തിരുവനന്തപുരം: ആദ്യയാത്രയില്‍ തന്നെ വന്ദേഭാരത് ട്രെയിനില്‍ ചോര്‍ച്ചയുണ്ടായതിനെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി. കെ.എസ്.ആര്‍.ടിസിയുടെ മിന്നല്‍ ബസിന്റെ ചിത്രത്തോട് കൂടിയാണ് അദ്ദേഹം വന്ദേഭാരതിനെ കുറിച്ചുള്ള പോസ്റ്റ് ഫേസ്ബുക്കില്‍ കുറിച്ചത്.
‘മടികൂടാതെ കടന്നു വരൂ..നനയാതെ കുറഞ്ഞ ചിലവില്‍ വേഗത്തിലെത്താം വീടുകളില്‍’ എന്ന കാപ്ഷനിലൂടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്.
‘വന്ദേ ഭാരത് ചോര്‍ന്നു എന്ന് പറയരുത്. പകരം ”ക്‌ളാര” ടിക്കെറ്റെടുക്കാതെ കയറി എന്നു പറയണ’മെന്നുമുള്ള കാപ്ഷനോട് കൂടി മറ്റൊരു പോസ്റ്റും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ബുധനാഴ്ചയാണ് ആദ്യ യാത്ര ആരംഭിക്കുന്നതിന് മുന്നെ വന്ദേഭാരത് എക്സ്പ്രസില്‍ ചോര്‍ച്ചയുണ്ടായത്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന വന്ദേഭാരതിന്റെ എക്സിക്യുട്ടീവ് കോച്ചിലാണ് വെള്ളം കയറിയത്.
ചൊവ്വാഴ്ച പെയ്ത മഴയെ തുടര്‍ന്നാണ് ട്രെയിനിനകത്ത് വെള്ളം കയറിയതെന്നാണ് റെയില്‍വെ ജീവനക്കാര്‍ നല്‍കിയ വിശദീകരണം. ബോഗിയുടെ മുകള്‍ വശത്തുണ്ടായ വിള്ളലിലൂടെയാണ് വെള്ളം അകത്തേക്കിറങ്ങിയത്.
ഉദ്ഘാടനത്തിന് ശേഷം ചൊവ്വാഴ്ച തിരുവനന്തപുരത്ത് നിന്ന് ആദ്യ സര്‍വീസ് ആരംഭിച്ച വന്ദേഭാരത് ബുധനാഴ്ച കാസര്‍ഗോഡ് നിന്ന് തിരിച്ച് പുറപ്പെടാനിരിക്കെയാണ് സംഭവം.
ട്രെയിനില്‍ വെള്ളം നിറക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായാണ് ട്രെയിന്‍ കണ്ണൂരിലെത്തിച്ചത്. ഇവിടെ പ്ലാറ്റ് ഫോമില്‍ നിര്‍ത്തിയിട്ട ട്രെയിനിലാണ് കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറിയത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കേരളത്തിനനുവദിച്ച ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്തത്. തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് പ്രധാനമന്ത്രി വന്ദേഭാരതിന് പച്ചക്കൊടി വീശിയത്.