തിരുവനന്തപുരം: ഹലാല്‍ ഭക്ഷണ വിവാദത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് പിന്‍വലിച്ച് ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍. താന്‍ പങ്കുവെച്ചത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും, എന്നാല്‍ അതിന്റെ ഉദ്ദേശശുദ്ധി മനസിലാക്കാതെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും അദ്ദേഹം പറയുന്നു.
‘കോഴിക്കോട്ടെ പ്രമുഖ റെസ്റ്റോറന്റായ പാരഗണിനെതിരെ മത മൗലികവാദികള്‍ നടത്തുന്ന സംഘടിത സാമൂഹിക മാധ്യമ അക്രമണം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇന്നലെ വ്യക്തിപരമായ ഒരു പ്രതികരണം പങ്കു വെച്ചിരുന്നു. ആയിരത്തറനൂറ് തൊഴിലാളികളുള്ള ആ ഹോട്ടല്‍ ശൃംഖല കെട്ടിപ്പടുക്കാന്‍ അതിന്റെ ഉടമസ്ഥന്‍ ശ്രീ. സുമേഷ് ഗോവിന്ദ് എത്ര കഷ്ടപ്പെട്ടിരിക്കും എന്ന ചിന്തയില്‍ നിന്നാണ് ആ പോസ്റ്റ് ഇട്ടത്.
എന്നാല്‍ എന്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കാതെ മാധ്യമങ്ങള്‍ അത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന് വരുത്തിത്തീര്‍ക്കുകയും പ്രവര്‍ത്തകര്‍ തെറ്റിദ്ധരിക്കാനിടയാവുകയും ചെയ്തിട്ടുണ്ട്.
പാര്‍ട്ടി നിലപാട് സംസ്ഥാന അധ്യക്ഷന്‍ ശ്രീ. കെ. സുരേന്ദ്രന്‍ പ്രഖ്യാപിച്ച സ്ഥിതിക്ക് അച്ചടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകനായ ഞാന്‍ വ്യക്തിപരമായി ഇട്ട പോസ്റ്റ് പിന്‍വലിച്ചിരിക്കുന്നു,’ എന്നാണ് സന്ദീപ് വാര്യയുടെ പുതിയ പോസ്റ്റില്‍ എഴുതിയിരിക്കുന്നത്.
സന്ദീപ് വാര്യരുടെ അഭിപ്രായപ്രകടനത്തിന് പിന്നാലെ വ്യാപകമായ പ്രതിഷേധമായിരുന്നു സംഘപരിവാര്‍ ക്യാംപുകളില്‍ നിന്നടക്കം നേരിടേണ്ടി വന്നത്. സംഘപരിവാര്‍ വക്താവായ ടി.ജി. മോഹന്‍ദാസും രംഗത്തെത്തിയിരുന്നു. ഭക്ഷണത്തില്‍ തുപ്പിയതിനെ ന്യായീകരിക്കുന്നത്
ഭക്ഷണത്തില്‍ തുപ്പുന്നതിനേക്കാള്‍ മോശം പ്രവൃത്തിയാണെന്നായിരുന്നു മോഹന്‍ദാസ് പറഞ്ഞിരുന്നത്.
ഇതിന് പിന്നാലെ. സന്ദീപ് വാര്യരുടെ വീട്ടില്‍ അജ്ഞാതന്‍ അതിക്രമിച്ചു കയറിയിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് സന്ദീപിന്റെ കുടുംബം നാട്ടകല്‍ പൊലീസില്‍ പരാതി നല്‍കി.
ഹലാല്‍ ഭക്ഷണ വിവാദത്തില്‍ ബി.ജെ.പിയും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും വിദ്വേഷ പ്രചാരണം നടത്തവേ വ്യത്യസ്ത നിലപാടുമായി കഴിഞ്ഞ ദിവസം സന്ദീപ് വാര്യര്‍ രംഗത്ത് വന്നിരുന്നത്.
ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസല്‍മാനും പരസ്പരം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഈ നാട്ടില്‍ ജീവിക്കാനാകില്ല എന്ന് മനസിലാക്കിയാല്‍ നല്ലത്. ഒരു സ്ഥാപനം തകര്‍ക്കാന്‍ ഒരു പോസ്റ്റ് മതി, പക്ഷേ അത് വഴി പട്ടിണിയിലാകുക എല്ലാ വിഭാഗങ്ങളിലെയും മനുഷ്യരാണ്. വികാരമല്ല വിവേകമാണ് മുന്നോട്ട് നയിക്കേണ്ടതെന്ന് എന്നായിരുന്നു സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
എന്നാല്‍ ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണെന്നും പാര്‍ട്ടി നിലപാടുമായി ബന്ധമില്ലെന്നുമായിരുന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി. സുധീര്‍ അറിയിച്ചിരുന്നത്.
പാര്‍ട്ടി വക്താക്കള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തരുത് എന്ന് തിരുവനന്തപുരത്ത് ഈ മാസം രണ്ടാം തീയതി ചേര്‍ന്ന ഭാരവാഹി യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം നിലനില്‍ക്കെയാണ് സന്ദീപ് സ്വന്തം നിലപാട് ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയത്