വെളുത്തുതുടുത്ത, ചുളിയാത്ത വസ്ത്രം ധരിച്ച ഒരു മലയാളി ബാലനാണ് കാറില്‍ ചാരിനിന്നതെങ്കില്‍ അവന്‍ മര്‍ദിക്കപ്പെടില്ലായിരുന്നു എന്ന് തറപ്പിച്ചുപറയാം
ഗണേഷ് എന്ന രാജസ്ഥാനി ബാലന് ചവിട്ട് കൊണ്ടതിന്റെ കാരണം എന്താണ്? ഒരു കാറില്‍ ചാരിനിന്നു എന്നതാണോ അവന്‍ ചെയ്ത കുറ്റം? ഒരിക്കലുമല്ല. ആ കുട്ടിയുടെ രൂപമാണ് ചവിട്ടിയ ആളെ പ്രകോപിപ്പിച്ചത്.
ഇരുണ്ട നിറവും പാറിപ്പറക്കുന്ന ചെമ്പന്‍ തലമുടിയുമള്ള, മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു മനുഷ്യനെ കാണുമ്പോള്‍ പലര്‍ക്കും ചവിട്ടാനും ഇടിക്കാനും ഒക്കെ തോന്നും. ഗണേഷിനെ ഉപദ്രവിച്ച മുഹമ്മദ് ഷിഹാദിനെ ശിക്ഷിച്ചതുകൊണ്ട് മാത്രം പ്രശ്‌നം തീരില്ല. ഗണേഷുമാര്‍ ചവിട്ട് കൊള്ളേണ്ടവരാണ് എന്ന ധാരണയ്ക്കാണ് ചികിത്സ വേണ്ടത്.
ആ ചവിട്ടിനോട് ഗണേഷ് പ്രതികരിച്ച രീതി ശ്രദ്ധിച്ചിരുന്നുവോ? തികച്ചും സ്വാഭാവികമായ ഒരു കാര്യം നടന്നു എന്ന മട്ടിലാണ് ആ കുഞ്ഞ് പെരുമാറിയത്! അവനും അവന്റെ കുടുംബവും ഇത്തരം ക്രൂരതകള്‍ നിരന്തരം നേരിടുന്നുണ്ടാവണം.
പ്രിവിലേജ്ഡായ മനുഷ്യര്‍ക്കുമാത്രമേ സമൂഹത്തിന്റെ ആദരവ് ലഭിക്കുകയുള്ളൂ. നാടോടിയായ ഗണേഷിന് അങ്ങനെയൊരു ആനുകൂല്യമില്ല.
എന്താണ് പ്രിവിലേജ്?
സല്‍മാന്‍ ഖാന്റെ കേസ് ഓര്‍മയില്ലേ? അന്ന് റോഡരികില്‍ കിടന്നുറങ്ങിയ പാവം മനുഷ്യരെയാണ് സല്ലുവിന്റെ സഹപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തിയത്! ബോളിവുഡ് സൂപ്പര്‍ താരത്തിന്റെ പണത്തിന്റെ കരുത്താണ് അവിടെ ദൃശ്യമായത്.
കാമുകനെ വിഷം കൊടുത്തുകൊന്ന ഒരു സ്ത്രീയുടെ മുഖം സമീപകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ആ കുറ്റവാളിയോട് മാധ്യമങ്ങള്‍ മൃദുസമീപനം കാണിച്ചിരുന്നു. ”പ്രതിയായ പെണ്‍കുട്ടി പഠനത്തില്‍ മിടുക്കിയാണ് ” എന്ന മട്ടിലുള്ള വാഴ്ത്തുപാട്ടുകള്‍ നമ്മള്‍ കണ്ടു. സവര്‍ണതയോട് നാം വെച്ചുപുലര്‍ത്തുന്ന വിധേയത്വമാണ് ആ കേസില്‍ പ്രകടമായത്.
പ്രിവിലേജ്ഡ് ആയവര്‍ കുറ്റകൃത്യം ചെയ്താലും ന്യായീകരിക്കാന്‍ ആളുകളുണ്ടാവും. പാവം ഗണേഷുമാര്‍ കാറില്‍ സ്പര്‍ശിച്ചാല്‍ അവരുടെ നട്ടെല്ല് ചവിട്ടിയൊടിക്കും! ഇതാണ് അവസ്ഥ!
അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം മറക്കാനാവുമോ? അയാളുടെ രൂപവും ആദിവാസി ഐഡന്റിറ്റിയും തല്ലിയവരെ സ്വാധീനിച്ചിരുന്നു. നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ എന്തെല്ലാം വിലാപങ്ങളാണ് ഉയര്‍ന്നുവന്നത്!
വെളുത്തുതുടുത്ത, ചുളിയാത്ത വസ്ത്രങ്ങള്‍ ധരിച്ച ഒരു മലയാളി ബാലനാണ് കാറില്‍ ചാരിനിന്നതെങ്കിലോ? അവന്‍ മര്‍ദിക്കപ്പെടില്ലായിരുന്നു എന്ന് തറപ്പിച്ചുപറയാം.
ആര്‍ട്ടിക്കിള്‍ 15 എന്ന സിനിമയില്‍ ഒരു ഡയലോഗുണ്ട്- ‘ഈ രാജ്യത്തിന്റെ ജനസംഖ്യയുടെ എഴുപത് ശതമാനവും പിന്നോക്കക്കാരാണ്. അവര്‍ നഗ്‌നരായി വരെ ജോലി ചെയ്യുന്നു. ഇതെല്ലാം അറിയുന്ന നമ്മള്‍ അവരെ സൗകര്യപൂര്‍വം അവഗണിക്കുന്നു’
അടിച്ചമര്‍ത്തപ്പെട്ട കോടിക്കണക്കിന് മനുഷ്യര്‍ നമ്മുടെ ചുറ്റുമുണ്ട്. നൂറ്റാണ്ടുകളായി അവര്‍ വിവേചനങ്ങളും അനീതികളും അനുഭവിക്കുകയാണ്. അവര്‍ക്കുവേണ്ടി സ്‌നേഹമാണ് കരുതിവെയ്‌ക്കേണ്ടത്. ചവിട്ടുകളല്ല!
ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയായ അംബേദ്കര്‍ ജനിച്ചത് മഹര്‍ സമുദായത്തിലാണ്. ജാതിയുടെ പേരില്‍ അദ്ദേഹം ഒരുപാട് കഷ്ടതകള്‍ അനുഭവിച്ചിരുന്നു. അവര്‍ണ്ണര്‍ക്ക് കുടിവെള്ളം പോലും നിഷേധിക്കപ്പെട്ടിരുന്ന കാലമായിരുന്നു അത്!
പക്ഷേ സ്‌നേഹസമ്പന്നനായ ഒരു ബ്രാഹ്മണ അധ്യാപകന്‍ അംബേദ്കറിനെ പഠിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ പേര് മഹാദേവ് അംബേദ്കര്‍ എന്നായിരുന്നു. പ്രിയ ശിഷ്യന് സ്വന്തം കുടുംബപ്പേര് നല്‍കാന്‍ വരെ ആ അദ്ധ്യാപകന്‍ തയ്യാറായി.
പ്രിവിലേജുകളുടെ പേരില്‍ അഹങ്കരിക്കുന്നവരോട് ഇത്രയേ പറയാനുള്ളൂ. ജീവിതം ഒരു അവസരം തരുമ്പോള്‍ അംബേദ്കറിന്റെ അധ്യാപകനെപ്പോലെ പെരുമാറണം. അത് നിങ്ങളുടെ ഔദാര്യമല്ല. മറുവശത്ത് നില്‍ക്കുന്നവരുടെ അവകാശമാണ്.
CONTENT HIGHLIGHTS: Sandep das write up in issue kicking six-year-old boy for leaning on car in Thalassery