| Saturday, 1st July 2023, 11:59 pm

പ്രൊഡ്യൂസർ എന്ന നിലയിൽ വിഷമം തോന്നിയ സിനിമയാണ് പെരുച്ചാഴി: സാന്ദ്ര തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു നിർമാതാവ് എന്ന നിലയിൽ വിഷമം തോന്നിയ ചിത്രമാണ് മോഹൻലാൽ നായകനായ പെരുച്ചാഴി എന്ന് നിർമാതാവ് സാന്ദ്ര തോമസ്. കുറച്ചുകൂടി നല്ല കഥ ആകാമായിരുന്നെന്നും കുറച്ചുകൂടി മുടക്ക് മുതൽ കിട്ടണം എന്ന് തോന്നിയിട്ടുണ്ടെന്നും സാന്ദ്ര പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഒരു നിർമാതാവെന്ന നിലയിൽ ഭയങ്കര വിഷമം തോന്നിയ ചിത്രമാണ് പെരുച്ചാഴി. ഫ്രൈഡേ ഫിലിം എന്ന ബ്രാൻഡ് ഉണ്ടാക്കിയത് ആ ചിത്രമാണ്. ആ ചിത്രത്തിന്റേത് കുറച്ചുകൂടി നല്ല കഥ ആകാമായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ചെയ്ത ഒരു ചിത്രം പോലും എനിക്ക് നഷ്ടം വരുത്തിയിട്ടില്ല. നഷ്‍ടം വരുത്തിക്കൊണ്ട് സിനിമ ചെയ്യരുതെന്ന് ഈ ഫീൽഡിലേക്ക് വന്നപ്പോൾ തന്നെ ഞാൻ തീരുമാനിച്ചിരുന്നു. എനിക്കിതുവരെ നഷ്ടം വന്നിട്ടില്ല. പക്ഷെ പ്രോഫിറ്റ് കുറച്ച് മാത്രം കിട്ടിയ പടങ്ങൾ ഉണ്ട്. പടം എങ്ങനെ വിൽക്കണം എന്ന് എനിക്ക് നന്നായി അറിയാം,’ സാന്ദ്ര തോമസ് പറഞ്ഞു.

പെരുച്ചാഴി എന്ന സിനിമ ചെയ്യണോ വേണ്ടയോ എന്ന സംശയം ഉണ്ടായിരുന്നെന്നും ഒരു ബ്രാൻഡ് ഉണ്ടാക്കിയെടുക്കുക എന്ന രീതിയിൽ അത് ചെയ്തേപറ്റൂ എന്ന് തോന്നിയതുകൊണ്ടാണ് പെരുച്ചാഴി ചെയ്യാൻ തീരുമാനയിച്ചതെന്നും സാന്ദ്ര പറഞ്ഞു.

‘പെരുച്ചാഴിയുടെ സ്ക്രിപ്റ്റ് നല്ലതായിരുന്നില്ല. അത് ആളുകൾക്ക് വർക്കായിരുന്നില്ല. ഒരു ബ്രാൻഡ് ഉണ്ടാക്കിയെടുക്കുന്നതിന്റെ ഭാഗമായിട്ട് ആ ചിത്രം ചെയ്യേണ്ടിയിരുന്നു. സക്കറിയയുടെ ഗർഭിണികൾ, ഫ്രൈഡേ, മങ്കി പെൻ എന്നീ ചെറിയ ചിത്രങ്ങൾ ചെയ്തിട്ട് ഈ ചിത്രം ചെയ്യണോ എന്ന കൺഫ്യൂഷനും എനിക്കുണ്ടായിരുന്നു,’ സാന്ദ്ര തോമസ് പറഞ്ഞു.

മുർഫി ദേവസി സംവിധാനം ചെയ്ത് പ്രഫുൽ സുരേഷ് തിരക്കഥ എഴുതുന്ന നല്ല നിലാവുള്ള രാത്രിയാണ് സാന്ദ്ര തോമസ് നിർമിച്ച പുതിയ ചിത്രം. ചെമ്പൻ വിനോദ്, ബിനു പപ്പു,ബാബുരാജ്, ജിനു ജോസ്, റോണി ഡേവിഡ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിചിരിക്കുന്നത്.

Content Highlights: Sandra Thomas on Peruchazhi movie

We use cookies to give you the best possible experience. Learn more