| Saturday, 3rd July 2021, 12:13 pm

വലിയ പ്രതീക്ഷയോടെ ആ സിനിമയുടെ ആദ്യ ഷോയ്ക്ക് പോയി, അത്രയും വിഷമത്തോടെ തിയേറ്ററില്‍ നിന്നും തിരിച്ചിറങ്ങി; ഇപ്പോഴും മറക്കാനായിട്ടില്ല: സാന്ദ്ര തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറ്റവും പ്രതീക്ഷയോടെ നിര്‍മ്മിച്ച സിനിമ തിയേറ്ററില്‍ വിജയമാകാതിരുന്നതിനെ തുടര്‍ന്നുണ്ടായ വിഷമം തനിക്കിനിയും മറക്കാനായിട്ടില്ലെന്ന് നിര്‍മ്മാതാവ് സാന്ദ്ര തോമസ്. ആട് സിനിമയുടെ ചിത്രീകരണത്തെ കുറിച്ചും തുടര്‍ന്ന് പ്രേക്ഷകരില്‍ നിന്നും ലഭിച്ച പ്രതികരണത്തെ കുറിച്ചുമുള്ള അനുഭവം പങ്കുവെക്കുകയായിരുന്നു സാന്ദ്ര തോമസ്.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ആട് 2015ലാണ് ഇറങ്ങിയത്. ജയസൂര്യ ഷാജി പാപ്പനെന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് തിയേറ്ററില്‍ നേട്ടമുണ്ടാക്കാനായിരുന്നില്ല. എന്നാല്‍ പിന്നീട് ടെലിവിഷനിലും സി.ഡിയിലുമായി ചിത്രം വന്നപ്പോള്‍ മലയാളികള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കുകയായിരുന്നു.

ഷാജി പാപ്പനും അറക്കല്‍ അബുവും ഡ്യൂടും എസ്.ഐ. ഷമീറും തുടങ്ങി സിനിമയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റായി മാറി. പിന്നീട് 2017ല്‍ ആടിന്റെ രണ്ടാം ഭാഗമിറങ്ങിയപ്പോള്‍ വമ്പന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചത്.

ഇപ്പോള്‍ ചിത്രത്തെ കുറിച്ചുണ്ടായിരുന്നു തന്റെ പ്രതീക്ഷകളും അനുഭവങ്ങളുമെല്ലാം പങ്കുവെക്കുകയാണ് സാന്ദ്ര തോമസ്.

‘ഷോര്‍ട്ട് ഫിലിമായിട്ടാണ് ആട് ആദ്യം ചര്‍ച്ചക്ക് വരുന്നത്. പിന്നീട് അതില്‍ സിനിമക്കുള്ള കണ്ടന്റ് ഉണ്ടെന്ന് മനസ്സിലായി. ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ ഞങ്ങള്‍ക്ക് ഏറ്റവും പ്രതീക്ഷയുള്ള ചിത്രമായിരുന്നു ആട്.

അങ്ങനെത്തെ കോമഡിയുണ്ട്. കാണിച്ച എല്ലാവര്‍ക്കും ഇഷ്ടമായി. അങ്ങനെ വന്‍ പ്രതീക്ഷയോടെയാണ് ആടുമായെത്തുന്നത്. ഞാന്‍ ഏറ്റവും റിലാക്സായി സന്തോഷത്തോടെ ഷൂട്ട് ചെയ്ത ചിത്രമായിരുന്നു ആട്.

ആദ്യത്തെ എഡിറ്റില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. വിജയ് അതു കണ്ടപ്പോള്‍ ഇങ്ങനെ നോണ്‍ ലീനിയിറായിട്ട് വേണ്ടാന്ന് പറഞ്ഞിരുന്നു. പക്ഷെ അവര്‍ക്ക് നല്ല ആത്മവിശ്വാസമായിരുന്നു. അതുകൊണ്ട് അങ്ങനെ തന്നെ ഇറക്കി. മിഥുന്‍ ഷാജി പാപ്പന്റെ കോസ്റ്റിയൂം ഇട്ടാണ് തിയേറ്ററിലേക്ക് റിലീസിന് വന്നത്.

ആള്‍ക്കാര്‍ പടം കണ്ട് ചിരിക്കുന്നതൊക്കെ കണ്ടപ്പോള്‍ സന്തോഷമായി. എന്നാല്‍ പടം തീര്‍ന്നപ്പോള്‍ എല്ലാവരും ഇതെന്തൊരു പൊട്ട പടം എന്നു പറഞ്ഞാണ് ഇറങ്ങിപ്പോയത്. അതു കേട്ടതും തകര്‍ന്നുപോയി. അത്രയും വിഷമത്തോടെയാണ് ഞാന്‍ തിയേറ്ററില്‍ നിന്നും ഇറങ്ങിയത്. അത് ഇപ്പോഴും മറക്കാനാവില്ല. മിഥുനും തകര്‍ന്നു.

അതിനുശേഷം നേരെ വന്നത് എഡിറ്റിംഗ് സ്യൂട്ടിലാണ്. നോണ്‍ ലീനിയറായി ചെയ്തത് മുഴുവന്‍ റീ എഡിറ്റ് ചെയ്തു. അന്ന് ലിജോ ജോസ് പെല്ലിശ്ശേരി കൂടി ഇരുന്നാണ് റീ എഡിറ്റ് ചെയ്തത്.

വെള്ളിയാഴ്ചയാണ് ചിത്രം റിലീസായത്. തിങ്കളാഴ്ച റീ എഡിറ്റ് ചെയ്ത പുതിയ വേര്‍ഷന്‍ എത്തിച്ചു. ലീനിയറായ സിനിമയാക്കി. അതാണ് ഇപ്പോള്‍ ആഘോഷിക്കുന്ന ആട് സിനിമ. സി.ഡിയായി ഇറങ്ങിയതൊക്കെ അതാണ്,’ സാന്ദ്ര തോമസ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Sandra Thomas about Aadu movie and it’s painful theatre experience

We use cookies to give you the best possible experience. Learn more