കൊല്‍ക്കത്ത: സന്ദേശ്കാലി അക്രമ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം 55 ദിവസത്തോളമായി ഒളിവില്‍ കഴിയുന്ന ഷാജഹാന്‍ ഷെയ്ഖിനെ വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സന്ദേശ്കാലി ഗ്രാമത്തിലെ സ്ത്രീകള്‍ നല്‍കിയ ലൈംഗികാതിക്രമ പരാതിയിലും ഭൂമി കയ്യേറ്റ കേസിലുമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഷാജഹാന്‍ ഷെയ്ഖിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് സി.പി.എമ്മും ബി.ജെ.പിയും പ്രതിഷേധിച്ചിരുന്നു.
ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സന്ദേശ്കാലിയില്‍ സ്ത്രീകളുള്‍പ്പടെയുള്ളവര്‍ ഒരു മാസമായി സമരത്തിലാണ്. 55 ദിവസമായിട്ടും ഷാജഹാൻ ഷെയ്ഖിനെ പിടികൂടാന്‍ സാധിക്കാത്തതില്‍ ബംഗാള്‍ സര്‍ക്കാരിന് മേല്‍ കനത്ത സമ്മര്‍ദ്ദം നിലനിന്നിരുന്നു.
അറസ്റ്റ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഷാജഹാന്‍ സമര്‍പ്പിച്ച ഹരജിയും കല്‍ക്കത്ത ഹൈക്കോടതി തള്ളിയിരുന്നു. സന്ദേശ്കാലിയില്‍ പ്രതിഷേധം രൂക്ഷമായതോടെയാണ് അദ്ദേഹത്തിന്റെ അറസ്റ്റ്. ഷാജഹാന്‍ ഷെയ്ഖിനെ വ്യാഴാഴ്ച ബാസിര്‍ഹത്ത് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
ഗോത്രവര്‍ഗ്ഗക്കാരുടെ ഭൂമി തട്ടിയെടുത്തെന്നും സ്ത്രീകളെ പീഡിപ്പിച്ചെന്നുമാണ് ഷാജഹാന്‍ ഷെയ്ഖിനെതിരായ കേസ്. കേസില്‍ ഇ.ഡിയേയും സി.ബി.ഐയേയും സംസ്ഥാന ആഭ്യന്തര സെക്രട്ടറിയെയയും കക്ഷി ചേര്‍ക്കണമെന്ന് കല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കേസന്വഷണത്തിനായി എത്തിയ ഉദ്യോഗസ്ഥരെ അദ്ദേഹത്തിന്റെ അനുയായികള്‍ മര്‍ദിച്ചതിനാലാണ് അവരെയും കക്ഷി ചേര്‍ക്കാന്‍ കോടതി ഉത്തരവിട്ടത്.