കോഴിക്കോട്: ശബരിമല വിഷയത്തില്‍ ചിദാനന്ദപുരിയെ തുറന്ന സംവാദത്തിന് വിളിച്ച് സന്ദീപാനന്ദ ഗിരി. ശ്രീനാരായണഗുരുദേവന്‍ പറഞ്ഞപോലെ അറിയാനും അറിയിക്കാനും വേണ്ടിയാണെന്നും മറിച്ച് വാദിക്കാനും കലഹിക്കാനുമല്ലെന്നും സന്ദീപാനന്ദ ഗിരി കുറിച്ചു.
ഫേസ്ബുക്കിലൂടെയായിരുന്നു സന്ദീപാനന്ദഗിരിയുടെ വെല്ലുവിളി.നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ തോല്‍പ്പിക്കാന്‍ ബി.ജെ.പി യു.ഡി.എഫുമായി പരസ്യ ധാരണയുണ്ടാക്കണമെന്ന് ചിദാനന്ദ പുരി ആവശ്യപ്പെട്ടിരുന്നു.
20 സീറ്റുകളിലും വിജയിക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യം ബി.ജെ.പി മനസിലാക്കണമെന്നും ഹിന്ദു വോട്ടുകള്‍ മാത്രം നേടിയെടുക്കുന്നതിന് പകരമായി പ്രായോഗികമായി ചിന്തിക്കണമെന്നുമായിരുന്നു ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.
പാര്‍ട്ടി ശക്തമല്ലാത്ത സ്ഥലങ്ങളില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് സി.പി.ഐ.എം നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞതാണെന്നും ഇതേ തന്ത്രം ബി.ജെ.പിയും സ്വീകരിക്കണമെന്നുമായിരുന്നു ചിദാനന്ദപുരി പറഞ്ഞത്.
തിരുവനന്തപുരവും പത്തനംതിട്ടയും പോലെയുള്ള മണ്ഡലങ്ങളില്‍ യു.ഡി.എഫ് ബി.ജെ.പിക്ക് വോട്ട് ചെയ്യണം. മറ്റു മണ്ഡലങ്ങളില്‍ ബി.ജെ.പി തിരിച്ച് യു.ഡി.എഫിനെ സഹായിക്കുന്ന രീതിയിലായിരിക്കണം ധാരണ.
തിരുവനന്തപുരത്തും പത്തനംതിട്ടയിലുമെല്ലാം കോണ്‍ഗ്രസിന്റേയും മുസ്ലീം ലീഗിന്റേയും കേരള കോണ്‍ഗ്രസിന്റേയും വോട്ടുകള്‍ ഉറപ്പിക്കാനാകണം. എല്‍.ഡി.എഫിന്റെ പരാജയം ഉറപ്പുവരുത്തുകയാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രധാനം.
പിണറായി വിജയന് കീഴില്‍ ഹിന്ദു വിശ്വാസങ്ങളും വികാരങ്ങളും അടിച്ചമര്‍ത്തപ്പെടുകയാണെന്നും ശബരിമലയില്‍ മാത്രമല്ല അഗസ്ത്യാര്‍കൂടത്തിലും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലുമെല്ലാം സമാനമായ അതിക്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.