സ്വന്തമായിട്ട് വണ്ടി പോലും ഇല്ലാത്ത നിർമാതാക്കളുണ്ട്, ചിലർ അപമര്യാദയോടെ പെരുമാറിയിട്ടുമുണ്ട്: സാന്ദ്ര തോമസ്
Entertainment
സ്വന്തമായിട്ട് വണ്ടി പോലും ഇല്ലാത്ത നിർമാതാക്കളുണ്ട്, ചിലർ അപമര്യാദയോടെ പെരുമാറിയിട്ടുമുണ്ട്: സാന്ദ്ര തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th June 2023, 11:29 pm

നിർമാതാക്കളിൽ പലർക്കും സ്വന്തമായി ഒരു വണ്ടി പോലുമില്ലെന്നും തുച്ഛമായിട്ടുള്ള പ്രതിഫലത്തിനായി താരങ്ങളുടെ തർക്കങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. സിനിമ മേഖലയിൽ നിർമാതാക്കൾക്ക് വിലകൽപ്പിക്കുന്നത് വളരെ കുറവാണെന്നും താരം പറഞ്ഞു. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാന്ദ്ര.

‘നിർമാതാക്കളുടെ അവസ്ഥ വളരെ പരിതാപകരമാണ്. വളരെ ഫേമസ് ആയിട്ടുള്ള സിനിമയൊക്കെ ചെയ്ത നിർമാതാവൊക്കെ ആയിരിക്കും, ഒരു വണ്ടി പോലും സ്വന്തമായിട്ട് ഉണ്ടാകില്ല. കാരണം അത്രയും പരിതാപകരമാണ് അവസ്ഥ. കാരണം ഒരു സിനിമ നല്ല പണം ഉണ്ടാക്കിയിട്ടുണ്ടാകും, അപ്പോൾ അടുത്ത രണ്ട് പടങ്ങൾ മോശമായി പോയിട്ടുണ്ടാകും. പിന്നെ അവരെക്കുറിച്ചൊന്നും ആരും കേൾക്കുകയും ഉണ്ടാകില്ല. അങ്ങനെയുള്ള ഒത്തിരി ആളുകൾ ഉണ്ട്. ഞങ്ങൾ അസോസിയേഷനിൽ ഇരിക്കുമ്പോൾ കാണാമല്ലോ. അസോസിയേഷന്റെ ജനറൽ ബോഡി മീറ്റിങ് വെച്ചാൽ അവിടെ കാർ പാർക്കിങ് ഒന്നും ഒരിക്കലും ഫുൾ ആയിട്ടുണ്ടാകില്ല. കാരണത്തെ ആർക്കും വണ്ടിയൊന്നുമില്ല,’ സാന്ദ്ര പറഞ്ഞു.

ആർക്കും നിർമാതാവാകാം എന്നൊരു ചിന്ത ആളുകൾക്കുണ്ടെന്നും റോളിംങ്ങിലൂടെ പണം മുടക്കുന്നത്കൊണ്ടും നിർമാതാക്കളോട് അപമര്യാദയായിട്ട് പലരും പെരുമാറിയിട്ടുണ്ടെന്നും സാന്ദ്ര പറഞ്ഞു.

‘ഇപ്പോൾ സാറ്റ്ലൈറ്റും മറ്റ് ഡിജിറ്റൽ പ്ലാറ്റുഫോമുകളും വന്നതിന് ശേഷം എല്ലാവരുടെയും വിചാരം ആർക്കും പ്രൊഡ്യൂസർ ആകാമെന്നാണ്. പൈസ വേണമെന്ന് തന്നെയില്ല റോളിംങ്ങിലാണ് പണം ഉണ്ടാക്കുന്നതെന്നും ഒരു വിചാരം ഉണ്ട്.

നിർമാണം പാടുള്ള പണിയല്ലെന്നാണ് ഭൂരിഭാഗവും വിചാരിക്കുന്നത്. അത് ചുമ്മാ പണം മുടക്കുന്ന പണിയാണെന്നും ധാരണകൾ ഉണ്ട്. ഇതുകൊണ്ടൊക്കെയാകാം പലപ്പോഴും അപമര്യാദയോടെയാണ് ആളുകൾ നിർമാതാക്കളോട് സംസാരിച്ചിട്ടുള്ളത്. അത് വളരെ വേദനയുള്ള കാര്യമാണ്. സെറ്റിൽ എല്ലാവരും ഒറ്റക്കെട്ടാണ്. സിനിമ തുടങ്ങി എന്തെങ്കിലും ഒരു ചെറിയ പ്രശ്നം വന്നാൽ പ്രൊഡ്യൂസർ ഒറ്റക്കാകും. എന്തെങ്കിലും കാരണം കിട്ടാനായി ആളുകൾ നോക്കിയിരിക്കുകയാണ്. സെറ്റിൽ ആർക്കും ഒരു പ്രശ്നവും വരരുതെന്നോർത്ത് എല്ലാം ഭംഗിയായി നോക്കുന്നത് നിർമാതാക്കളാണ്. മിക്കവരും ഒരുപാട് പണം വാങ്ങിയിട്ടാണ് സിനിമയിൽ അഭിനയിക്കുന്നത്. ഇത്തരത്തിൽ പണം വാങ്ങിക്കുന്നവർ വഴക്കിടുന്നത് 3000 , 2000 രൂപയ്ക്കൊക്കെ വേണ്ടിയിട്ടാകും. അത് വളരെ പെയിൻഫുൾ ആണ്,’ സാന്ദ്ര തോമസ് പറഞ്ഞു.

Content Highlights: Sandra Thomas on Film Production