| Tuesday, 2nd February 2021, 2:57 pm

അലി അക്ബറിനെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ആഷിക്ക് അബുവിന്റെ സിനിമ തിയേറ്റര്‍ കാണില്ല; ഭീഷണിയുമായി സന്ദീപ് വാര്യര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മലബാര്‍ കലാപവുമായി ബന്ധപ്പെട്ട സംവിധായകന്‍ അലി അക്ബറിന്റെ സിനിമയുടെ പ്രദര്‍ശനം വിലക്കിയാല്‍ ആഷിക്ക് അബുവിന്റെ സിനിമയും തീയേറ്റര്‍ കാണില്ലെന്ന ഭീഷണിയുമായി ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍. അലി അക്ബറിന്റെ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ആഷിക്ക് അബുവും സംഘവും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്കരിച്ച് കൊണ്ട് സിനിമ എടുക്കുമെന്ന് പ്രഖ്യാപനം നടത്തി. ഇതിനെ വെല്ലുവിളിച്ച് അലി അക്ബര്‍ സിനിമ പ്രഖ്യാപിച്ചത് യഥാര്‍ത്ഥ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണത്തിന് കേരളത്തിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് പ്രേരണയാകുമെന്നാണ് സന്ദീപ് വാര്യര്‍ പറഞ്ഞതെന്ന് ജനം ടി. വി റിപ്പോര്‍ട്ട് ചെയ്യുന്നു.

”മലബാര്‍ ഹിന്ദു വംശഹത്യ ഹിന്ദുവിന്റെ പരാജയത്തിന്റെ ചരിത്രമല്ല, മറിച്ച് ഹൈന്ദവ ജനതയുടെ പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും ചരിത്രമാണ്” എന്നാണ് സന്ദീപ് വാര്യര്‍ പരിപാടിയില്‍ പറഞ്ഞത്.

സിനിമയെ ഉപയോഗിച്ച് അസത്യ പ്രചാരണങ്ങള്‍ നടക്കുമ്പോള്‍ അതേ മാധ്യമം ഉപയോഗിച്ച് തന്നെ പ്രതിരോധം ഉണ്ടാകുമെന്നാണ് പൂജ ഉദ്ഘാടനം ചെയ്ത് സ്വാമി ചിദാനന്ദപുരി പറഞ്ഞത്. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു പരിപാടി.

ഇടത് അനുകൂല കലാകാരന്മാര്‍ ചരിത്രം വളച്ചൊടിച്ച് അവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് അനുസൃതമായി സിനിമ എടുക്കുമ്പോള്‍ ചരിത്രത്തെ വളച്ചൊടിക്കാതെ സിനിമ എടുക്കാനാണ് താന്‍ ചിത്രമെടുക്കുന്നതെന്നാണ് സിനിമ പ്രഖ്യാപിച്ച് കൊണ്ട് അലി അക്ബര്‍ പറഞ്ഞിരുന്നത്.

അതേസമയം അലി അക്ബറിന്റെ സിനിമയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു.

യഥാര്‍ത്ഥ ചരിത്രം വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതാണ് സംഘപരിവാറിന്റെ നീക്കമെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.

ചിത്രത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ ആഷിക്ക് അബുവിനെതിരെ വലിയ രീതിയില്‍ സംഘപരിവാര്‍ സൈബര്‍ ആക്രമണവും നടന്നിരുന്നു. മലബാര്‍ കലാപം ഹിന്ദു വംശഹത്യയെന്നാണ് ഹിന്ദുത്വ വാദികളുടെയും ബി.ജെ.പിയെയും ആരോപിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sandeep Warrier threat over Ali Akbar movie 1921 about Malabar riot

We use cookies to give you the best possible experience. Learn more