| Monday, 3rd January 2022, 7:06 pm

ആ ചിത്രങ്ങള്‍ക്ക് വേണ്ടി മമ്മൂട്ടി തയാറെടുപ്പുകള്‍ നടത്തിയിരുന്നു, ലുക്കിനെ പറ്റി പറയാന്‍ ലിജോയ്ക്ക് പേടിയായിരുന്നു; മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ നടക്കാതെ പോയ രണ്ട് ചിത്രങ്ങളെ പറ്റി സാന്ദ്ര തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം പുറത്തു വരുന്നു എന്ന വാര്‍ത്തയെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മലയാളത്തിലെ മികച്ച സംവിധായകരിലൊരാളും ഏറ്റവും മികച്ച നടന്മാരിലൊരാളും ഒന്നിക്കുന്നു എന്നത് തന്നെ കാരണം.

ഇരുവരും ഒന്നിക്കുന്ന നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ മാസമാണ് അവസാനിച്ചത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇരുവരും ആദ്യമായി ഒന്നിക്കേണ്ട സിനിമ നന്‍പകല്‍ നേരത്ത് മയക്കമായിരുന്നില്ല. ഇതിനു മുന്‍പ് തന്നെ ആന്റി ക്രൈസ്റ്റ്, ഖസാഖിന്റെ ഇതിഹാസം എന്നീ ചിത്രങ്ങളുമായി മുന്‍പോട്ട് പോകുന്ന ഘട്ടമെത്തിയെങ്കിലും അത് മുടങ്ങിപ്പോയിരുന്നു.

ഈ ചിത്രങ്ങള്‍ മുടങ്ങിപ്പോയതെങ്ങനെയെന്നു വിവരിക്കുകയാണ് നിര്‍മാതാവ് സാന്ദ്ര തോമസ്. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി ലിജോ കൂട്ടുകെട്ടില്‍ ഒരുങ്ങേണ്ടിയിരുന്ന ചിത്രങ്ങളെ കുറിച്ച് സാന്ദ്ര പറഞ്ഞത്.

‘ലിജോ പറഞ്ഞതു കൊണ്ടുമാത്രമാണ് ആന്റി ക്രൈസ്റ്റിന് ഞാന്‍ ഓകെ പറഞ്ഞത്. പക്ഷേ നെഗറ്റീവ് എനര്‍ജി എല്ലാവരിലേക്കും സ്‌പ്രെഡ് ചെയ്യുമെന്ന ഒരു ചിന്ത കാരണം ആ സിനിമ വേണ്ടെന്ന് വെച്ചു. എനര്‍ജിയില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. പോസിറ്റീവ് എനര്‍ജി, നെഗറ്റീവ് എനര്‍ജി അതിലൊക്കെ ഞാന്‍ വിശ്വസിക്കുന്നുണ്ട്. മമ്മൂക്ക ലിജോ കോമ്പിനേഷനിലൊരു സിനിമ എന്നത് എന്റെ ആഗ്രഹമായിരുന്നു,’ സാന്ദ്ര പറഞ്ഞു.

‘മമ്മൂട്ടി ലിജോ ടീമിനെ വെച്ച് ആദ്യം ചെയ്യാനിരുന്ന പടം ഖസാഖിന്റെ ഇതിഹാസമായിരുന്നു. എല്ലാം ശരിയായി വന്നപ്പോഴേക്കും റൈറ്റ്‌സിന്റെ കാര്യത്തില്‍ പ്രശ്‌നം വന്നു. ഒ.വി വിജയന്റെ മകനായിരുന്നു നോവലിന്റെ റൈറ്റ്‌സ്. ചെറിയ പ്രശ്‌നങ്ങള്‍ വന്നു അത് നടക്കാതെ പോയി. മമ്മൂട്ടിക്കും ആ സിനിമ ചെയ്യാന്‍ ആവേശമായിരുന്നു. മമ്മൂട്ടി ഖസാക്കില്‍ പോയിട്ടൊക്കെയുണ്ട്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

‘അടുത്ത പ്രൊജക്ടായിരുന്നു ആന്റി ക്രൈസ്റ്റ്. അത് ഭയങ്കര നെഗറ്റീവ് വൈബടിച്ചു. ഒമന്‍ എന്ന സിനിമ ഒക്കെ പോലെയായിരുന്നു അത്. ഒമന്‍ സൂപ്പര്‍ ഹിറ്റാണ്, ഇതിറങ്ങിയാലും സൂപ്പര്‍ ഹിറ്റായേനേ. ഇറങ്ങിയിരുന്നെങ്കില്‍ ഒരു വന്‍ തിയറ്റര്‍ എക്‌സ്പീരിയന്‍സ് തന്നെയായേനെ.

കസബയുടെ ലൊക്കേഷനില്‍ പോയാണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത്. ആന്റി ക്രൈസ്റ്റില്‍ നരച്ച മുടിയൊക്കെയായി താടി വെച്ച, പ്രായമായ കഥാപാത്രമായിരുന്നു മമ്മൂട്ടി. ജൂഡോ ചെയ്യുന്ന പള്ളീലച്ചനായിരുന്നു അദ്ദേഹം. സോള്‍ട്ട ആന്‍ഡ് പെപ്പര്‍ ലുക്കായിരുന്നു. ലിജോയ്ക്ക് മമ്മൂട്ടിയോട് സിനിമയെ പറ്റി പറയാന്‍ പേടിയായിരുന്നു. പക്ഷേ ഞാന്‍ സംസാരിച്ചപ്പോള്‍ അതിനെന്താ ചെയ്യാല്ലോ എന്നാണ് മമ്മൂട്ടി പറഞ്ഞത്. ലിജോ അപ്പോള്‍ സൈഡില്‍ നിന്ന് തമ്പ്‌സ് അപ്പ് കാണിച്ചു,’ സാന്ദ്ര ചിരിച്ചുകൊണ്ട് പറഞ്ഞു.

ആദ്യ രണ്ട് പ്രോജക്ടുകള്‍ നടന്നില്ലെങ്കിലും പ്രമേയത്തിലും ചിത്രീകരണത്തിലും വ്യത്യസ്തമായ നന്‍പകല്‍ നേരത്ത് മയക്കം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചുരുളിയുടെ വിവാദങ്ങള്‍ കെട്ടടങ്ങിയതിന് പിന്നാലെയാണ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായ വിവരവും പുറത്തുവന്നത്.

മമ്മൂട്ടി കമ്പനിയും ഒപ്പം ലിജോ ജോസ് പെല്ലിശേരിയുടെ ആമേന്‍ മുവി മൊണാസ്ട്രിയുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കന്യാകുമാരിയില്‍ നിന്ന് തുടങ്ങി കഴിഞ്ഞ ദിവസം പഴനിയിലാണ് ചിത്രീകരണം അവസാനിച്ചത്. രമ്യ പാണ്ട്യന്‍ ആണ് മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നത്. ലിജോ പെല്ലിശേരിയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. മമ്മൂട്ടിക്കൊപ്പം അശോകനും ചിത്രത്തിലുണ്ട്. പേരന്‍പ്, കര്‍ണന്‍, പുഴു എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് ക്യാമറ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: sandra thomas about lijo jose pellisseri mammootty team movies

We use cookies to give you the best possible experience. Learn more