തൃശൂരില്‍ തിയേറ്റര്‍ ഉടമ ഗിരിജക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. ഒരാള്‍ നമ്മുടെ മുഖത്ത് നോക്കി ചീത്ത വിളിക്കുകയോ മോശമായി സംസാരിക്കുകയോ ചെയ്യുകയാണെങ്കില്‍ മറുപടി നല്‍കാമെന്നും സൈബര്‍ ആക്രമണം അങ്ങനയല്ലെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇതുപോലുള്ള സൈബര്‍ ആക്രമണങ്ങളില്‍ ഒരുപാട് തളര്‍ന്ന് പോയിട്ടുളള വ്യക്തിയാണ് താനെന്നും സാന്ദ്ര തോമസ് പറഞ്ഞു. ഇത് എത്രത്തോളം ഗിരിജയെ ബാധിച്ചിട്ടുണ്ടെന്ന് തനിക്ക് മനസിലാകുമെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു.
‘ഒരാള്‍ നമ്മുടെ മുഖത്ത് നോക്കി ചീത്ത വിളിക്കുകയോ മോശമായി സംസാരിക്കുകയോ ചെയ്യുകയാണെങ്കില്‍ നമുക്ക് മറുപടി നല്‍കാം. ഇത് അങ്ങനെയല്ല. മുഖത്ത് നോക്കി പറയുകയാണെങ്കില്‍ ഇത്രയും മോശമായി നമ്മള്‍ പ്രതികരിക്കില്ലായിരിക്കാം. ഒളിഞ്ഞ് നിന്ന് പോരാടുമ്പോള്‍ വളരെ മോശമായിട്ടാണ് പറയുന്നത്.
ഇത് പോലത്തെ സൈബര്‍ ആക്രമണങ്ങളില്‍ ഒരുപാട് തളര്‍ന്ന് പോയിട്ടുളള വ്യക്തിയാണ് ഞാന്‍. നേരിട്ട് മുഖത്ത് നോക്കി പറയുന്നതില്‍ കൂടുതല്‍ നമ്മളെ അത് വ്യക്തിപരമായി ബാധിക്കും. കഴിഞ്ഞ ദിവസം ഗിരിജ മാഡത്തിന്റെ അഭിമുഖത്തില്‍ എനിക്കത് കൃത്യമായി മനസിലായി. എനിക്കത് ഫീല്‍ ചെയ്യും.
ഒരു സ്ത്രീ സംരംഭക എന്ന നിലയില്‍ അതും സിനിമാ മേഖലയില്‍ നില്‍ക്കുന്ന ഒരാള്‍ എന്ന രീതിയില്‍ എനിക്ക് അത് മനസിലാകും. ഞാന്‍ ഇന്റസ്ട്രിയില്‍ തന്നെയുള്ള പലരുമായി ഈ വിഷയം സംസാരിച്ചിരുന്നു.
ചില പടങ്ങള്‍ കിട്ടുന്നില്ല എന്നുള്ളത് മാത്രമല്ലേയുള്ളൂവെന്നും ബാക്കി പടങ്ങള്‍ കിട്ടുന്നുണ്ടല്ലോ എന്ന് അവര്‍ പറഞ്ഞു. അത് എനിക്ക് ഒട്ടും അംഗീകരിക്കാന്‍ പറ്റില്ല. ചില പടങ്ങള്‍ കിട്ടുന്നില്ലെന്ന് വെച്ച് ഒരാള്‍ പ്രതികരിക്കാന്‍ പാടില്ലെന്ന് പറയുന്നത് തെറ്റായ കീഴ് വഴക്കമാണെന്നാണ് എനിക്ക് തോന്നുന്നത്.
ഒരു സ്ത്രീ ഒറ്റയ്ക്ക് അത് മാനേജ് ചെയ്യുന്നതിനോട് പലര്‍ക്കും പ്രശ്‌നങ്ങളുണ്ടാകാം. അതൊക്കെ തന്നെയാകാം ഇതുപോലത്തെ ആക്രമണങ്ങള്‍ക്ക് പിന്നിലും. അല്ലാതെ ഒരു സൈബര്‍ ആക്രമണം എന്ന് പറയുമ്പോള്‍ ഇതിന് പിന്നില്‍ ഒരു വലിയ ഗ്രൂപ്പ് തന്നെ കാണണം. ഒരു വ്യക്തിക്ക് ഇങ്ങനൊക്കെ ചെയ്യാന്‍ പറ്റുമോ എന്നുള്ളത് അത്ഭുതകരമാണ്,’ സാന്ദ്ര തോമസ് പറഞ്ഞു.
ഗിരിജ തിയേറ്റര്‍ ഉടമക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണം കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. 12ലേറെ തവണ തിയേറ്ററിന്റെ ഫേസ്ബുക്ക് അക്കൗണ്ടും ഇന്‍സ്റ്റഗ്രാം അക്കൗണ്ടും പൂട്ടിച്ചതായി ഗിരിജ പറഞ്ഞിരുന്നു. സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് പ്രമോഷന്‍ ടീമിനെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിച്ചെങ്കിലും സൈബര്‍ ആക്രമണം തുടരുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.
‘ബുക്ക് മൈ ഷോയില്‍ എന്റെ തിയേറ്ററിന്റെ പേരില്ല. എനിക്ക് ആശ്രയിക്കാന്‍ സാധിക്കുന്നത് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമുമാണ്. ഞാന്‍ തന്നെയാണ് ഇവ കൈകാര്യം ചെയ്യുന്നത്.
2018 മുതല്‍ എന്റെ ഫേസ്ബുക്ക് അക്കൗണ്ട് 12 തവണ പൂട്ടിച്ചു. മധുര മനോഹര മോഹം സിനിമയെ പ്രമോട്ട് ചെയതപ്പോള്‍ നിങ്ങളാണോ ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നേ എന്നൊക്കെ ചോദിച്ച് മെസേജ് വന്നു.
ഞാന്‍ വാട്സ് ആപ്പ് ബുക്കിങ്ങും തുടങ്ങിയിരുന്നു. എന്നാല്‍ മോശം മെസേജുകളൊക്കെ വരുകയാണ് ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാം വഴി പ്രമോട്ട് ചെയ്തു വന്നപ്പോള്‍ അതും മാസ്സ് റിപ്പോര്‍ട്ട് അടിച്ച് പോയി. ഇപ്പോള്‍ ഫേസ്ബുക്കോ, ഇന്‍സ്റ്റഗ്രാമോ, ഒന്നുമില്ല,’ എന്നാണ് കഴിഞ്ഞ ദിവസം ഗിരിജ മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്.
ഏത് സിനിമയാണ് തിയേറ്ററിലെന്ന് ജനങ്ങളെ അറിയിക്കാന്‍ സാധിക്കുന്നില്ലെന്നും അങ്ങനെ ഒരു മാഫിയ ആണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു. ആരാണ് ഇതിന് പിന്നിലെന്ന് കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ലെന്നും സൈബര്‍ സെല്ലില്‍ പല തവണ പരാതി നല്‍കിയിട്ടുണ്ടെന്നും ഗിരിജ വ്യക്തമാക്കി.
content highlights: sandra thomas about cyber attack against theater owner girija