പോൾ അത് ഞാൻ നിർത്തി,’ സാന്ദ്ര പറഞ്ഞു.
Content Highlights: Sandra Thomas on religious slot selling