| Friday, 2nd July 2021, 7:31 pm

പൊട്ട പടമാണെന്ന പ്രതികരണം വന്നപ്പോള്‍ തകര്‍ന്നു; ലിജോ ജോസ് പെല്ലിശ്ശേരി കൂടി ചേര്‍ന്നാണ് ആ സിനിമ റീ എഡിറ്റ് ചെയ്ത് ഹിറ്റാക്കിയത്: സാന്ദ്ര തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആട് സിനിമയുടെ പിന്നാമ്പുറ കഥകള്‍ തുറന്നു പറഞ്ഞ് നിര്‍മ്മാതാക്കളിലൊരാളായ സാന്ദ്ര തോമസ്. നോണ്‍ ലീനിയര്‍ കഥ പറച്ചിലുമായിട്ടായിരുന്നു ആട് ആദ്യം ഇറക്കിയതെന്നും പിന്നീടാണ് ലീനിയര്‍ രൂപത്തിലേക്ക് മാറ്റിയതെന്നും സാന്ദ്ര തോമസ് പറയുന്നു.

ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ തിയേറ്ററിലെത്തിച്ച ചിത്രമായിരുന്നു ആടെന്നും എന്നാല്‍ ആളുകളുടെ പ്രതികരണം കേട്ടപ്പോള്‍ തകര്‍ന്നു പോയെന്നും സാന്ദ്ര തോമസ് പറയുന്നു.

‘ഷോര്‍ട്ട് ഫിലിമായിട്ടാണ് ആട് ആദ്യം ചര്‍ച്ചക്ക് വരുന്നത്. പിന്നീട് അതില്‍ സിനിമക്കുള്ള കണ്ടന്റ് ഉണ്ടെന്ന് മനസ്സിലായി. ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ ഞങ്ങള്‍ക്ക് ഏറ്റവും പ്രതീക്ഷയുള്ള ചിത്രമായിരുന്നു ആട്.

അങ്ങനെത്തെ കോമഡിയുണ്ട്. കാണിച്ച എല്ലാവര്‍ക്കും ഇഷ്ടമായി. അങ്ങനെ വന്‍ പ്രതീക്ഷയോടെയാണ് ആടുമായെത്തുന്നത്. ഞാന്‍ ഏറ്റവും റിലാക്‌സായി സന്തോഷത്തോടെ ഷൂട്ട് ചെയ്ത ചിത്രമായിരുന്നു ആട്.

ആദ്യത്തെ എഡിറ്റില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. വിജയ് അതു കണ്ടപ്പോള്‍ ഇങ്ങനെ നോണ്‍ ലീനിയിറായിട്ട് വേണ്ടാന്ന് പറഞ്ഞിരുന്നു. പക്ഷെ അവര്‍ക്ക് നല്ല ആത്മവിശ്വാസമായിരുന്നു. അതുകൊണ്ട് അങ്ങനെ തന്നെ ഇറക്കി. മിഥുന്‍ ഷാജി പാപ്പന്റെ കോസ്റ്റിയൂം ഇട്ടാണ് തിയേറ്ററിലേക്ക്് റിലീസിന് വന്നത്.

ആള്‍ക്കാര്‍ പടം കണ്ട് ചിരിക്കുന്നതൊക്കെ കണ്ടപ്പോള്‍ സന്തോഷമായി. എന്നാല്‍ പടം തീര്‍ന്നപ്പോള്‍ എല്ലാവരും ഇതെന്തൊരു പൊട്ട പടം എന്നു പറഞ്ഞാണ് ഇറങ്ങിപ്പോയത്. അതു കേട്ടതും തകര്‍ന്നുപോയി. അത്രയും വിഷമത്തോടെയാണ് ഞാന്‍ തിയേറ്ററില്‍ നിന്നും ഇറങ്ങിയത്. അത് ഇപ്പോഴും മറക്കാനാവില്ല. മിഥുനും തകര്‍ന്നു.

അതിനുശേഷം നേരെ വന്നത് എഡിറ്റിംഗ് സ്യൂട്ടിലാണ്. നോണ്‍ ലീനിയറായി ചെയ്തത് മുഴുവന്‍ റീ എഡിറ്റ് ചെയ്തു. അന്ന് ലിജോ ജോസ് പെല്ലിശ്ശേരി കൂടി ഇരുന്നാണ് റീ എഡിറ്റ് ചെയ്തത്.

വെള്ളിയാഴ്ചയാണ് ചിത്രം റിലീസായത്. തിങ്കളാഴ്ച റീ എഡിറ്റ് ചെയ്ത പുതിയ വേര്‍ഷന്‍ എത്തിച്ചു. ലീനിയറായ സിനിമയാക്കി. അതാണ് ഇപ്പോള്‍ ആഘോഷിക്കുന്ന ആട് സിനിമ. സി.ഡിയായി ഇറങ്ങിയതൊക്കെ അതാണ്,’ സാന്ദ്ര തോമസ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Sandra Thomas about Aadu movie and Lijo Jose Pellissery

We use cookies to give you the best possible experience. Learn more