| Monday, 26th February 2024, 8:43 pm

സന്ദേശ്കാലി; ഷാജഹാൻ ഷെയ്ഖിനെ ഏഴ് ദിവസത്തിനകം അറസ്റ്റ് ചെയ്യുമെന്ന് തൃണമൂൽ കോൺഗ്രസ്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്കാലിയിൽ ഭൂമി തട്ടിയെടുക്കുകയും സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുകയും ചെയ്തെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ്‌ നേതാവ് ഷാജഹാൻ ഷെയ്ഖിനെ ഏഴ് ദിവസത്തിനകം അറസ്റ്റ് ചെയ്യുമെന്ന് മുതിർന്ന തൃണമൂൽ കോൺഗ്രസ്‌ നേതാവ് കുനാൽ ഘോഷ്.

ഷാജഹാന്റെ അറസ്റ്റിന് സ്റ്റേ ഇല്ലെന്ന കൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് കുനാൽ ഘോഷിന്റെ പ്രസ്താവന.

‘ഷെയ്ഖ് ഷാജഹാന്റെ അറസ്റ്റിനെ കുറിച്ച് അഭിഷേക് ബാനർജി പറഞ്ഞത് ശരിയാണ്. വിഷയം കോടതിയുടെ നിയമ കുരുക്കിൽപ്പെട്ട് കിടക്കുകയായിരുന്നു. ഈ അവസരം മുതലെടുത്ത് പ്രതിപക്ഷം രാഷ്ട്രീയം കളിച്ചു.

വിഷയത്തിൽ വ്യക്തത വരുത്തി പൊലീസിന് നടപടിയെടുക്കാൻ അനുമതി നൽകിയതിന് ഹൈക്കോടതിക്ക് നന്ദി. ഷാജഹാനെ ഏഴു ദിവസത്തിനകം അറസ്റ്റ് ചെയ്യും,’ ഘോഷ് എക്‌സിൽ കുറിച്ചു.

പൊലീസ് ഫയൽ ചെയ്ത എഫ്.ഐ.ആറിന് മേലെയുള്ള സ്റ്റേയും നിയമക്കുരുക്കും കാരണം ഷാജഹാനെ അറസ്റ്റ് ചെയ്യാൻ സാധിക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ഗോത്രവർഗ്ഗക്കാരുടെ ഭൂമി തട്ടിയെടുക്കുകയും സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്തുവെന്ന ആരോപണത്തിൽ സ്വമേധയാ ഫയൽ ചെയ്ത കേസിൽ ഷാജഹാനെയും ഇ.ഡിയേയും സി.ബി.ഐയെയും സംസ്ഥാന ആഭ്യന്തര സെക്രട്ടറിയെയും കക്ഷി ചേർക്കുവാനും കോടതി നിർദേശിച്ചു.

അതേസമയം 50 ദിവസത്തിലധികമായി ഒളിവിൽ കഴിയുന്ന ഒരാളെ അറസ്റ്റ് ചെയ്യാൻ എന്തുകൊണ്ടാണ് കോടതി വിധി വരെ കാത്തിരുന്നതെന്ന് മുതിർന്ന മാധ്യമപ്രവർത്തകർ രാജ്ദീപ് സർദേശായ് എക്സിൽ ചോദിച്ചു.

കോടതി വിധിക്ക് ശേഷവും അറസ്റ്റ് ചെയ്യാൻ ഏഴ് ദിവസമെടുക്കുമെന്ന മമത സർക്കാറിന്റെ തീരുമാനത്തിനെതിരെയും വിമർശനമുണ്ട്.

Content Highlight: Sandeshkhali horror accused Shahjahan Sheikh to be arrested in 7 days: TMC leader Kunal Ghosh

We use cookies to give you the best possible experience. Learn more