Kerala News
മാരീചന്റെ മുഴുവന്‍ പേര് കലാഭവന്‍ മാരീചനെന്നാണ്; രാമന്റെ ശബ്ദം ഇത്ര കൃത്യമായി മാരീചന്‍ അനുകരിക്കാന്‍ പഠിച്ചത് കലാഭവനില്‍ നിന്നാകാനേ വഴിയുള്ളൂ; ത്രിപുര മുഖ്യമന്ത്രിയെ ട്രോളി സന്ദീപാനന്ദഗിരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Apr 19, 05:27 am
Thursday, 19th April 2018, 10:57 am

തിരുവനന്തപുരം: മഹാഭാരത കാലം മുതല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച വരുന്നുണ്ടെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറിന്റെ പ്രസ്താവനയെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി.

മാരീചന്റെ മുഴുവന്‍ പേര് കലാഭവന്‍ മാരീചനെന്നാണെന്നും രാമന്റെ ശബ്ദം ഇത്ര കൃത്യമായി മാരീചന്‍ അനുകരിക്കാന്‍ പഠിച്ചത് കലാഭവനില്‍ നിന്നാകാനേ വഴിയുള്ളൂവെന്നായിരുന്നു സന്ദീപാനന്ദ ഗിരിയുടെ ട്രോള്‍.

ത്രേതായുഗത്തില്‍ കലാഭവനുണ്ടായിരുന്നെന്നും അപ്പോ കലാഭവന്‍ ആരായിരിക്കും തുടങ്ങിയതെന്ന ചോദ്യവും സന്ദീപാഗനന്ദ ഗിരി പങ്കുവെക്കുന്നു.

“”മാരീചന്റെ മുഴുവന്‍ പേര് കലാഭവന്‍ മാരീചനെന്നാണ്.
ത്രേതായുഗത്തില്‍ കലാഭവനുണ്ടായിരുന്നു,രാമന്റെ ശബ്ദം ഇത്ര കൃത്യമായി മാരീചന്‍ അനുകരിക്കാന്‍ പഠിച്ചത് കലാഭവനില്‍ നിന്നാകാനേ വഴിയുള്ളൂ,
അപ്പോ കലാഭവന്‍ ആരായിരിക്കും തുടങ്ങിയത്?
നമ്മളൊക്കെ എന്തറിഞ്ഞു?
പണ്ട് കവി പാടിയതുപോലെ…….””

ബിപ്ലബ് ദേബിന്റെ പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് സന്ദീപാനന്ദഗിരി വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.


Dont Miss ഇടിച്ച ലോറി ബി.ജെ.പി നേതാവിന്റെ സഹോദരന്റേത്: ആസൂത്രിത വധശ്രമമെന്ന കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ വാദം പൊളിച്ചടുക്കി പൊലീസ്


ഇന്നലെ വൈ ഫൈയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഉണ്ടായിരുന്നു. “ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും ആളുകളുടെ നെറ്റിയില്‍ ഈ ചിഹ്നം കാണാനുണ്ട്. ത്രിപുര മുഖ്യമന്ത്രി പറഞ്ഞതുവെച്ചുനോക്കുമ്പോള്‍ അന്നേ വൈ ഫൈ ഉണ്ടായിരിക്കുമായിരിക്കും. പറഞ്ഞത് സാധാരണക്കാരനല്ലാത്തതുകൊണ്ട് നാമും ഉറച്ചുവിശ്വസിക്കുന്നു. ഇതില്‍ ഹൈസ്പീഡ് കണക്ഷന്‍ ഉള്ളത് നാരദര്‍ക്കായിരിക്കും.” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

നേരത്തെ ബിപ്ലബ് ദേബിന്റെ പ്രസ്താവനയെ പിന്തുണച്ച് ത്രിപുര ഗവര്‍ണര്‍ തതാഗതാ റോയ് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന ചര്‍ച്ചാവിഷയമാണെന്നും പുരാതനകാലം മുതല്‍ തന്നെ ഇത്തരം പഠനങ്ങള്‍ നടന്നിട്ടുണ്ടാകാമെന്നുമായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്.

ഇന്ത്യയില്‍ വളരെ കാലമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടെന്നും മഹാഭാരത യുദ്ധകാലത്ത് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് സഞ്ജയ് കാര്യങ്ങള്‍ വിവരിച്ച് കൊടുത്തത് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നെന്നുമായിരുന്നു കഴിഞ്ഞദിവസം ബിപ്ലബ് പറഞ്ഞിരുന്നത്. ഇദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കെതിരെ പരിഹാസ്യം രൂക്ഷമായിരിക്കവേയാണ് സംസ്ഥാന ഗവര്‍ണര്‍ മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്ന പരാമര്‍ശങ്ങളുമായി രംഗത്തെത്തിയത്.