ത്രിപുര മുഖ്യമന്ത്രി പറഞ്ഞതുവെച്ചുനോക്കുമ്പോള്‍ നെറ്റിയിലെ ചിഹ്നം വൈ ഫൈയുടേതാകാം; ഹൈസ്പീഡ് കണക്ഷന്‍ ഉള്ളത് നാരദര്‍ക്കായിരിക്കും: സ്വാമി സന്ദീപാനന്ദഗിരി
Kerala News
ത്രിപുര മുഖ്യമന്ത്രി പറഞ്ഞതുവെച്ചുനോക്കുമ്പോള്‍ നെറ്റിയിലെ ചിഹ്നം വൈ ഫൈയുടേതാകാം; ഹൈസ്പീഡ് കണക്ഷന്‍ ഉള്ളത് നാരദര്‍ക്കായിരിക്കും: സ്വാമി സന്ദീപാനന്ദഗിരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th April 2018, 10:27 pm

കോഴിക്കോട്: മഹാഭാരത കാലം മുതല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച വരുന്നുണ്ടെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറിന്റെ പ്രസ്താവനയെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി. ബിപ്ലബ് ദേബിന്റെ പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് സന്ദീപാനന്ദഗിരി വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

വൈ ഫൈയുടെ ചിത്രം പങ്കുവെച്ച കൊണ്ടാണ് സന്ദീപാനന്ദഗിരിയുടെ പോസ്റ്റ്. “ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും ആളുകളുടെ നെറ്റിയില്‍ ഈ ചിഹ്നം കാണാനുണ്ട്. ത്രിപുര മുഖ്യമന്ത്രി പറഞ്ഞതുവെച്ചുനോക്കുമ്പോള്‍ അന്നേ വൈ ഫൈ ഉണ്ടായിരിക്കുമായിരിക്കും. പറഞ്ഞത് സാധാരണക്കാരനല്ലാത്തതുകൊണ്ട് നാമും ഉറച്ചുവിശ്വസിക്കുന്നു. ഇതില്‍ ഹൈസ്പീഡ് കണക്ഷന്‍ ഉള്ളത് നാരദര്‍ക്കായിരിക്കും.” അദ്ദേഹം പറഞ്ഞു.

നേരത്തെ ബിപ്ലബ് ദേബിന്റെ പ്രസ്താവനയെ പിന്തുണച്ച് ത്രിപുര ഗവര്‍ണര്‍ തതാഗതാ റോയ് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന ചര്‍ച്ചാവിഷയമാണെന്നും പുരാതനകാലം മുതല്‍ തന്നെ ഇത്തരം പഠനങ്ങള്‍ നടന്നിട്ടുണ്ടാകാമെന്നുമായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്.

ഇന്ത്യയില്‍ വളരെ കാലമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടെന്നും മഹാഭാരത യുദ്ധകാലത്ത് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് സഞ്ജയ് കാര്യങ്ങള്‍ വിവരിച്ച് കൊടുത്തത് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നെന്നുമായിരുന്നു കഴിഞ്ഞദിവസം ബിബ്ലഹ് ദേബ് പറഞ്ഞിരുന്നത്. ഇദ്ദേഹത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ പരിഹാസ്യം രൂക്ഷമായിരിക്കവേയാണ് സംസ്ഥാന ഗവര്‍ണര്‍ മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്ന പരാമര്‍ശങ്ങളുമായി രംഗത്തെത്തിയത്.

“ത്രിപുര മുഖ്യമന്ത്രി പുരാതന കാലത്തെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങള്‍ ചര്‍ച്ചാവിഷയമാക്കേണ്ടതാണ്. യാതൊരു പഠനങ്ങളോ പ്രോട്ടോടെയ്‌പ്പോ ഇല്ലാതെ “ദിവ്യ ദൃഷ്ടി”, “പുഷ്പക രഥാ” തുടങ്ങിയവ ആ കാലത്ത് ഉണ്ടായിരുന്നെന്ന് പറയുന്നത് വാസ്തവ വിരുദ്ധവും അസാധ്യവുമായ കാര്യങ്ങളാണ്” തതാഗതാ റോയ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞദിവസം പൊതുവിതരണവുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കവേയാണ് മഹാഭാരത കാലഘട്ടം മുതല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉണ്ടായിരുന്നെന്ന് ത്രിപുര മുഖ്യമന്ത്രി പറഞ്ഞത്. ഇന്നു ഇതിനെ ന്യായീകരിച്ചെത്തിയ ബിപ്ലബ് ദേബ് “സങ്കുചിത മനസുളളവരാണ്” തന്നെ കളിയാക്കുന്നവര്‍ എന്നും പഞ്ഞിരുന്നു.