| Thursday, 14th November 2024, 6:58 pm

ആ നടന്റെ പെയറായിട്ടാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ അഭിനയിക്കാനില്ല എന്ന് സംവിധായകനോട് പറഞ്ഞു: സാന്ദ്ര തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാനിര്‍മാണത്തിലും അഭിനയത്തിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചയാളാണ് സാന്ദ്രാ തോമസ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ ആറോളം സിനിമകളും പിന്നീട് തന്റെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസില്‍ മൂന്ന് സിനിമകളും സാന്ദ്ര നിര്‍മിച്ചു. ബാലതാരമായിട്ടാണ് സാന്ദ്രാ തോമസ് സിനിമാലോകത്തേക്ക് കടന്നുവന്നത്. സാന്ദ്ര ചെയ്ത കഥാപാത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു ആമേനിലെ മറിയാമ്മ. ആ ചിത്രത്തിലേക്ക് താനെത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് സാന്ദ്ര.

ആമേന്‍ ആദ്യം താന്‍ നിര്‍മിക്കാനിരുന്ന ചിത്രമായിരുന്നെന്നും എന്നാല്‍ വലിയ ബജറ്റായതിനാല്‍ അതില്‍ നിന്ന് പിന്മാറിയെന്നും സാന്ദ്ര പറഞ്ഞു. ആ സിനിമയിലെ മറിയാമ്മ എന്ന കഥാപാത്രം ആദ്യം ചെയ്യേണ്ടിയിരുന്നത് തമിഴ് നടി നമിതയായിരുന്നെന്നും എന്നാല്‍ ഷൂട്ടിന് ഒരാഴ്ച മുമ്പ് അവര്‍ അതില്‍ നിന്ന് പിന്മാറിയെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു. അങ്ങനെയാണ് ലിജോ തന്നെ വിളിച്ചതെന്ന് സാന്ദ്ര പറഞ്ഞു. ഇതുപോലൊരു കഥാപാത്രം ചെയ്യാന്‍ പറ്റുമോ എന്നും അനില്‍ മുരളിയുടെ ഭാര്യയുടെ ക്യാരക്ടറാണെന്നും ലിജോ പറഞ്ഞെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു.

അത് കേട്ടതും താന്‍അഭിനയിക്കാനില്ലെന്ന് പറഞ്ഞെന്നും അനില്‍ മുരളിയുടെ പെയറായിട്ട് അഭിനയിച്ചാല്‍ തനിക്ക് നല്ല പ്രായം തോന്നിക്കുമെന്നും സാന്ദ്ര പറഞ്ഞു. ആ സമയത്ത് തനിക്ക് വെറും 24 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അതുകൊണ്ടാണ് ആദ്യം മടിച്ചതെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു. പിന്നീട് കഥ മുഴുവനായി കേട്ടപ്പോള്‍ താന്‍ അതിന് ഓക്കെ പറഞ്ഞെന്നും സാന്ദ്ര പറഞ്ഞു. കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു സാന്ദ്ര തോമസ്.

‘ആമേന്‍ ശരിക്കും ഞാന്‍ നിര്‍മിക്കേണ്ട സിനിമയായിരുന്നു. ലിജോ എന്നോട് കഥ പറഞ്ഞപ്പോള്‍ ആ പടത്തിന്റെ പേര് സോളമന്റെ പള്ളി, ശോശന്നയുടെയും’ എന്നായിരുന്നു. അത്യാവശ്യം വലിയ ബജറ്റുള്ള പടമായതുകൊണ്ട് ഞാന്‍ അതില്‍ നിന്ന് പിന്മാറി. അതിലെ മറിയാമ്മ എന്ന ക്യാരക്ടര്‍ ആദ്യം ചെയ്യേണ്ടിയിരുന്നത് തമിഴ് നടി നമിതയായിരുന്നു. പക്ഷേ ഷൂട്ടിന് ഒരാഴ്ച മുന്നേ അവര്‍ ആ പടത്തില്‍ നിന്ന് ഒഴിവായി.

അപ്പോഴാണ് ആ ക്യാരക്ടറിലേക്ക് ലിജോ എന്നെ വിളിക്കുന്നത്. ക്യാരക്ടറിന്റെ പേര് പറഞ്ഞു. അനില്‍മുരളിയുടെ ഭാര്യയായിട്ടാണ് എന്നും കൂടെ പറഞ്ഞു. അത് കേട്ടതോടെ ഞാന്‍ അഭിനയിക്കുന്നില്ല എന്ന് പറഞ്ഞു. കരാണം, അനിലേട്ടന് നല്ല പ്രായമുണ്ട്. പുള്ളിയുടെ പെയറായിട്ട് അഭിനയിക്കുമ്പോള്‍ എനിക്ക് നല്ല സ്‌ക്രീന്‍ ഏജ് തോന്നിക്കും. എനിക്കാണെങ്കില്‍ ആ സമയത്ത് 24 വയസ്സേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് വിജയ് ബാബു ഒക്കെ വിളിച്ച് പറഞ്ഞിട്ടാണ് ആ സിനിമ ചെയ്തത്,’ സാന്ദ്ര തോമസ് പറയുന്നു.

Content Highlight: Sandra Thomas about her character in Aamen movie

We use cookies to give you the best possible experience. Learn more