|

ഞാന്‍ നോക്കുമ്പോള്‍ ലിറിക്‌സ് മുഴുവന്‍ ഡബിള്‍ മീനിങ്ങ്; എന്റെ സിനിമയില്‍ ഇത് നടക്കില്ലെന്ന് പറഞ്ഞു: സാന്ദ്ര തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നല്ല നിലാവുള്ള രാത്രി എന്ന സിനിമയിലെ ആകെയുള്ള പാട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് സാന്ദ്രാ തോമസ്. ആദ്യം രചിച്ച പാട്ടില്‍ മുഴുവന്‍ ഡബിള്‍ മീനിങ്ങായിരുന്നുവെന്നും അത് തന്റെ സിനിമയില്‍ പറ്റില്ലെന്ന് സംവിധായകനോടും മ്യൂസിക് ഡയറക്ടറോടും അറിയിച്ചെന്നും സാന്ദ്ര പറഞ്ഞു.

പിന്നീട് ആ വരികള്‍ മാറ്റിയെന്നും ആദ്യമുണ്ടാക്കിയ പാട്ടല്ല ഇപ്പോള്‍ സിനിമയിലെന്നും അവര്‍ പ്രൊമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സംവിധായകന്‍ മര്‍ഫി ദേവസി, നടന്‍ ബാബുരാജ് എന്നിവരും അഭിമുഖത്തില്‍ പങ്കെടുത്തു.

‘വര്‍ക്ക് എവിടെ വരെയായി എന്ന് കൈലാസിനോട് ചോദിച്ചപ്പോള്‍ ലിറിക്‌സ് എഴുതിയെന്ന് കൈലാസ് (മ്യൂസിക് ഡയറക്ടര്‍)പറഞ്ഞു. ഇനി പാട്ടിലേക്ക് കടന്നാല്‍ മതിയെന്നും പറഞ്ഞു. എനിക്ക് കൂടി ലിറിക്‌സ് അയച്ച് തരൂവെന്ന് ഞാന്‍ പറഞ്ഞു. ലിറിക്‌സ് നോക്കിയപ്പോള്‍ ഫുള്‍ ഡബിള്‍ മീനിങ്.

ഇത് നടക്കില്ലെന്ന് ഞാന്‍ പറഞ്ഞു. എന്റെ പടത്തില്‍ ഇങ്ങനൊരു പാട്ട് പറ്റില്ലെന്ന് പറഞ്ഞു. എന്റെ പടത്തില്‍ ഇങ്ങനൊരു പാട്ട് വെക്കാന്‍ സമ്മതിക്കത്തില്ലെന്ന് പറഞ്ഞു. മര്‍ഫീടെ റഫറന്‍സ് അനുസരിച്ചാണ് ഞങ്ങള്‍ ചെയ്തിരിക്കുന്നതെന്ന് കൈലാസും അറിയിച്ചു. മര്‍ഫി ബ്രീഫ് ചെയ്ത് വെച്ചേക്കുന്നത് വെച്ചിട്ടാണ് ഇത് ചെയ്‌തേക്കുന്നേ എന്നും പറഞ്ഞു.

ഉടനേ ഞാന്‍ മര്‍ഫിയെ വിളിച്ചു. ഇത് എന്താ ഇത്, എന്റെ പടത്തില്‍ ഈ പാട്ട് വെക്കാന്‍ ഞാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞു. ഞാന്‍ ഇപ്പോള്‍ വരാം, നേരിട്ട് സംസാരിക്കാമെന്ന് മര്‍ഫിയും. മര്‍ഫി നേരെ ഒരു പേപ്പറും കൊണ്ട് എന്റെടുത്ത് വന്നു,’ സാന്ദ്ര തോമസ് പറഞ്ഞു.

തുടര്‍ന്ന് ഇതല്ല വേറെ പാട്ടുണ്ടെന്ന് പറഞ്ഞ് ഇപ്പോഴുള്ള വരികള്‍ താന്‍ കേള്‍പ്പിച്ച് കൊടുത്തുവെന്ന് മര്‍ഫിയും കൂട്ടിച്ചേര്‍ത്തു. രണ്ടാമത്തെ വരികള്‍ കേട്ടപ്പോള്‍ കുഴപ്പമില്ലെന്ന് തോന്നിയതായി സാന്ദ്രയും വ്യക്തമാക്കി.

‘കോട്ടയത്തുള്ളൊരു കുട്ടപ്പന്‍ ചേട്ടന്‍ കോല് കുത്തിച്ചാടി സ്വര്‍ണം നേടി. ഇതിനകത്ത് എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് ചോദിച്ചു. ഇതിനകത്ത് കുഴപ്പമില്ലെന്ന് ഞാന്‍ പറഞ്ഞു. അത്രയേയുള്ളൂ സാധനം. ഇത് ചെയ്യാന്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ചു. കുഴപ്പമില്ലെന്ന് ഞാനും പറഞ്ഞു. എന്നാ പിന്നെ ചെയ്‌തോന്നും പറഞ്ഞു,’ സാന്ദ്രാ തോമസ് പറഞ്ഞു.

സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്. മര്‍ഫി ദേവസി സംവിധാനം ചെയ്യുന്ന ആദ്യ പടം കൂടിയാണിത്.

ചിത്രത്തില്‍ ബാബുരാജിനെ കൂടാതെ ചെമ്പന്‍ വിനോദ് ജോസ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മര്‍ഫി ദേവസ്സിയും പ്രഫുല്‍ സുരേഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്.

content highlight: sandra thomas about lyrics in nallanilavulla rathri

Video Stories