| Tuesday, 4th July 2023, 9:23 pm

ആട് റീ എഡിറ്റ് ചെയ്തത് ലിജോ ജോസ് പെല്ലിശ്ശേരി: സാന്ദ്ര തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രം റീ എഡിറ്റ് ചെയ്തത് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയെന്ന് നിർമാതാവ് സാന്ദ്ര തോമസ്. നോൺ ലീനിയർ രീതിയിൽ എടുത്ത ചിത്രം പ്രേക്ഷകർക്ക് മനസിലാകാതെ വന്നപ്പോൾ സുഹൃത്തായ ലിജോ ജോസ് പെല്ലിശ്ശേരി എഡിറ്റ് ചെയ്ത് തന്നതാണെന്ന് സാന്ദ്ര പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാന്ദ്ര.

‘ആട് റീ എഡിറ്റ് ചെയ്തിട്ടുണ്ട്. ചിത്രം ഞങ്ങൾ നോൺ ലീനിയർ ആയിട്ടാണ് ചെയ്തിരുന്നത്. സിനിമ കണ്ടപ്പോൾ ആർക്കും ഒന്നും മനസിലായില്ല. ഞങ്ങൾ നല്ല പ്രതീക്ഷയോട്കൂടിയാണ് തിയേറ്ററിലേക്ക് പോയത്. ആദ്യ ദിവസം തന്നെ നിരാശയായി.

എഫ്.ഡി.എഫ്.എസ് (ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ) കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾ പോയത് എഡിറ്റിങ് സ്യൂട്ടിലേക്കാണ്. റീ എഡിറ്റ് ചെയ്യാൻ തീരുമാനിച്ചു. ഞങ്ങൾ ആദ്യം പറഞ്ഞിരുന്നു നോൺ ലീനിയർ വർക്കാവില്ലെന്ന്. അപ്പോൾ എഡിറ്ററും ഡയറക്ടറും പറഞ്ഞു ഇല്ല ഇത് വർക്കാവുമെന്ന്. പക്ഷെ സിനിമ ഇറങ്ങിയപ്പോൾ അത് വർക്കായില്ല.

എഡിറ്റ് സ്യൂട്ടിൽ ഞങ്ങളുടെ കൂടെ ലിജോ ഉണ്ടായിരുന്നു (ലിജോ ജോസ് പെല്ലിശ്ശേരി). ഞങ്ങളുടെ അടുത്ത സുഹൃത്താണ് അദ്ദേഹം. ഞങ്ങളുടെ എഡിറ്റർ ലിജോയുടെ കൂടെ ഇരുന്ന്‌ ലിജോ (ലിജോ ജോസ്) എഡിറ്റ് ചെയ്യിച്ചു. അത് ഞങ്ങളെ ഒരു ഫ്രണ്ട് ആയതുകൊണ്ട് സഹായിച്ചതാണ്. അന്ന് ഒരു ഉച്ച മുതൽ ലിജോ ഇരുന്ന് എഡിറ്റ് ചെയ്തു അടുത്ത ദിവസം ഞങ്ങൾ കണ്ടന്റ് കൊടുത്തു,’ സാന്ദ്ര തോമസ് പറഞ്ഞു.

ആടിന്റെ ഒന്നാം ഭാഗം സി.ഡി. ഇറങ്ങിയതിനു ശേഷം പ്രേക്ഷക സ്വീകാര്യത നേടിയത് ആരും അറിഞ്ഞിരുന്നില്ലെന്നും അടികപ്യാരേ ഷൂട്ട് ചെയ്യാൻ പോയപ്പോൾ സെറ്റിൽ നിന്നും അറിയുകയായിരുന്നെന്നും സാന്ദ്ര പറഞ്ഞു.

‘ആട് സിനിമയുടെ ഒന്നാം ഭാഗം ധാരാളം സി.ഡികൾ വിറ്റ് പോയി. ഞങ്ങൾ വിചാരിച്ചു സീരിയൽ കണക്കുന്ന ഓഡിയൻസ് ഉണ്ട് അവർക്കായിരിക്കും ഇത് ഇഷ്ടപ്പെട്ടതെന്ന്. യുവാക്കൾക്ക് എന്തായാലും ഇഷ്ടമായിരുന്നില്ല. അന്ന് ഞങ്ങൾ അത് അത്ര ശ്രദ്ധിച്ചുമില്ല.

പടം സി.ഡി റിലീസിന് ശേഷം ഹിറ്റായെന്ന അറിഞ്ഞത്‌ അടി കപ്പ്യാരെ കൂട്ടമണി ചെയ്യാൻ യൂണിവേഴ്സിറ്റി കോളേജിൽ ചെന്നപ്പോഴാണ്. അപ്പോൾ ആളുകൾ സർബത്ത് ഷമീറെന്നും, മേനക കാന്തൻ എന്നൊക്കെ ഞങ്ങളെ വിളിക്കുന്നു. ആദ്യം വിചാരിച്ചത് ഞങ്ങളെ കളിയാക്കുന്നതാണെന്നാണ്. ഞങ്ങൾ കടന്ന് പോകുന്നതൊന്നും അറിയുന്നു പോലുമില്ല, എല്ലാവരും കൂട്ടം കൂടിയിരുന്ന് സിനിമയിലെ സീനുകൾ കാണുകയായിരുന്നു. അന്നാണ് ഞങ്ങൾക്ക് മനസിലായത് ആട് ഹിറ്റായിരുന്നെന്ന്,’ സാന്ദ്ര പറഞ്ഞു.

Content Highlights: Sandra Thomas on Lijo Jose Pellissery

We use cookies to give you the best possible experience. Learn more