കൊച്ചി: മലയാള സിനിമാ മേഖലയില്‍ അധികം സ്ത്രീകള്‍ കടന്നു ചെല്ലാത്ത നിര്‍മാണ മേഖലയിലെത്തി ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ച വ്യക്തിയാണ് സാന്ദ്ര തോമസ്. ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിലെ ‘ആടെവിടെ പാപ്പാനെ’ എന്ന ഒറ്റ ഡയലോഗിലുടെ പാപ്പനെ വിറപ്പിച്ച മേനക കാന്തനെ മലയാളി ഒരിക്കലും മറക്കാനിടയില്ല. തന്റെ ഇഷ്ട സിനിമകളെ കുറിച്ച് പറയുകയാണ് സാന്ദ്രയിപ്പോള്‍.
ഒ.ടി.ടി പ്ലാറ്റ്ഫോം വന്നതോടുകൂടി താനിപ്പോള്‍ കൂടുതലും സ്പാനിഷ്, ഫ്രഞ്ച് ചിത്രങ്ങളാണ് കാണുന്നതെന്നാണ് താരം പറയുന്നത്. ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ വന്നതോടെ ഇത്തരത്തില്‍ ഒരുപാട് സിനിമകള്‍ കാണാന്‍ സാധിക്കുന്നുണ്ടെന്നും അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ ഇറങ്ങുന്ന മലയാള സിനിമകളൊന്നും അത്രയ്ക്ക് ആകര്‍ഷകമായി തോന്നുന്നില്ലെന്നും കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ സാന്ദ്ര പറയുന്നു.
തന്നെ സംബന്ധിച്ച് ഇപ്പോള്‍ ഇറങ്ങുന്ന മലയാള സിനിമകളെല്ലാം വെറുതെ കണ്ടിരിക്കാന്‍ പറ്റുന്നതാണ് എന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ വന്നതോടെ പുതിയ ഫിലിം മേക്കേഴ്സ് ഇന്‍ഡസ്ട്രിയിലേക്ക് കടന്നു വരുന്നുണ്ടെന്നും അവര്‍ക്ക് വളരാനുള്ള അവസരമാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ നല്‍കുന്നത് എന്നും സാന്ദ്ര തോമസ് പറയുന്നു.
ത്രില്ലര്‍ സിനിമകള്‍ക്ക് യാതൊരു വിധ മാര്‍ക്കറ്റും ഇല്ലാതിരുന്ന മേഖലയാണ് മലയാള സിനിമയെന്നും തന്റെയടുത്ത് കഥ പറയാന്‍ വരുന്നവരോട് ത്രില്ലര്‍ ആണെങ്കില്‍ പറയണ്ട എന്ന നിലപാടാണ് തനിക്ക് ഉണ്ടായിരുന്നതെന്നും താരം പറയുന്നു. ത്രില്ലര്‍ സിനിമകളുടെ സാറ്റ്‌ലൈറ്റ് വിറ്റു പോകില്ല, ചാനലില്‍ ഓടില്ല എന്നതാണ് ത്രില്ലറുകള്‍ ചെയ്യാതിരിക്കാന്‍ കാരണമെന്നും സാന്ദ്ര പറയുന്നു.