നിലപാട് മാറ്റിയില്ലെങ്കില്‍ അനുഭവിക്കേണ്ടിവരുമെന്ന് പി. പരമേശ്വരന്‍ അന്ന് ഭീഷണിപ്പെടുത്തിയിരുന്നു: വെളിപ്പെടുത്തലുമായി സന്ദീപാനന്ദഗിരി
Kerala News
നിലപാട് മാറ്റിയില്ലെങ്കില്‍ അനുഭവിക്കേണ്ടിവരുമെന്ന് പി. പരമേശ്വരന്‍ അന്ന് ഭീഷണിപ്പെടുത്തിയിരുന്നു: വെളിപ്പെടുത്തലുമായി സന്ദീപാനന്ദഗിരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th October 2018, 1:06 pm

കൊച്ചി: നിലപാട് മാറ്റിയില്ലെങ്കില്‍ താന്‍ അനുഭവിക്കേണ്ടിവരുമെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി സന്ദീപാനന്ദഗിരിയുടെ വെളിപ്പെടുത്തല്‍. തനിക്കെതിരെ ആര്‍.എസ്.എസ് ചിലയിടങ്ങളില്‍ നടത്തിയ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പി. പരമേശ്വരനെ നേരിട്ടുകണ്ട് സംസാരിച്ചപ്പോഴാണ് അദ്ദേഹം തന്നെ ഭീഷണിപ്പെടുത്തിയതെന്നാണ് സന്ദീപാനന്ദഗിരി മാധ്യമങ്ങളോടു പറഞ്ഞത്.

ഭാരതീയ വിചാരകേന്ദ്രത്തില്‍ പോയി പി. പരമേശ്വരനുമായി സംസാരിച്ചു. നിങ്ങള്‍ കൈക്കൊള്ളുന്ന സമീപനം ശരിയല്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞത്, സ്വാമി സമീപനം മാറ്റിയിട്ടില്ലെങ്കില്‍ അതിന്റെ ഭവിഷത്ത് സ്വാമി അനുഭവിക്കേണ്ടി വരും എന്നാണ്. അദ്ദേഹമാണ് എന്നെ ഇമോഷണല്‍ ആയി ബ്ലാക്ക് മെയില്‍ ചെയ്ത ആള്. ” എന്നാണ് സന്ദീപാനന്ദഗിരി പറഞ്ഞത്.

Also Read:മേലാള്‍ എത്തുന്നത് പ്രമാണിച്ച് ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് ബോധ്യപ്പെടുത്താനാണ് ഈ ആക്രമണം: സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനെതിരായ ആക്രമണം ഗൂഢാലോചനയെന്ന് വി.എസ്‌

തനിക്കുനേരെ മുമ്പ് ആര്‍.എസ്.എസിന്റെ ഭാഗത്തുനിന്നും ആക്രമണമുണ്ടായിട്ടുണ്ട് എന്ന കാര്യം എടുത്തുപറഞ്ഞാണ് അദ്ദേഹം ഈ ഭീഷണിയെക്കുറിച്ച് പറയുന്നത്. തുഞ്ചന്‍ പറമ്പില്‍ സംസാരിക്കുമ്പോള്‍ ആര്‍.എസ്.എസുകാരുടെ ആക്രമണമുണ്ടായിട്ടുണ്ട്. കാസര്‍കോട് ഒരു പ്രഭാഷണ പരമ്പരയ്ക്കിടെ ആര്‍.എസ്.എസ് ആക്രമണമുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ആക്രമണത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന വാദം ആവര്‍ത്തിക്കുന്നത്.

ഇന്ന് പുലര്‍ച്ചയോടെയാണ് തിരുവനന്തപുരത്തെ കുണ്ടമണ്‍ കടവിലുള്ള സ്വാമി സന്ദീപാനന്ദ ഗിരിയുടെ വീടിന് നേരെ ആക്രമണം നടന്നത്.

അക്രമികള്‍ ആശ്രമത്തിന് മുമ്പിലുണ്ടായിരുന്ന രണ്ട് കാറുകളും ഒരു ബൈക്കും തീയിട്ട് നശിപ്പിക്കുകയും ആശ്രമത്തിന് മുമ്പില്‍ റീത്ത് വെക്കുകയും ചെയ്തു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. തീ പടര്‍ന്ന് ആശ്രമത്തിലെ കോണ്‍ക്രീറ്റടക്കം ഇളകി നാശനഷ്ടമുണ്ടായിട്ടുണ്ട്.

Also Read:സര്‍ക്കാര്‍ പരിപാടിക്ക് ആളില്ല; വേദിയില്‍ കയറാതെ കേന്ദ്രമന്ത്രിയുടെ പ്രതിഷേധം; ഉദ്യോഗസ്ഥര്‍ക്ക് നേരെ കയര്‍ത്ത് മന്ത്രി

സംഘപരിവാറും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ പി.എസ്.ശ്രീധരന്‍പിള്ളയും രാഹുല്‍ ഈശ്വറും താഴ്മണ്‍ തന്ത്രി കുടുംബവുമാണ് ആക്രമണത്തിന് പിന്നിലെന്നും ഇതുകൊണ്ടൊന്നും ഭയപ്പെട്ട് പിന്മാറില്ലെന്നും നാളെ എന്നെയും ഇതുപോലെ കത്തിച്ചേക്കാമെന്നും സ്വാമി സന്ദീപാനന്ദ ഗിരി പറഞ്ഞിരുന്നു.