ആശ്രമം കത്തിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് ബി.ജെ.പിയുടെ ബൂത്ത് ഏജന്റ്: സന്ദീപാനന്ദഗിരി
Kerala News
ആശ്രമം കത്തിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് ബി.ജെ.പിയുടെ ബൂത്ത് ഏജന്റ്: സന്ദീപാനന്ദഗിരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th April 2024, 10:45 pm

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് ബി.ജെ.പിയുടെ ബൂത്ത് ഏജന്റാണെന്ന് സന്ദീപാനന്ദഗിരി.

അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥനായിരുന്ന കണ്‍ട്രോള്‍ റൂം എ.സി.പി രാജേഷ് ബി.ജെ.പി ബൂത്ത് ഏജന്റ് ആയി പ്രവര്‍ത്തിച്ചെന്ന് സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍ കുറിച്ചു. ഫോട്ടോ അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംഭവത്തെ കുറിച്ച് കൃത്യമായ ശാസ്ത്രീയ തെളിവുകള്‍ കിട്ടിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ താനാണ് ആശ്രമം കത്തിച്ചതെന്ന നുണ പ്രചാരണത്തിന് മുന്നില്‍ നിന്നത് എ.സി.പി രാജേഷായിരുന്നുവെന്ന് സന്ദീപാനന്ദഗിരി പറഞ്ഞു.

നാലരവര്‍ഷം വേണ്ടിവന്നു ബി.ജെ.പി കൗണ്‍സിലര്‍ ഗിരി കുമാറുള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍. നേരത്തെ അറസ്റ്റ് നടന്നിരുന്നുവെങ്കില്‍ ഒരു ചെറുപ്പക്കാരന്റെ ആത്മഹത്യ ഒഴിവാക്കാമായിരുന്നുവെന്നും സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍ കുറിച്ചു.

പിന്നീട് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു സംഭവം നടക്കുന്ന ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് ആശ്രമ പരിസരത്ത് കണ്ട കണ്‍ട്രോള്‍ റൂം വാഹനവുമായി ബന്ധപ്പെട്ട ദൂരൂഹതയെന്നും സന്ദീപാനന്ദഗിരി കൂട്ടിച്ചേര്‍ത്തു.

Content Highlight: Sandeepanandagiri says that the investigating officer in the ashram burning case is today BJP’s booth agent