തനിക്ക് ഫേസ്ബുക്കിൽ എട്ട് ലക്ഷം ഫോളോവേഴ്സ് തികഞ്ഞെന്ന് മോഹൻലാൽ പറഞ്ഞാണ് താൻ അറിയുന്നതെന്ന് നിർമാതാവ് സാന്ദ്ര തോമസ്. തനിക്ക് ഫേസ്ബുക്ക് ഉപയോഗിക്കാൻ അറിയില്ലായിരുന്നെനും തന്റെ കുട്ടികൾ ആളുകളെ പോസിറ്റിവ് ആയി സ്വാധീനിക്കുന്നതുകൊണ്ടാണ് യൂട്യൂബ് വീഡിയോകൾ വീണ്ടും പോസ്റ്റ് ചെയ്യുന്നതെന്നും സാന്ദ്ര പറഞ്ഞു. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഓർക്കൂട്ട് പോയതിനു ശേഷം ഫേസ്ബുക്ക് വന്നല്ലോ. ഞാൻ അത് വല്യ കാര്യമായി ഉപയോഗിക്കാറില്ലായിരുന്നു. എനിക്ക് ഫേസ്ബുക്കിൽ എട്ട് ലക്ഷം ഫോളോവേഴ്സ് ആയെന്ന് പെരുച്ചാഴി ചെയ്യുമ്പോൾ ലാലേട്ടൻ പറഞ്ഞാണ് ഞാൻ അറിയുന്നത്. ലാലേട്ടനോട് സുചിത്ര ചേച്ചിയാണ് ഇക്കാര്യം പറഞ്ഞത്. പറഞ്ഞത്. ഫേസ്ബുക്കിന്റെ ടെക്നിക്കൽ ആയിട്ടുള്ള ഒരു കാര്യവും എനിക്കറിയില്ല.
കുട്ടികൾക്ക് രണ്ട് വയസ്സായതിന് ശേഷമാണ് ഞാൻ യൂട്യൂബ് ചാനൽ തുടങ്ങുന്നത്. എന്റെ സഹോദരിക്ക് ഒരു യൂട്യൂബ് ചാനൽ തുടങ്ങണമെന്ന് പറഞ്ഞു. അപ്പോൾ എന്റെ എന്തെങ്കിലും വീഡിയോയിൽ തുടങ്ങാം അതാവുമ്പോൾ കുറച്ച് പേര് ശ്രദ്ധിച്ചോളുമല്ലോ എന്ന് അവൾ പറഞ്ഞു. അങ്ങനെയാണ് പിള്ളേരെ വെച്ച് മാമ്പഴംകൊണ്ട് ജാം ഉണ്ടാക്കുന്ന വീഡിയോ ചെയ്തത്. അത് അപ്പോൾ വൈറലായി. അതിന് മുൻപ് കുട്ടികൾ മരങ്ങൾ വെച്ച് പിടിപ്പിക്കുന്ന വീഡിയോ ലാലേട്ടൻ ഷെയർ ചെയ്തിരുന്നു. അപ്പോൾ അദ്ദേഹം ചോദിച്ചു യൂട്യൂബ് ചാനൽ ഉണ്ടോ എന്ന്. അങ്ങനെയാണ് ജാം ഉണ്ടാക്കുന്ന വീഡിയോയിലേക്ക് വരുന്നത്,’ സാന്ദ്ര പറഞ്ഞു.
തന്റെ കുട്ടികളുടെ വീഡിയോകൾ മറ്റുള്ളവരെ പോസിറ്റിവ് ആയി സ്വാധീനിക്കാൻ തുടങ്ങിയെന്നും കുട്ടികൾ വലുതായപ്പോൾ അവരുടെ പ്രൈവസിയെ മാനിച്ചാണ് ഇപ്പോൾ വീഡിയോകൾ കുറച്ചതെന്നും സാന്ദ്ര പറഞ്ഞു.
‘പഴയ വീഡിയോകൾ കണ്ടിട്ട് ആളുകൾ ‘തങ്ക കൊലുസ്’ (കുട്ടികളുടെ പേര്) എവിടെയെന്ന് തിരക്കാൻ തുടങ്ങി. അപ്പോൾ വീഡിയോകൾ നിർബന്ധമായും ഇടേണ്ടി വന്നു. അതിലൂടെ എനിക്ക് മനസിലായി എന്റെ കുട്ടികൾ ആളുകളെ പോസിറ്റീവ് ആയി സ്വാധീനിക്കുന്നുണ്ടെന്ന്. എന്റെ മക്കൾ കാരണം ആളുകൾ അവരുടെ കുട്ടികളെ മഴയത്തും വെയിലത്തും ഇറക്കാൻ തുടങ്ങി.
ആളുകൾ അവരുടെ കുട്ടികളെ പനിയും മറ്റ് അസുഖങ്ങളും വരുമെന്നോർത്ത് മഴയത്തും വെയിലത്തും ഇറക്കില്ല. എന്റെ കുട്ടികൾ പോസിറ്റീവായി ആളുകളെ സ്വാധീനിച്ചതാണ് എനിക്കിഷ്ടപ്പെട്ടത്. രണ്ട് വർഷം വീഡിയോകൾ ചെയ്തു, പിന്നീട് ഇടാറില്ല. കാരണം ഞാൻ അവരുടെ പ്രൈവസിയെ മാനിക്കുന്നു. അവരുടെ ജീവിതം എല്ലാവരും കാണണ്ടേ കാര്യമില്ല. മാത്രമല്ല അവർ അമ്മയുടെ കണ്ടന്റ് വഴിയല്ല അറിയപ്പെടേണ്ടത്. അവരുടെ രീതിയിലാണ്,’ സാന്ദ്ര പറഞ്ഞു.
Content Highlights: Sandra Thomas on Mohanlal