തിരുവനന്തപുരം: ബ്രിട്ടീഷുകാരില്‍ നിന്ന് കൈക്കൂലി വാങ്ങിയാണ് സി.പി.ഐ.എം ദേശാഭിമാനി തുടങ്ങിയതെന്ന പരാമര്‍ശത്തില്‍ ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ക്ക് തക്കതായ മറുപടി നല്‍കി യു.ഡി. എഫ് കണ്‍വീനര്‍ എം.എം. ഹസന്‍. മാതൃഭൂമിയുടെ അന്താരാഷ്ട്ര അക്ഷരോത്സവമായ ‘ക’ യിലെ ‘ബഹുസ്വര ഇന്ത്യ’ എന്ന സെഷനിലാണ് സന്ദീപ് വാര്യരുടെ പരാമര്‍ശം.
ദേശാഭിമാനി ആരംഭിച്ച വര്‍ഷം സന്ദീപ് വാര്യര്‍ക്ക് അറിയില്ലെങ്കില്‍ അത് അന്വേഷിക്കണമെന്നും ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതിന് ശേഷമാണ് ദേശാഭിമാനി തുടങ്ങിയതെന്നും എം.എം. ഹസന്‍ പറഞ്ഞു. സി.പി.ഐ വിഭജിച്ച് സി.പി.ഐ.എം രൂപീകരിച്ചതിന് ശേഷമാണ് ദേശാഭിമാനി തുടക്കം കുറിച്ചതെന്നും സന്ദീപ് വാര്യര്‍ക്ക് എം.എം. ഹസന്‍ മറുപടി നല്‍കി.
ഇരുവര്‍ക്കും പുറമെ എല്‍.ഡി.എഫ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സെഷനില്‍ പങ്കെടുത്തിരുന്നു. സന്ദീപ് വാര്യരുടെ പരാമര്‍ശത്തില്‍ എം.വി. ഗോവിന്ദന്‍ പ്രകോപിതനാവുകയും ഇരുവരും തമ്മില്‍ വാക്പ്പോര് ഉണ്ടാവുകയും ചെയ്തിരുന്നു. ദേശാഭിമാനി ബ്രിട്ടീഷുകാരുടെ പണം കൊണ്ടാണ് ആരംഭിച്ചതെന്ന് പരസ്യമായി സന്ദീപ് വാര്യര്‍ പറഞ്ഞിട്ടുണ്ടെന്നും ആ വാക്കുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ അതിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദന്‍ താകീത് നല്‍കി.
ഒരു പൊതുവേദിയില്‍ വന്നിരുന്ന് തോന്നിവാസം പറയരുതെന്ന് സന്ദീപ് വാര്യര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ എം.വി. ഗോവിന്ദന് താന്‍ പറഞ്ഞ പരാമര്‍ശത്തില്‍ നിന്ന് ഒരു വാക്ക് പോലും പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ബി.ജെ.പി വക്താവ് പ്രതികരിച്ചു.
സന്ദീപ് വാര്യര്‍ പറഞ്ഞത് ശുദ്ധ അസംബന്ധമാണെന്നും കളവാണെന്നും ഈ നാട്ടില്‍ എത്തിയ ബ്രിട്ടീഷുകാരോട് പൊരുതിയ കമ്മ്യൂണിസ്റ്റുകാരെ അവഹേളിക്കുന്ന നിലപാടില്‍ നിന്ന് ബി.ജെ.പി നേതാവ് പിന്നോട്ട് പോവണമെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.
ഇതിനുപിന്നാലെയാണ് എം.എം. ഹസന്‍ സന്ദീപ് വാര്യര്‍ക്ക് ദേശാഭിമാനി വിഷയത്തില്‍ മറുപടി നല്‍കുന്നത്. ഗോവിന്ദന്‍ മാഷിനെ താന്‍ പിന്തുണക്കുകയല്ലെന്നും എന്നാല്‍, ആദ്യകാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമെന്നത് ജനയുഗം ആയിരുന്നുവെന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപീകൃതമായതിന് ശേഷമാണ് ദേശാഭിമാനി ആരംഭിച്ചതെന്നും എം.എം. ഹസന്‍ ചൂണ്ടിക്കാട്ടി.
പല വിഷയങ്ങളിലും എല്‍.ഡി.എഫും യു.ഡി.എഫും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാം പക്ഷെ ഈ വിഷയത്തില്‍ സത്യാവസ്ഥ എന്താണ് എന്നുള്ളത് ബോധിപ്പിക്കേണ്ടതുണ്ട് എന്ന് പറഞ്ഞുകൊണ്ടായിരുന്നു എം.എം. ഹസന്റെ മറുപടി.
Content Highlight: Sandeep Warrier says that Desabhimani started with the help of the British