| Wednesday, 31st May 2023, 7:55 pm

കേരളം എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള മനുഷ്യപക്ഷ രാഷ്ട്രീയത്തിന്റെ പതാകവാഹകനാണ് ടൊവിനോ

സന്ദീപ് ദാസ്

ടൊവിനോ തോമസ് എന്ന യുവനടനെക്കുറിച്ചോര്‍ത്ത് ഞാന്‍ അഭിമാനിക്കുകയാണ്. നീതിക്കുവേണ്ടി പൊരുതിക്കൊണ്ടിരിക്കുന്ന ഗുസ്തി താരങ്ങള്‍ക്ക് ടൊവിനോ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ ടൊവിനോയ്ക്ക് പല നഷ്ടങ്ങളും സംഭവിച്ചേക്കാം. എന്നിട്ടും സ്വന്തം നിലപാട് ഭയംകൂടാതെ ഉറക്കെ വിളിച്ചുപറഞ്ഞ ടൊവിനോ ഒരുപാട് കൈയ്യടികള്‍ അര്‍ഹിക്കുന്നു.

രാജ്യത്തിനുവേണ്ടി നേടിയ മെഡലുകള്‍ ഗംഗയില്‍ ഉപേക്ഷിക്കുമെന്നാണ് ഗുസ്തി താരങ്ങള്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. ഒരു അത്‌ലീറ്റിന്റെ ഏറ്റവും വലിയ സമ്പാദ്യമാണ് മെഡലുകള്‍. അവ പോലും കൈവിടാന്‍ ഒരുങ്ങണമെങ്കില്‍ നമ്മുടെ ഗുസ്തി താരങ്ങള്‍ക്ക് ജീവിതം അത്രമേല്‍ മടുത്തുപോയിട്ടുണ്ടാവണം!

പക്ഷേ ഇടിക്കൂട്ടില്‍ വിസ്മയം തീര്‍ത്ത മനുഷ്യരുടെ സമരത്തോട് ഐക്യപ്പെടാന്‍ ഇന്ത്യയിലെ ഒട്ടുമിക്ക സെലിബ്രിറ്റികളും തയ്യാറായിട്ടില്ല.

സ്‌പോര്‍ട്‌സ്-സിനിമാ മേഖലകളിലെ പ്രമുഖരെല്ലാം ബോധപൂര്‍വ്വം മൗനം പാലിക്കുകയാണ്. അതുകൊണ്ടാണ് ടൊവിനോയുടെ പ്രവൃത്തി മഹത്തരമാകുന്നത്. എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ ശക്തരായതുകൊണ്ട് നമ്മുടെ ഗുസ്തി താരങ്ങള്‍ തഴയപ്പെടരുത് എന്നാണ് ടൊവിനോ അഭിപ്രായപ്പെട്ടത്. അത് കൃത്യവും ശക്തവുമായ രാഷ്ട്രീയ പ്രസ്താവനയാണ്.

ഈ പ്രതികരണത്തിന്റെ പേരില്‍ ടൊവിനോക്ക് ഭീഷണികളും മിന്നല്‍ പരിശോധനകളും നേരിടേണ്ടിവന്നേക്കാം. ഭാവിയില്‍ ലഭിക്കേണ്ടിയിരുന്ന ബഹുമതികളും പുരസ്‌കാരങ്ങളും ടൊവിനോയ്ക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകാം. പക്ഷേ എന്തെല്ലൊം സംഭവിച്ചാലും താന്‍ ശരിയുടെ പക്ഷത്ത് നിലകൊള്ളുമെന്ന് ടൊവിനോ പറഞ്ഞുവെയ്ക്കുകയാണ്.

ഇന്ത്യയിലെ ജനാധിപത്യം മരണക്കിടക്കയിലാണ്. ഹിന്ദുത്വ എന്ന പ്രത്യയശാസ്ത്രം നമ്മുടെ രാജ്യത്തെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ അപകടാവസ്ഥയെക്കുറിച്ച് വ്യക്തമായ ധാരണ ഉള്ള ആളാണ് ടൊവിനോ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ടൊവിനോ ശബ്ദിച്ചത് ഓര്‍ക്കുന്നില്ലേ? കേരളത്തെ മോശമായി ചിത്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘കേരള സ്റ്റോറി’ എന്ന ചലച്ചിത്രം റിലീസ് ചെയ്യപ്പെട്ടത്. അതിന് ഭരണകൂടത്തിന്റെ ഒത്താശയും ഉണ്ടായിരുന്നു. ചില സംസ്ഥാനങ്ങള്‍ ആ സിനിമയ്ക്ക് നികുതിയിളവ് വരെ നല്‍കുകയുണ്ടായി.

കേരള സ്റ്റോറി എന്ന പ്രൊപ്പഗാണ്ട മൂവിയെ എതിര്‍ക്കാനുള്ള ധൈര്യം ടൊവിനോ കാണിച്ചിരുന്നു.

സിനിമയിലൂടെ കള്ളം പ്രചരിപ്പിക്കുന്നത് ശരിയല്ല എന്നാണ് ടൊവിനോ തുറന്നടിച്ചത്. ഇവിടത്തെ ഫാസിസ്റ്റുകള്‍ ക്രിസ്ത്യാനികളെയും മുസ്‌ലീങ്ങളെയും രണ്ടാംകിട പൗരന്‍മാരായിട്ടാണ് കാണുന്നത്. ‘ടൊവിനോ തോമസ് ‘ എന്ന പേര് പോലും കാവിപ്പടയ്ക്ക് അലര്‍ജിയായിരിക്കും. ടൊവിനോ നിരന്തരം നന്മയുടെ രാഷ്ട്രീയം പറയുന്നത് അവരെ നല്ലതുപോലെ അലോസരപ്പെടുത്തുന്നുണ്ടാവും.

ടൊവിനോ നായകനായി അഭിനയിച്ച ‘മിന്നല്‍ മുരളി’ എന്ന സിനിമയുടെ സെറ്റ് ഹിന്ദുത്വവാദികള്‍ തകര്‍ത്തത് ആരും മറന്നിട്ടുണ്ടാവില്ല. ടൊവിനോ അവരുടെ കണ്ണിലെ കരടാണ് എന്ന് മനസ്സിലാക്കാന്‍ വേറെ എന്ത് തെളിവാണ് വേണ്ടത്? ടൊവിനോ സേഫ് സോണില്‍ നിലകൊള്ളാന്‍ ആഗ്രഹിക്കുന്നില്ല. പ്രളയം വന്നപ്പോള്‍ അയാള്‍ തെരുവിലിറങ്ങി രാവും പകലും കഠിനാദ്ധ്വാനം ചെയ്തിരുന്നു. കേരളം എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള മനുഷ്യപക്ഷ രാഷ്ട്രീയത്തിന്റെ പതാകവാഹകനാണ് ടൊവിനോ. ഒരിക്കല്‍ക്കൂടി നെഞ്ചില്‍ കൈവെച്ച് പറയട്ടെ. നിങ്ങള്‍ ഞങ്ങളുടെ അഭിമാനമാണ് ടൊവിനോ.

content highlights: Sandeepdas writes about Tovino who supported struggling wrestlers

സന്ദീപ് ദാസ്

എഴുത്തുകാരന്‍

Latest Stories

We use cookies to give you the best possible experience. Learn more