| Monday, 3rd May 2021, 11:33 am

'മിത്രങ്ങളെ...പിണറായി വിജയന്‍ അര്‍ജുനന്റെ പുനര്‍ജന്മമാണ്'; സന്ദീപാനന്ദഗിരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് വിജയത്തെ പ്രശംസിച്ച് സ്വാമി സന്ദീപാനന്ദഗിരി. പിണറായി വിജയന്‍ അര്‍ജുനന്റെ പുനര്‍ജന്മമാണെന്ന് പറഞ്ഞായിരുന്നു സന്ദീപാനന്ദഗിരി രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘പൗരാണിക ഭാരതീയ സങ്കല്‍പ്പത്തില്‍ 9 ബ്രഹ്മസംഖ്യ എന്നാണ് അറിയപ്പെടുന്നത്. ഓങ്കാര പൊരുളായ അയ്യപ്പന്റെ സംഖ്യയും 9 തന്നെ. അയ്യപ്പനോടൊപ്പമുള്ള ദേവഗണങ്ങളുടെ സംഖ്യയും 9 തന്നെ. 9 നോട് 9 ചേരുമ്പോള്‍ അതായത് അയ്യപ്പനും ദേവഗണങ്ങളും ചേര്‍ന്നാല്‍ 99. 9നോട് 9 കൂട്ടിയാല്‍ 18 എന്ന മറ്റൊരു ആധ്യാത്മിക സംഖ്യ രൂപംകൊള്ളും. അയ്യപ്പന്റെ 18 പടികള്‍ അതിനെ സൂചിപ്പിക്കുന്നു,’ സന്ദീപാനന്ദഗിരി ഫേസ്ബുക്കിലെഴുതി.

സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

നിറവാര്‍ന്ന 99 ന്റെ രഹസ്യം. പൗരാണിക ഭാരതീയ സങ്കല്‍പ്പത്തില്‍ 9 ബ്രഹ്മസംഖ്യ എന്നാണ് അറിയപ്പെടുന്നത്.
ഓങ്കാര പൊരുളായ അയ്യപ്പന്റെ സംഖ്യയും 9 തന്നെ. അയ്യപ്പനോടൊപ്പമുള്ള ദേവഗണങ്ങളുടെ സംഖ്യയും 9 തന്നെ. 9 നോട് 9 ചേരുമ്പോള്‍ അതായത് അയ്യപ്പനും ദേവഗണങ്ങളും ചേര്‍ന്നാല്‍ 99. 9നോട് 9 കൂട്ടിയാല്‍ 18 എന്ന മറ്റൊരു ആധ്യാത്മിക സംഖ്യ രൂപംകൊള്ളും. അയ്യപ്പന്റെ 18 പടികള്‍ അതിനെ സൂചിപ്പിക്കുന്നു.

മഹാഭാരത യുദ്ധത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ വിജയന്റെ രഥം ഓടിച്ചത് 18 ദിവസമായിരുന്നു. 18 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ 18 അക്ഷൗഹിണി പടകളായിരുന്നു അണിനിരന്നത്. ഇതെല്ലാം വിസ്തരിച്ച് 18 പര്‍വ്വങ്ങളിലായി വ്യസന്‍ എഴുതിയ ഗ്രന്ഥമാണ് മഹാഭാരതം. ആ മഹാഭാരതത്തിന്റെ കേന്ദ്രമായ ഭഗവത്ഗീത 18 അദ്ധ്യായങ്ങളോടു കൂടിയതാണ്. കൂടാതെ വ്യസന്‍ 18 മഹാപുരാണങ്ങളും 18 ഉപ പുരാണങ്ങളും രചിച്ചു.

മിത്രങ്ങളെ ഇനി നിങ്ങളോട് ഒരു രഹസ്യം പറയാം, ഈ പിണറായി വിജയനുണ്ടല്ലോ അര്‍ജുനന്റെ പുനര്‍ജന്മമാണെന്ന് നിങ്ങളറിയണം. നിങ്ങള്‍ കേട്ടിട്ടില്ലേ ഗീതയില്‍ പറഞ്ഞ യദാ യദാഹി ധര്‍മസ്യ …. ധര്‍മത്തിന് നാശം വരുത്തുന്ന അധര്‍മികളെ ഉന്മൂലനം ചെയ്യാനായി ഞാന്‍ അവതരിക്കുമെന്ന്. കണ്ണൂരിനെ കണ്ണന്റെ ഊര് ശ്രീകൃഷ്ണന്റെ നാട് എന്നും അന്നത്തെ ധര്‍മക്ഷേത്രമാണ് ഇന്നത്തെ ധര്‍മടമെന്നും നിങ്ങള്‍ അറിയണം. ധര്‍മടത്ത് പാര്‍ഥന്‍ വിജയനായി അവതരിക്കുമെന്ന് ഭവിഷ്യപുരാണത്തിലും കൃത്യമായ സൂചനയുണ്ട്.

കലിയുഗത്തില്‍ വിജയനു തുണയായി ഭഗവാന്‍ ശ്രീകൃഷ്ണന്‍ അയ്യപ്പനായി അവതരിച്ചുവെന്നും നിങ്ങളറിയണം. ശകുനിയെപ്പോലുള്ളവര്‍ കലികാലത്ത് സമുദായ നേതാക്കളായി അവതരിച്ചുവെന്നും അറിയണം. കൂടെ അവതരിച്ച വാവരുസ്വാമി ഷാജി നിഗ്രഹണത്തിനും ജലീല്‍ സംരക്ഷണത്തിനും വേണ്ടി ആയിരുന്നുവെന്നും മനസിലാക്കണം.

മിത്രങ്ങളേ, നിങ്ങളോടു മറ്റൊരു രഹസ്യവും പറയാം നിങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കണം.
വിജയനെ കാണുമ്പോള്‍ നിങ്ങള്‍ ശരണം വിളിച്ചത് ഓര്‍മയില്ലേ… നിങ്ങളെക്കൊണ്ട് അയ്യപ്പനും വിജയനും ചെയ്യിപ്പിച്ചതാണ് അതെല്ലാം. നിങ്ങളിലടിഞ്ഞുകൂടിയ പാപം തീരുന്നതിനായിരുന്നു അതെല്ലാം.

എടപ്പാളോട്ടവും ഇതുപോലെ പാപ വിമോചനത്തിനായുള്ള കൂട്ടയോട്ടമായിരുന്നുവെന്ന് അറിയണം.
നിങ്ങളുടെ കേസുകള്‍ പിന്‍വലിച്ചത് അയ്യപ്പസ്വാമിയുടേയും വിജയന്റെയും കൃപാ കടാക്ഷമായി കരുതണം.
അക്കൌണ്ട് പൂട്ടണം എന്ന അയ്യപ്പ സ്വാമിയുടെ കര്‍ശന നിര്‍ദ്ദേശം വിജയന്‍ നടപ്പാക്കി എന്നറിയുക.

അവിടെ കൂടിയതിന്റെ ഒരംശമാണ് ഇവിടെ കൂടിയത് അങ്ങനെ നോക്കിയാല്‍ ഇവിടെ കൂടുകയല്ല കുറയുകയാണു ചെയ്തതെന്ന് നിങ്ങളിലൊരാള്‍ വെളിവില്ലാതെ പറഞ്ഞത് അയ്യപ്പന്റ മായാവിലാസങ്ങളെന്നറിയണം.

മല കയറാന്‍ പോയവന്‍ പവിത്രമായ ഇരുമുടികെട്ട് താഴെയിട്ടതിനും അയ്യപ്പന്റെ പവിത്ര പൂങ്കാവന ഭൂമിയില്‍ ഹാന്‍സ് തിരുകിയതിനുള്ള ശിക്ഷയായിരുന്നു പൂജ്യത്തിനായുള്ള തെക്ക് വടക്ക് നെട്ടോട്ടമെന്നും അറിയണം. അറിവും പൊരുളും തന്ന് കാത്തു രക്ഷിക്കുകയാണെന്ന് കരുതിയാല്‍ എല്ലാം ശുഭകരം.

സ്വാമി ശരണം

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Sandeepanandha Giri Praises Pinarayi Vijayan

We use cookies to give you the best possible experience. Learn more