നന്നാകും എന്ന പ്രതീക്ഷ ഉണ്ടായിട്ടും സിനിമയിൽ ഉഴപ്പുന്നവരെ ഒന്നും ചെയ്യാനാകില്ലെന്ന് നിർമാതാവ് സാന്ദ്ര തോമസ്. അത്തരത്തിലുള്ളവരുടെ കാലുപിടിക്കേണ്ടി വരുമെന്നും അങ്ങനെ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും സാന്ദ്ര പറഞ്ഞു. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘സിനിമയിൽ ഉഴപ്പുകയും മാനേജ് ചെയ്യാൻ പറ്റില്ലെന്ന് ഉറപ്പുള്ളവരെയും നമുക്ക് ഒന്നും ചെയ്യാനാകില്ല. ദൈവത്തിനോട് പ്രാർത്ഥിക്കാനേ പറ്റൂ. പിന്നെ കാല് പിടിക്കുക എന്ന ഒറ്റ വഴിയേ ഒള്ളു. കാലുപിടിക്കേണ്ട അവസ്ഥ വന്നിട്ടുമുണ്ട്. അപ്പോൾ നമുക്ക് സ്വയമുള്ള മതിപ്പ് നഷ്ടപ്പെടുകയും എന്തിനാണ് സിനിമ എടുത്തത് എന്നൊരു ചിന്ത വരികയും ചെയ്യും. നമ്മൾ കാശ്കൊടുത്തിട്ട് മറ്റൊരാളുടെ കാല് പിടിക്കുക എന്ന് പറയുന്നത് വളരെ മോശം അവസ്ഥയാണ്. അത് നമുക്ക് മാനസികമായി ധാരാളം ബുദ്ധിമുട്ടുണ്ടാക്കും.
എത്ര പറഞ്ഞാലും അങ്ങനെയുള്ളവർക്ക് മനസിലാകില്ല. എല്ലാ നിർമാതാക്കളും ആർട്ടിസ്റ്റുകൾക്ക് മുൻപിൽ വിധേയത്തോടുകൂടി നിൽക്കണമെന്നാണ് അവർ വിചാരിക്കുന്നത്. ഞാൻ അങ്ങനെ വിധേയ ആയിട്ട് നിൽക്കാറില്ല,’ സാന്ദ്ര തോമസ് പറഞ്ഞു.
നിർമാതാക്കളുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും സ്വന്തമായിട്ട് വണ്ടി പോലും ചിലപ്പോൾ ഉണ്ടാകില്ലെന്നും സാന്ദ്ര പറഞ്ഞു.
‘നിർമാതാവ് എന്നൊരു പേര് മാത്രമാണ് ഇൻഡസ്ട്രിയിൽ ഉള്ളത്. പൊതു സമൂഹത്തിനാണ് നിർമാതാക്കൾ എന്നാൽ വലിയൊരാളാണെന്നുള്ള ചിന്തയുള്ളത്. അതായത് ഇവരാണ് പണം മുടക്കുന്നതെന്ന് അവർക്കറിയാം. പ്രശസ്തിക്കും താരങ്ങളെ പരിചയപ്പെടുന്നതിനും വേണ്ടി സിനിമ ചെയ്യുന്നവരാണ് നിർമാതാക്കൾ എന്നാണ് പലരുടെയും ധാരണ. നിർമാതാക്കളിൽ പലരുടെയും അവസ്ഥ വളരെ പരിതാപകരമാണ്. വളരെ പ്രശസ്തമായ സിനിമകൾ ഒക്കെ ചെയ്തവരൊക്കെ ആയിരിക്കും, ചിലപ്പോൾ അവർക്ക് സ്വന്തമായിട്ട് ഒരു വണ്ടി പോലും ഉണ്ടാകില്ല. അത്രയും പരിതാപകരമാണ് അവരുടെ അവസ്ഥ. ഒരു പടം ഹിറ്റ് ആയാൽ ചിലപ്പോൾ രണ്ടെണ്ണം മോശം ആയിരിക്കും. പിന്നീട് ഇവരെക്കുറിച്ചൊന്നും ആരും കേൾക്കില്ല,’ സാന്ദ്ര തോമസ് പറഞ്ഞു.
Content Highlights: Sandra Thomas on movie production