പരിക്കിന് പിന്നാലെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ ജസ്പ്രീത് ബുംറക്ക് പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്. മലയാളിയും മുന്‍ കേരള താരവുമായ സന്ദീപ് വാര്യരാണ് ബുംറയുടെ പകരക്കാരനായി മുംബൈ പ്രഖ്യാപിച്ചിരിക്കുന്നത്.
നീലയില്‍ ആറാടുകയാണ് ചെക്കന്‍ എന്ന മലയാളത്തിലുള്ള ക്യാപ്ഷനോടെയാണ് മുംബൈ സന്ദീപ് വാര്യരെ ടീമിലെത്തിച്ച വിവരം തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി പുറത്തുവിട്ടത്.
31 വയസുകാരനായ സന്ദീപ് വാര്യര്‍ ഇന്ത്യക്കായി ഒരു ടി-20യില്‍ പന്തെറിഞ്ഞിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് സന്ദീപ് വാര്യര്‍ നടത്തിയത്. 2018-19 വിജയ് ഹസാരെ ട്രോഫിയിലും 2019 രഞ്ജി ട്രോഫിയിലും വിക്കറ്റുകളും താരം വാരിക്കൂട്ടിയിട്ടുണ്ട്.
69 ടി-20 ഉള്‍പ്പെടെ 200+ മത്സരങ്ങള്‍ കളിച്ച സന്ദീപ് ഇതുവരെ 362 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
മുന്‍ സീസണുകളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമുകള്‍ക്കായി താരം കളിച്ചിട്ടുണ്ട്.
അതേസമയം, പരിക്കില്‍ നിന്നും പൂര്‍ണമായും മുക്തനാകാത്ത ബുംറക്ക് ഈ സീസണ്‍ നഷ്ടമായേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25നാണ് ബുംറ അവസാനമായി ഇന്ത്യക്കായി പന്തെറിഞ്ഞത്. പരിക്കിന് പിന്നാലെ താരം ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിച്ചെങ്കിലും എന്‍.സി.എ അദ്ദേഹത്തെ കളിക്കാന്‍ അനുവദിച്ചിരുന്നില്ല.
പരിക്കിന്റെ പിടിയിലകപ്പെട്ടതിന് പിന്നാലെ ഏഷ്യാ കപ്പും ടി-20 ലോകകപ്പും ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയും അടക്കമുള്ള പരമ്പരകളും ടൂര്‍ണമെന്റുകളും താരത്തിന് നഷ്ടമായിരുന്നു.
ബുംറയുടെ ആരോഗ്യസ്ഥിതി ഇന്ത്യന്‍ ടീമിന്റെ മാത്രമല്ല മുന്‍താരങ്ങളുടെ പോലും ആശങ്കയായി മാറി. ബുംറ ആരോഗ്യം വീണ്ടെടുക്കാനായി ഈ സീസണിലെ ഐ.പി.എല്ലില്‍ കളിക്കരുതെന്ന് മുംബൈ ഇന്ത്യന്‍സിനോട് ബി.സി.സി.ഐ ആവശ്യപ്പെടണമെന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പറഞ്ഞത്.
‘അവന്‍ ഇന്ത്യന്‍ താരമാണ്. അതിന് ശേഷമേ ഏതെങ്കിലും ഫ്രാഞ്ചൈസി ടീമുകളുടെ ഭാഗമാകുന്നുള്ളൂ. അതുകൊണ്ടുതന്നെ ബുംറക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നു എന്ന് കരുതുകയാണെങ്കില്‍ ബി.സി.സി.ഐ ആ ഫ്രാഞ്ചൈസിയോട് ഞങ്ങളവനെ റിലീസ് ചെയ്യാന്‍ പോകുന്നില്ലെന്ന് പറയണം. ജോഫ്രാ ആര്‍ച്ചറുമൊത്ത് ഏഴ് മത്സരം കളിച്ചില്ല എങ്കില്‍ ലോകം അവസാനിക്കാനൊന്നും പോകുന്നില്ല,’ എന്നായിരുന്നു ചോപ്ര പറഞ്ഞത്.
നേരത്തെ, ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ മൂന്ന്, നാല് ടെസ്റ്റുകളിലും ഏകദിന പരമ്പരയിലും ബുംറ ടീമിനൊപ്പമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആരാധകരുടെ കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റിക്കുന്നതായിരുന്നു ബുംറയുടെ ആരോഗ്യസ്ഥിതി. ബുംറയെ കൂടാതെയായിരുന്നു ഇന്ത്യ ശേഷിക്കുന്ന ടെസ്റ്റിനും ഏകദിന പരമ്പരക്കുമുള്ള സ്‌ക്വാഡ് അനൗണ്‍സ് ചെയ്തത്.
Content Highlight: Sandeep Warrier to replace Jaspri Bumrah in IPL 2023