കോഴിക്കോട്: ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടന്മാരായ മമ്മൂട്ടി മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ളവര്‍ക്ക് എന്ത് പറയാന്‍ താല്‍പര്യമുണ്ടെന്നറിയാന്‍ ആഗ്രഹമുണ്ടെന്ന എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.എസ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിനെതിരെ സ്വാമി സന്ദീപാനന്ദഗിരി. അങ്ങ് എന്തിനാണ് മലയാളികളുടെ മനസിലേക്ക് ഈ വിഷം കുത്തിവെക്കുന്നതെന്ന ചോദ്യമുയര്‍ത്തിയാണ് സന്ദീപാനന്ദഗിരി മുന്നോട്ടുവന്നിരിക്കുന്നത്.
‘ഈ ആഗ്രഹം പ്രകടിപ്പിച്ചത് നരേന്ദ്രമോദി മുതല്‍ ശശികല വരെയുള്ള ആരായാലും ഒരുവിഷമവും തോന്നില്ലായിരുന്നു.
രാധാകൃഷ്ണന്‍ജീ, കേരളത്തിന്റെ അഭിമാനമായിട്ടുള്ള മഹാനടന്മാരായ മമ്മുട്ടിയും ഫഹദും മതപ്രഭാഷകരോ മതപണ്ഡിതമാരോ ആണോ?
അവരെ നാം സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്തത് മതപ്രഭാഷണത്തിലൂടെയാണോ? ഗുജറാത്ത് കലാപം, മാലേഗാവ് സ്‌ഫോടനം, ശബരിമല, ഇതുപോലുള്ള ഏതെങ്കിലും വിഷയത്തില്‍ ഇവരാരെങ്കിലും എന്തെങ്കിലും അഭിപ്രായം പറഞ്ഞ് നാം കേട്ടിട്ടുണ്ടോ? അങ്ങ് എന്തിനാണ് ഈ വിഷം മലയാളികളുടെ മനസ്സിലേക്ക് കുത്തി വെക്കുന്നത്? അപേക്ഷയാണ് അങ്ങ് ഇത് ചെയ്യരുത്.’ എന്നാണ് സന്ദീപാനന്ദഗിരി പറഞ്ഞത്.
മനുഷ്യമനസില്‍ ഗാന്ധിജിയെ ഇത്രയും മനോഹരമായി കൊത്തിവെക്കാന്‍ അങ്ങയെപ്പോലെ പ്രാപ്തിയുള്ളവര്‍ വളരെ ചുരുക്കം പേരാണ് എന്നു പറഞ്ഞുകൊണ്ടാണ് സന്ദീപാനന്ദഗിരി ഇക്കാര്യങ്ങള്‍ പറയുന്നത്.
സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രിയ കെ.എസ്. രാധാകൃഷ്ണന്‍ജി,
അങ്ങയോട് ഒരുപാട് സ്‌നേഹവും ബഹുമാനവുമുള്ള ഒരാളെന്ന നിലയില്‍ ചിലത് പറയാന്‍ ആഗ്രഹിക്കുന്നു ;
മനുഷ്യമനസ്സില്‍ ഗാന്ധിജിയെ ഇത്രയും മനോഹരമായി കൊത്തിവെക്കാന്‍ അങ്ങയെപ്പോലെ പ്രാപ്തിയുള്ളവര്‍ വളരെ ചുരുക്കം പേരാണ് ഇന്ന് കേരളത്തിലുള്ളത്.
അങ്ങ് എപ്പോഴെല്ലാം ഗാന്ധിജിയെക്കുറിച്ച് സംസാരിച്ചിട്ടുള്ളത് കേള്‍ക്കാന്‍ ഇടവന്നിട്ടുണ്ടോ അപ്പൊഴെല്ലാം എല്ലാം മറന്ന് ഗാന്ധിജിയെ അനുഭവിക്കുന്നതിന് ഇടവന്നിട്ടുണ്ട്, അതില്‍ ഒരുപാട് നന്ദിയും കടപ്പാടുമുണ്ട്.
ഇന്ന് ഏഷ്യാനെറ്റ് ന്യൂസില്‍ അങ്ങയുടെ ഒരു പരാമര്‍ശം വായിക്കാന്‍ ഇടയായതിനാലാണ് ഈ കുറിപ്പ്.
ഇസ്ലാമിക മതതീവ്രവാദം ഓരോരോ പേരുകളില്‍ ഒരേ കാര്യം ചെയ്തുകൊണ്ടിരിക്കുന്നു.
”നടന്മാരായ മമ്മുട്ടി മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ എന്ത് പറയാന്‍ താല്പര്യമുണ്ടെന്നറിയാന്‍ താല്പര്യമുണ്ടെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായി വായിച്ചു.”
ഈ ആഗ്രഹം പ്രകടിപ്പിച്ചത് നരേന്ദ്രമോദി മുതല്‍ ശശികല വരെയുള്ള ആരായാലും ഒരുവിഷമവും തോന്നില്ലായിരുന്നു.
രാധാകൃഷ്ണന്‍ജീ,
കേരളത്തിന്റെ അഭിമാനമായിട്ടുള്ള മഹാനടന്മാരായ മമ്മുട്ടിയും ഫഹദും മതപ്രഭാഷകരോ മതപണ്ഡിതമാരോ ആണോ?
അവരെ നാം സ്‌നേഹിക്കയും ആരാധിക്കുകയും ചെയ്തത് മതപ്രഭാഷണത്തിലൂടെയാണോ?
ഗുജറാത്ത് കലാപം, മാലേഗാവ് സ്‌ഫോടനം, ശബരിമല, ഇതുപോലുള്ള ഏതെങ്കിലും വിഷയത്തില്‍ ഇവരാരെങ്കിലും എന്തെങ്കിലും അഭിപ്രായം പറഞ്ഞ് നാം കേട്ടിട്ടുണ്ടോ?
അങ്ങ് എന്തിനാണ് ഈ വിഷം മലയാളികളുടെ മനസ്സിലേക്ക് കുത്തി വെക്കുന്നത്?
അപേക്ഷയാണ് അങ്ങ് ഇത് ചയ്യരുത്.
വിവേകാനന്ദസ്വാമികളുടെ ചിക്കാഗോ പ്രസംഗത്തിലെ അവസാനവരികള്‍ ഇവിടെ അന്വര്‍ത്ഥമാണെന്നു തോന്നുന്നു.
”വിഭാഗീയതയും മൂഢമായ കടുംപിടുത്തവും അതിന്റെ ഭീകരസന്തതിയായ മതഭ്രാന്തുംകൂടി ഈ സുന്ദരഭൂമിയെ കയ്യടക്കിയിരിക്കയാണ്. അവ ഈ ഭൂമിയെ അക്രമംകൊണ്ടു നിറച്ചിരിക്കുന്നു.മനുഷ്യരക്തത്തില്‍ പലവുരു കുതിര്‍ത്തിരിക്കുന്നു.സംസ്‌കാരത്തെ സംഹരിച്ചിരിക്കുന്നു.ജനതയെ നൈരാശ്യത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു.
ഈ കൊടും പിശാചുക്കളില്ലായിരുന്നുവെങ്കില്‍ മനുഷ്യസമുദായം ഇതിലും വളരെയേറെ പുരോഗമിക്കുമായിരുന്നു.”
(സ്വാമി വിവേകാനന്ദന്‍ )
ശ്രീലങ്കന്‍ ഭീകരാക്രമണത്തില്‍ പ്രതികരിക്കാന്‍ പോലും നമ്മുടെ സമൂഹം തയ്യാറാകാത്തത് എന്നില്‍ അമ്പരപ്പുളവാക്കുന്നുവെന്നു പറഞ്ഞായിരുന്നു കെ.എസ് രാധാകൃഷ്ണന്‍ മമ്മൂട്ടിയേയും ഫഹദ് ഫാസിലിനേയും വിമര്‍ശിച്ചത്. ‘മാപ്പര്‍ഹിക്കാത്ത ഈ കൊടും ക്രൂരതയോട് പ്രതികരിക്കുവാന്‍ പോലും നമ്മുടെ സമൂഹം തയ്യാറാകാത്തത് എന്നില്‍ അമ്പരപ്പുളവാക്കുന്നു. ഇടത്, വലത് ഭേദമില്ലാതെ മൊത്തം ജനങ്ങളും എഴുത്തുകാരും കലാ-സാംസ്‌കാരിക പ്രവര്‍ത്തകരും ഇതിനെ അപലപിക്കുവാന്‍ തയ്യാറാകണം. നടന്മാരായ മമ്മൂട്ടി മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ എന്ത് പറയാന്‍ താല്‍പര്യമുണ്ടെന്നറിയാന്‍ താല്‍പര്യമുണ്ട്.’ എന്നായിരുന്നു രാധാകൃഷ്ണന്റെ കുറിപ്പ്.