മുഖം തുറന്നു കാണിച്ചത് സിനിമയാണോ ബി.ബി.സിയാണോ മോദീജി? സ്വാമി സന്ദീപാനന്ദ ഗിരി
Kerala News
മുഖം തുറന്നു കാണിച്ചത് സിനിമയാണോ ബി.ബി.സിയാണോ മോദീജി? സ്വാമി സന്ദീപാനന്ദ ഗിരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th May 2023, 5:22 pm

ദി കേരള സ്‌റ്റോറി തീവ്രവാദത്തിന്റെ മുഖം തുറന്നു കാണിക്കുന്ന സിനിമയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ സജീവം. കര്‍ണാടകയിലെ ബെല്ലാരിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരള സ്‌റ്റോറിയെ പുകഴ്ത്തിയും കേരള സ്റ്റോറിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ചും സംസാരിച്ചത്.

‘മുഖം തുറന്നു കാണിച്ചത് സിനിമയാണോ ബി.ബി.സി യാണോ? മോദീജീ…’ എന്ന ഒറ്റവരി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്വാമി സന്ദീപാനന്ദ ഗിരി പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ചത്. ‘മോദിജി ഇത്രയും വലിയ സിനിമാപ്രേമി ആയിരുന്നു അല്ലേ! റിലീസ് ഡേ ഫസ്റ്റ് ഷോയ്ക്ക് തന്നെ കയറി, കള്ളന്‍’ എന്നാണ് മറ്റൊരു പോസ്റ്റ്. ഇത്തരത്തില്‍ നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ മോദിയുടെ പ്രസ്താവനയെ പരിഹസിച്ചുകൊണ്ടും വിമര്‍ശിച്ചു രംഗത്തെത്തിയിരിക്കുന്നു.

മനോഹരമായൊരു സംസ്ഥാനത്ത് എന്താണ് നടക്കുന്നത് എന്നാണ് കേരള സ്‌റ്റോറി തുറന്നുകാണിക്കുന്നത് എന്നാണ് മോദി സിനിമയെ കുറിച്ച് പറഞ്ഞത്. ‘സംസ്ഥാനത്ത് നടക്കുന്ന തീവ്രവാദത്തെയാണ് കേരള സ്റ്റോറി തുറന്ന കാട്ടുന്നത്. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ. സമൂഹത്തെ തകര്‍ക്കുന്ന തീവ്രവാദത്തിനൊപ്പമാണ് കോണ്‍ഗ്രസ് നില്‍ക്കുന്നത്. തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരുമായി പിന്‍വാതില്‍ ചര്‍ച്ച നടത്തുന്നവരാണ് കോണ്‍ഗ്രസുകാര്‍’ മോദി പറഞ്ഞു.

വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയിലാണ് ഇന്ന് കേരള സ്റ്റോറി കേരളത്തില്‍ പ്രദര്‍ശനം തുടങ്ങിയത്. സിനിമയുടെ പ്രദര്‍ശനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളിയിരുന്നു. സിനിമ പ്രദര്‍ശിപ്പിക്കുന്നതു കൊണ്ട് ഒന്നും സംഭവിക്കില്ലെന്നും മതേതര സ്വഭാവമുള്ള കേരള സമൂഹം സിനിമ സ്വീകരിച്ചുകൊള്ളുമെന്നുമായിരുന്നു ഹൈക്കോടതി പറഞ്ഞത്. ഇതൊരു ചരിത്രപരമായ സിനിമ അല്ലല്ലോയെന്നും കോടതി അഭിപ്രായപ്പെട്ടു.

CONTENT HIGHLIGHTS; Sandeepanandagiri criticizes Modi related to Kerala story