| Thursday, 1st June 2023, 11:23 am

ഇതില്‍ സ്ത്രീകള്‍ക്ക് ഒരു സ്‌പേസില്ല; എനിക്ക് താല്‍പര്യമില്ലാത്തത് കൊണ്ട് അഭിനയിച്ചില്ല: സാന്ദ്രാ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നല്ല നിലാവുള്ള രാത്രി എന്ന സിനിമയില്‍ സ്ത്രീകള്‍ക്ക് സ്‌പേസില്ലെന്ന് നിര്‍മാതാവ് സാന്ദ്രാ തോമസ്. നടന്‍ ബാബുരാജിന്റെ ഭാര്യയുടെ കഥാപാത്രം തന്നോട് ചെയ്യാമോ എന്ന് ചോദിച്ചിരുന്നുവെന്നും തനിക്ക് അഭിനയത്തോട് വലിയ താല്‍പര്യമില്ലാത്തത് കൊണ്ട് ചെയ്തില്ലെന്നും സാന്ദ്ര പറഞ്ഞു.

നല്ല നിലാവുള്ള രാത്രിയുടെ പ്രൊമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാന്ദ്ര തോമസ്, സംവിധായകന്‍ മര്‍ഫി ദേവസി, ബാബുരാജ്.

‘ഇതിനകത്ത് സ്ത്രീകള്‍ക്ക് ഒരു സ്‌പേസില്ല. പിന്നെയൊരു ചെറിയ റോളുണ്ടായത് ബാബുച്ചേട്ടന്റെ (ബാബുരാജ്) ഭാര്യയായിട്ടുള്ള ഒരു കഥാപാത്രമാണ്. ബാബുച്ചേട്ടന്‍ ആ കഥാപാത്രം എന്നോട് ചെയ്യാമോ എന്ന് ചോദിച്ചിരുന്നു. എനിക്ക് അഭിനയത്തോട് വലിയ താല്‍പര്യമില്ലാത്തത് ആ റോള്‍ ചെയ്തില്ല,’ അവര്‍ പറഞ്ഞു. ഈ സിനിമയില്‍ സാന്ദ്ര തോമസ് അഭിനയിച്ചിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍.

സിനിമയുടെ സ്‌ട്രെങ്ത് സ്‌ക്രീന്‍ പ്ലേയാണെന്നും ഒരാള്‍ ഒഴിച്ച് ബാക്കിയെല്ലാവരും ഫസ്റ്റ് ചോയ്‌സാണെന്നും അവര്‍ പറഞ്ഞു.

‘ഇതിന്റെ ഒരു സ്‌ട്രെങ്ത് എന്ന് പറയുന്നത് സെക്കന്റ് ഹാഫിലെ സ്‌ക്രീന്‍ പ്ലേയാണ്. എനിക്ക് അതില്‍ ഇഷ്ടപ്പെട്ട കാര്യം ആ പ്ലേയാണ്. അത് നന്നായി വന്നിട്ടുണ്ടെന്നാണ് നമ്മുടെ വിശ്വാസം. മാത്രമല്ല, ഇത്രയും ആര്‍ട്ടിസ്റ്റുകള്‍ ഒരുമിച്ചൊരു ഫ്രെയിമില്‍ വരുന്നു. നമ്മള്‍ ആലോചിച്ചിരുന്ന എല്ലാ ആര്‍ട്ടിസ്റ്റുകളും ഇതില്‍ വന്നു. ഒരാള്‍ ഒഴിച്ച് ബാക്കിയെല്ലാവരും ഫസ്റ്റ് ചോയ്‌സാണ്.

ഫസ്റ്റ് ചോയിസായിട്ടുള്ള എല്ലാ ആര്‍ട്ടിസ്റ്റുകളും തന്നെ ഒരു ഫ്രെയിമില്‍ നില്‍ക്കുന്നതിന്റെ ഒരു എക്‌സൈറ്റ്‌മെന്റുണ്ടല്ലോ. അതും ത്രില്ലര്‍ പടം, കടാമുട്ടന്‍മാരായ എട്ട് ആണുങ്ങള്‍ അതാണ് എന്നെ ഇതിനകത്ത് എക്‌സൈറ്റ് ചെയ്ത ഒരു കാര്യം എന്നത്,’ സാന്ദ്രാ തോമസ് പറഞ്ഞു.

സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്. മര്‍ഫി ദേവസി സംവിധാനം ചെയ്യുന്ന ആദ്യ പടം കൂടിയാണിത്.

ചിത്രത്തില്‍ ബാബുരാജിനെ കൂടാതെ ചെമ്പന്‍ വിനോദ് ജോസ്, ജിനു ജോസഫ്, ബിനു പാപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മര്‍ഫി ദേവസ്സിയും പ്രഫുല്‍ സുരേഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്.

content highlight: sandra thomas about nalla nilavulla rathri

We use cookies to give you the best possible experience. Learn more