| Tuesday, 25th April 2023, 12:29 pm

എഡിറ്റിങ് കാണണമെന്ന് പറയുന്നത് മഹാപാപമല്ല; അവരും റിസ്‌ക്കെടുത്താണല്ലോ വരുന്നത്: സാന്ദ്ര തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടുത്തിടെ സിനിമാ താരങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങളുമായി സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക രംഗത്ത് വന്നിരുന്നു. ചില താരങ്ങള്‍ സിനിമയുടെ എഡിറ്റിങ്ങില്‍ വരെ ഇടപെടുന്നു എന്നായിരുന്നു അവര്‍ ഉയര്‍ത്തിയ ആരോപണം. ആ വിഷയത്തില്‍ തന്റെ അഭിപ്രായം പറയുകയാണ് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഞാന്‍ എപ്പോഴും സിനിമയുടെ കൂടെ മാത്രമെ നില്‍ക്കുകയുള്ളു. എന്താണ് ചെയ്യേണ്ടത്, ചെയ്യേണ്ടാത്തത് എന്നൊക്കെ തീരുമാനിക്കേണ്ടത് ഡയറക്ടറാണ്. ഈ അടുത്ത കാലത്ത് മാത്രമല്ല സിനിമയുടെ എഡിറ്റിങ് കാണണമെന്ന് അഭിനേതാക്കള്‍ പറയുന്നത്. അവരും റിസ്‌ക്കെടുത്താണല്ലോ വരുന്നത്. അവരെ സംബന്ധിച്ചിടത്തോളം അവരുടെ കരിയര്‍ കൂടിയാണിത്.

അപ്പോള്‍ അവര്‍ ചെയ്ത കാര്യം മോശമായോ നന്നായോ എന്നൊക്കെ നോക്കാനുള്ള കടമ അവര്‍ക്കുമുണ്ടല്ലോ. എഡിറ്റ് കാണണമെന്ന് പറയുന്നത് ഒരു മഹാപാപമല്ല. എന്നാല്‍ സിനിമയുടെ എല്ലാ കാര്യത്തിലും ഇടപെടുന്നത് ശരിയായ കാര്യമല്ല. ‘ക്യാപ്റ്റന്‍ ഓഫ് ദി ഷിപ്പ്’ എപ്പോഴും സംവിധായകന്‍ തന്നെയാണ്.

അവിടെ നീ പോടാ എനിക്ക് ചെയ്യാന്‍ പറ്റില്ലെന്നൊക്കെ പറയുന്നതൊന്നും പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ല. പക്ഷെ ഞാന്‍ ചെയ്ത കാര്യത്തില്‍ ഒരു സംശയമുണ്ട് നമുക്കൊന്ന് മാറ്റിപ്പിടിച്ചാലോ എന്നൊക്കെ ചോദിക്കുമ്പോള്‍, എന്തുകൊണ്ട് കാണിച്ച് കൊടുത്തൂടാ. എനിക്ക് ഈ കാര്യം ചെയ്യാന്‍ പറ്റില്ലായെന്ന് പറഞ്ഞ് മാറിനില്‍ക്കുന്ന സാഹചര്യമൊക്കെ എന്റെ പടത്തിലും ഉണ്ടായിട്ടുണ്ട്.

പറയാനുള്ള കാര്യങ്ങളെല്ലാം പറഞ്ഞ് തിരക്കഥയും വായിക്കാന്‍ കൊടുത്തിട്ടാണല്ലോ നമ്മള്‍ സിനിമയിലേക്ക് വിളിക്കുന്നത്. എന്നിട്ട് അഭിനയിക്കാന്‍ തുടങ്ങുമ്പോള്‍ പറ്റില്ലെന്നൊ പറയുന്നതില്‍ കാര്യമില്ല. അത്തരം കാര്യങ്ങളില്‍ ഞാന്‍ പ്രതികരിക്കാറുണ്ട്,’ സാന്ദ്ര തോമസ് പറഞ്ഞു.

content highlight: sandra thomas about fefka new statement

We use cookies to give you the best possible experience. Learn more