തിരുവനന്തപുരം: കോഴിക്കോട് ലോക്സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. കെ.പി പ്രകാശ് ബാബുവിനെ ജയിലിലടച്ചത് അയ്യപ്പന്റെ പേര് പറഞ്ഞിട്ടാണെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് മറുപടിയുമായി സ്വാമി സന്ദീപാനന്ദ ഗിരി.
കേരളത്തില്‍ ഏതു ദൈവത്തിന്റേയും നാമം ആര്‍ക്കും എത്ര ഉച്ചത്തിലും പറയാമെന്നും ആരും പിടിച്ച് പോലീസിലേല്‍പ്പിക്കില്ലെന്നും എന്നാല്‍ ഭക്തരുടെ തലയില്‍ നാളികേരം എറിയാന്‍ ശ്രമിച്ചാല്‍ അത് ആരായാലും പിടിച്ച് അകത്തിടുമെന്നുമായിരുന്നു സന്ദീപാനന്ദ ഗിരി പറഞ്ഞത്.
”പ്രിയ നരേന്ദ്ര ദാമോദര്‍ ദാസ് മോദീജീ…ഇവിടെ അതായത് കേരളത്തില്‍ നാരായണഗുരുദേവനും,സഹോദരനയ്യപ്പനും, അയ്യങ്കാളിയും, അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത എണ്ണമറ്റ അഗ്‌നി സമാനന്മാരായ ഗുരുക്കന്മാര്‍ ഉഴുതുമറിച്ച പുണ്യഭൂമിയാണിത്.
ഇവിടെ കേരളത്തില്‍ ഏതുദൈവത്തിന്റേയും നാമം ആര്‍ക്കും എത്ര ഉച്ചത്തിലും പറയാം ആരും പിടിച്ച് പോലീസിലേല്‍പ്പിക്കില്ല.
ഭക്തരുടെ തലയില്‍ നാളികേരം എറിയാന്‍ ശ്രമിച്ചാല്‍ അത് ആരായാലും പിടിച്ച് അകത്തിടും. അതാണ് സാറെ കേരളം.
ഇവിടെ പല ബി.ജെ.പി നേതാക്കളും പോത്തിറച്ചി കഴിച്ച് നോമ്പുതുറക്കുന്ന നാടാണിത്. ഇതിനെ യൂ.പിയോ ഗുജറാത്താക്കാനോ ശ്രമിക്കണ്ട. അതു നടക്കില്ല. ഇവിടെ വര്‍ഗീയത വീഴും വികസനം വാഴും.
ഷിബൂഡാ…”- എന്നായിരുന്നു സന്ദീപാനന്ദ ഗിരി ഫേസ്ബുക്കില്‍ കുറിച്ചത്.
കര്‍ണാടകയില്‍ നടന്ന തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു കേരളത്തില്‍ അയ്യപ്പന്റെ നാമം ഉച്ചരിക്കുന്നവരെ പിടിച്ച് ജയിലിടുകയാണെന്ന് മോദി പറഞ്ഞത്.
‘ശബരിമലയുടെ പേര് പറഞ്ഞാല്‍ കേരളത്തില്‍ ജയിലിലടക്കും. ഞാന്‍ ഇന്നലെ പോയ മണ്ഡലത്തിലെ സ്ഥാനാര്‍ഥി ജയിലില്‍ ആയിരുന്നു. ശബരിമല വിഷയം മിണ്ടിയതിനായിരുന്നു നടപടി. അദ്ദേഹം ഇന്നലെയാണ് പുറത്തിറങ്ങിയത്. വിശ്വാസികള്‍ക്ക് നേരെ ക്രൂരമായ ബലപ്രയോഗമാണ് നടക്കുന്നത്. ഇത് ബി.ജെ.പി അനുവദിക്കില്ല’- എന്നായിരുന്നു റാലിയില്‍ മോദി പറഞ്ഞു.
ഏപ്രില്‍ 13ന് കോഴിക്കോട് എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിന് മോദി എത്തിയിരുന്നു. യോഗത്തില്‍ ശബരിമലയുടെ പേരെടുത്തുപറയാതിരുന്ന മോദി കര്‍ണാടകയിലും തമിഴ്നാട്ടിലും നടന്ന യോഗങ്ങളില്‍ ശബരിമല വിഷയമാക്കുകയും കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
ശബരിമല യുവതീ പ്രവേശന വിധിക്ക് ശേഷമുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസിലാണ് കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ പ്രകാശ് ബാബു ജയിലിലായത്.
ചിത്തിര ആട്ട വിശേഷ നാളില്‍ ശബരിമലയില്‍ എത്തിയ ലളിത എന്ന സ്ത്രീയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയാണ് പ്രകാശ് ബാബു.
തുടര്‍ന്ന് മാര്‍ച്ച് 28നാണ് പ്രകാശ് ബാബു ജയിലിലാകുന്നത്.
വധശ്രമത്തിനൊപ്പം പ്രേരണാകുറ്റവും ഗൂഢാലോചന കുറ്റവും പ്രകാശ് ബാബു അടക്കം അഞ്ച് സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ പൊലീസ് ചുമത്തിയിരുന്നു.
കേസില്‍ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ 23 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമായിരുന്നു ജാമ്യത്തില്‍ പുറത്തിറക്കിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് നിലനില്‍ക്കെയാണ് പ്രകാശ് ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കി ബി.ജെ.പി പ്രഖ്യാപനം നടത്തിയത്.
ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയേയും സംഘത്തേയും തടഞ്ഞ സംഭവത്തിലും നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിനുമെല്ലാം പ്രകാശ് ബാബുവിനെതിരെ കേസുണ്ട്.